കൊടുങ്ങല്ലൂർ: കിടപ്പുരോഗികൾക്ക് ഓണക്കിറ്റ് സമ്മാനിക്കാൻ തനത് ഉൽപന്ന വിപണനവുമായി വിദ്യാർഥികൾ. സ്വന്തമായി നിർമിച്ച ഉൽപന്നങ്ങൾ വിറ്റ് ധന സമാഹരണം നടത്തി മാതൃകയാവുകയാണ് ശ്രീനാരായണപുരം എം.ഇ.എസ്.എച്ച്.എസ്.എസിലെ വിദ്യാർഥികൾ.
പി. വെമ്പല്ലൂർ സാമൂഹികാരോഗ്യ കേന്ദ്രവുമായി സഹകരിച്ചാണ് സഹജീവി കാരുണ്യത്തിന്റെ കരുതലായ സംരംഭവുമായി വിദ്യാർഥികൾ രംഗത്തുള്ളത്. വിദ്യാലയത്തിലെ എൻ.എസ്.എസ് വളന്റിയർമാർ പ്രോഗ്രാം ഓഫിസർ ലിഷയുടെ നേതൃത്വത്തിൽ ഡിഷ് വാഷ്, ഫിനോൾ, ഫ്ലോർ ക്ലീനർ, ഹാൻഡ് വാഷ് എന്നിവ നിർമിച്ചാണ് വിപണനം നടത്തുന്നത്. തൊട്ടടുത്ത കോളജ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ‘ഗാല 2023’ പരിപാടിയിലൂടെ വിപണനം നടത്തി.
വിദ്യാലയത്തിലെ ഇ.ഡി ക്ലബ് നിർമിച്ച നോട്ട് ബുക്കുകളുടെ വിപണനവും നടന്നു. പ്ലസ് വൺ പരീക്ഷയിൽ ഉയർന്ന വിജയം കൈവരിച്ച വിദ്യാർഥികളെ അനുമോദിച്ചു. പുതുതായി പ്രവേശനം ലഭിച്ച വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ബോധവത്കരണ ക്ലാസ് നടത്തി. വിദ്യാലയത്തിന്റെ മൂന്നു വർഷത്തേക്കുള്ള പ്രവർത്തന മാർഗരേഖ വിഷൻ 2025 സ്കൂൾ കമ്മിറ്റി സെക്രട്ടറി ഇബ്രാഹിം പ്രകാശനം ചെയ്തു. ചെയർമാൻ മുഹിയുദ്ദീൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ വി.കെ. റഫീഖ് സ്വാഗതം പറഞ്ഞു. പി.ടി.എ പ്രസിഡന്റ് നാസർ, എച്ച്.എം. അനീസ, സുൽഫി തുടങ്ങിയവർ പങ്കെടുത്തു. വിദ്യാർഥികൾ കലാപരിപാടികൾ അവതരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.