കൊടുങ്ങല്ലൂർ: പത്രിക പിൻവലിക്കുന്ന ദിവസത്തിനകം വിമതരെ മെരുക്കാൻ അടവുകൾ പലവിധം. ചർച്ചകൾ, അനുനയ സമീപനം, നടപടി ഭീഷണി ഇങ്ങനെപോകുന്ന പരിഹാര രീതികൾ. എന്നാൽ, ചില പാർട്ടികളിൽ ഒരു നീക്കവും കാണുന്നില്ല. തീരമേഖലയിൽ വിമതശല്യം കൂടുതൽ എടവിലങ്ങിലാണ്. യു.ഡി.എഫിൽ മൂന്നും എൻ.ഡി.എയിൽ രണ്ടും വിമതരുണ്ട്. സി.പി.ഐയിലും ചെറിയതോതിൽ പ്രശ്നമുണ്ട്. യു.ഡി.എഫിലെ കോൺഗ്രസ് സ്ഥാനാർഥി എം.ജി. അനിൽകുമാർ മത്സരിക്കുന്ന 11ാം വാർഡിൽ ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി ബെന്നി കാവലാംകുഴിയാണ് പത്രിക നൽകിയിയത്. 12ൽ കോൺഗ്രസ് സ്ഥാനാർഥി പ്രസന്ന ശിവദാസൻ മത്സര രംഗത്തിറങ്ങിയതിന് പിറകെ കോൺഗ്രസ് വാർഡ് പ്രസിഡൻറ് രാഞ്ജിത്തും പത്രിക നൽകി.
13ൽ കോൺഗ്രസ് സ്ഥാനാർഥി ഇ.കെ. സജീവനാണ്. എന്നാൽ, ഇൗ വാർഡിൽ നേരത്തേ കണ്ണുവെച്ചിരുന്ന മുൻ പഞ്ചായത്ത് പ്രസിഡൻറ് ടി.എം. ഷാഫിയുടെ ഭാര്യ സബിത സ്വതന്ത്രയായി പത്രിക നൽകിയിട്ടുണ്ട്. മൂന്ന് വാർഡിലെയും വിമത പത്രികൾ കോൺഗ്രസിലെ ചേരിതിരിവിെൻറ ഭാഗമാണെന്ന സംശയവും ഉടലെടുത്തിട്ടുണ്ട്.
13-ാം വാർഡിലാണ് ബി.ജെ.പി ഏറ്റവും വലിയ വിമത ഭീഷണി നേരിടുന്നത്. സീറ്റ് നിർണയത്തിൽ അവഗണിക്കപ്പെട്ട ബി.ജെ.പി കയ്പമംഗലം നിയോജക മണ്ഡലം മുൻ പ്രസിഡൻറ് പോണത്ത് ബാബു ഇവിടെ സ്വതന്ത്രനായി പത്രിക നൽകുകയുണ്ടായി. പത്താം വാർഡിൽ എൻ.ഡി.എയിലെ ബി.ഡി.ജെ.എസിന് നീക്കിവെച്ച സീറ്റിൽ ഒരു ബി.ജെ.പിക്കാരനും സ്വതന്ത്രനായി രംഗപ്രേവശം ചെയ്തിട്ടുണ്ട്.
ഇതേ വാർഡിൽ സി.പി.ഐ സ്ഥാനാർഥിക്കെതിരെ നേരത്തേ സി.പി.ഐയിൽ സജീവമായിരുന്നയാൾ സ്വതന്ത്രനായി പത്രിക നൽകിയിട്ടുണ്ട്. എറിയാട് പഞ്ചായത്തിലെ മൂന്നാം വാർഡിൽ യൂ.ഡി.എഫിലെ കോൺഗ്രസും മുസ്ലിം ലീഗും പത്രിക നൽകിയിട്ടുണ്ട്. ഇതേ വാർഡിൽ സി.പി.ഐ സ്ഥാനാർഥിക്കെതിരെ മണ്ഡലം കമ്മിറ്റി അംഗമായ നിലവിലുണ്ടായിരുന്ന മെംബറും പത്രിക നൽകിയിട്ടുണ്ട്.
എസ്.എൻ.പുരം പഞ്ചായത്ത് 14-ാം വാർഡിൽ കോൺഗ്രസ് ഔദ്യോഗിക സ്ഥാനാർഥിയോടൊപ്പം ജനശ്രീ മണ്ഡലം സെക്രട്ടറിയും പത്രിക നൽകി. 13-ാം വാർഡിൽ കോൺഗ്രസ് സ്ഥാനാർഥിക്കെതിരെ പാർട്ടി അംഗവും പത്രിക നൽകിയതായി അറിയുന്നു. കൊടുങ്ങല്ലൂർ നഗരസഭയിൽ യു.ഡി.എഫ് ഘടക കക്ഷികളായ കോൺഗ്രസും ലീഗും തമ്മിലാണ് പോര്. നാലിടത്താണ് ലീഗ് പത്രിക നൽകി പ്രചാരണം ആരംഭിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.