കൊടുങ്ങല്ലൂർ: ശ്രീനാരായണപുരം പടിഞ്ഞാറെ വെമ്പല്ലൂരിൽ മർദനമേറ്റ യുവാവ് മരിച്ച കേസിൽ പൊലീസ് ചോദ്യം ചെയ്യൽ തുടരുന്നു. കേസിലെ പ്രധാനി ഉൾപ്പെടെയുള്ളവരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. കാറിൽ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് ഇവരിൽ ചിലർ പിടിയിലായത്. ഇതിനിടെ ശാസ്ത്രീയ സംഘം തെളിവെടുത്തു.
പടിഞ്ഞാറെ വെമ്പല്ലൂർ സുനാമി കോളനിയിൽ താമസിക്കുന്ന കാവുങ്ങൽ ധനേഷ് (36) മർദനമേറ്റ് കിടന്നിരുന്ന തെക്കൂടൻ ബസാറിലും ധനേഷിന്റെ വീട്ടുപരിസരത്തുമാണ് മതിലകം എസ്.എച്ച്.ഒ എം.കെ. ഷാജി, എസ്.ഐ രമ്യ കാർത്തികേയൻ എന്നിവരുടെ സാന്നിധ്യത്തിൽ വിരലടയാള വിദഗ്ധരും ഫോറൻസിക് സംഘവും തെളിവുകൾ ശേഖരിച്ചത്. തെക്കൂടൻ ബസാർ കള്ള് ഷാപ്പ് പരിസരത്താണ് ഞായറാഴ്ച വൈകീട്ട് ധനേഷ് മരിച്ച് കിടന്നിരുന്നത്.
ഉച്ചക്ക് രണ്ടോടെ ധനേഷും സുഹൃത്തുക്കളും ധനേഷിന്റെ വീട്ടിൽ മദ്യപിക്കുന്നതിനിടെ സുഹൃത്ത് അനുവുമായി അടിപിടിയുണ്ടായിരുന്നു. സംഭവത്തിന്റെ തുടർച്ചയായി വീടാക്രമണം നടന്നു. പിന്നീട് തെക്കൂടൻ ബസാറിൽവെച്ച് ധനേഷിനെ മർദിച്ചതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
വൈകീട്ട് അഞ്ചരയോടെ ധനേഷ് റോഡിൽ വീണ് കിടക്കുന്നെന്ന വിവരം കിട്ടിയെത്തിയ പൊലീസ് ഇയാളെ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.