കൊടുങ്ങല്ലൂർ: പി. വെമ്പല്ലൂർ എം.ഇ.എസ് അസ്മാബി കോളജ് പ്രിന്‍സിപ്പലിനെ വീട്ടില്‍ കയറി ആക്രമിച്ച കേസിലെ മുഖ്യപ്രതി മൂന്നുവർഷത്തിനുശേഷം പിടിയിൽ. എസ്.എൻ പുരം അഞ്ചങ്ങാടി സ്വദേശി പള്ളായി പീടികയിൽ ചിപ്പു എന്ന മുഹമ്മദ് ഷിഫാസിനെയാണ് മതിലകം പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
അസ്മാബി കോളജ് പ്രിൻസിപ്പലായിരുന്ന ഡോ. അജിംസ് പി. മുഹമ്മദ് 2017 നവംബർ രണ്ടിനാണ് ആക്രമിക്കപ്പെട്ടത്. ബൈക്കുകളിൽ എത്തിയ നാലംഗ സംഘം കോളജ് ഗ്രൗണ്ടിന് സമീപത്തെ ക്വാർട്ടേഴ്സിൽ കയറി ഇരുമ്പുവടി കൊണ്ട് ആക്രമിക്കുകയായിരുന്നു. കോളജിൽ സമരം നടത്തിയ വിദ്യാർഥികളെ പ്രിൻസിപ്പൽ പുറത്താക്കിയതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണമായത്. പ്രതികളിൽ കയ്പമംഗലം സ്വദേശികളായ അർജുൻ, ആബിദ് ഹുസൈൻ, കോഴിക്കോട് സ്വദേശി സോജിൻ എന്നിവരെ നേരത്തേ പിടികൂടിയിരുന്നു.
ഒന്നാം പ്രതി മുഹമ്മദ് ഷിഫാസ് വിദേശത്തേക്ക് പോയതിനെ തുടർന്ന് പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു. രണ്ടാഴ്ച മുമ്പ് ഗൾഫിൽനിന്ന് തിരിച്ചെത്തിയ ഷിഫാസിനെ ക്വാറൻറീൻ കാലാവധി കഴിഞ്ഞ ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു. മതിലകം എസ്.എച്ച്.ഒ അനന്തകൃഷ്ണൻ, എസ്.ഐ കെ.എസ്. സൂരജ്, പൊലീസുകാരായ ഷിജു, വിപിൻ, റഹീം, ഷിജോയ്, മനോജ് എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.