കൊടുങ്ങല്ലൂർ: പുഴയിലിറങ്ങി പിറകെ പോയിട്ടും കളിക്കൂട്ടുക്കാരെ രക്ഷിക്കാൻ കഴിയാത്തതിലുള്ള മനോവ്യഥയിലും ഞെട്ടലിലുമാണ് ശ്രീശാന്തും അഭയ് കൃഷ്ണയും. കൺമുന്നിൽ അപ്പുവും കുട്ടനും ഒഴുക്കിൽ നീങ്ങിപ്പോകുന്ന രംഗം തേങ്ങലോടെയാണ് ഇരുവരും വിവരിച്ചത്.
എസ്.എൻ. പുരം പുവ്വത്തുംകടവിൽ കനാലി കനാൽ തീരത്തെ പാലത്തിന് താഴെ കളിക്കാൻ പത്തോളം പേരാണ് ഒത്തുകൂടിയത്. കുറച്ചുപേർ മൊബൈൽ ഫോൺ നോക്കിയിരുന്നു. ആറുപേരാണ് ഫുട്ബാൾ കളിച്ചത്. ഇതിനിടെയാണ് പന്ത് പുഴയിൽ വീണത്.
പന്തെടുക്കാൻ ഇറങ്ങിയ അപ്പുവും പിറകെ പോയ കുട്ടനും വേലിയിറക്കമായതിനാൽ പുഴയിലൂടെ നടന്നാണ് നീങ്ങിയത്. പൊടുന്നനെയാണ് ചുഴിയോട് ചേർന്ന ഒഴുക്കിൽപെട്ടത്. അപകടം മണത്ത ശ്രീശാന്തും അഭയ് കൃഷ്ണയും പിറകെ പോയെങ്കിലും അധികം മുന്നോട്ട് പോകാനായില്ല. മറ്റു കുട്ടുകാരും നിസ്സഹായരായി നിന്നു. മരിച്ചവരുടെ ഉറ്റവരുടെ അലമുറക്കിടെ കൂട്ടുകാർ എല്ലാവരും ദുഃഖം കനിയുന്ന മനസ്സുമായി തിരച്ചിൽ നടക്കുന്ന പുഴയോരത്തുണ്ടായിരുന്നു.
തിരച്ചിലിനിടെ കണ്ടെടുത്ത കൂട്ടുക്കാരുടെ ശരീരവുമായി അതിവേഗത്തിൽ ആംബുലൻസുകൾ ആശുപത്രിയിലേക്ക് പായുമ്പോഴും നാട്ടുകാരോടൊപ്പം കൂട്ടുകാരും പ്രാർഥനയിലായിരുന്നു. എന്നാൽ, പ്രദേശത്തെ കണ്ണീർപ്പുഴയാക്കി അധികം കഴിയും മുമ്പേ കുട്ടന്റെ വിയോഗ വാർത്തയെത്തി. പിറകെ അപ്പുവിന്റെയും. ഒഴുക്കിൽപെട്ടതിന്റെ തൊട്ടടുത്ത് നിന്നാണ് ഇരുവരെയും തപ്പിയെടുത്തത്.
ചുഴിയിൽപെട്ട് കിടന്ന അപ്പുവിനെ അഗ്നിരക്ഷ സേനയുടെ സ്കൂബ ടീമും, കുട്ടനെ നാട്ടുകാരുമാണ് കണ്ടെടുത്തത്. കുട്ടൻ കരയോടടുത്താണ് കിടന്നിരുന്നത്. രണ്ടുപേരുടെയും വീടുകൾ ദേശീയപാതക്ക് വേണ്ടി അക്വയർ ചെയ്തിട്ടിരിക്കുകയാണ്. ഇതേ തുടർന്ന് താമസം മാറിയ അപ്പു ഒഴിവുവേളയിൽ കൂട്ടുകാരെ തേടി ഇവിടെ എത്തുക പതിവായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.