കൊടുങ്ങല്ലൂർ: മുറവിളികൾ വ്യാപകമായിട്ടും ചരിത്രനഗരിയിലെ യാത്ര ദുരിതത്തിന് അറുതിയായില്ല. നഗരത്തിലെ ചന്തപ്പുര ജങ്ഷനിലാണ് മാസങ്ങളായി അത്യന്തം ദുർഘടമായ സ്ഥിതി വിശേഷമുള്ളത്. മഴ പെയ്യാൻ തുടങ്ങിയതോടെ സ്ഥിതി അതി ദുഷ്കരമായിരിക്കുകയാണ്.
ആയിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന ചന്തപ്പുരയിൽ റോഡിൽ എണ്ണമറ്റ കുഴികളാണ് രൂപപ്പെട്ടിരിക്കുന്നത്. മഴ വെള്ളം കെട്ടി നിൽക്കുന്നതോടെ ഇരുചക്രവാഹനങ്ങൾ കുഴിയിൽ വീഴുന്നത് പതിവായിരിക്കുകയാണ്. നിരവധി വാഹനങ്ങളാണ് അപകടത്തിൽപ്പെട്ടിട്ടുള്ളത്. പരിക്കേറ്റവരെ ആശുപത്രിയിൽ കൊണ്ടുപോകുന്നത് പതിവാണെന്ന് പരിസരത്തെ ഓട്ടോറിക്ഷ ഡ്രൈവർമാരും മറ്റും പറയുന്നു. 200 മീറ്ററോളം ദൂരമുള്ള റോഡിൽ നൂറുകണക്കിന് കുഴികളാണുള്ളത്. കുഴിയിൽ വീഴാതെ വാഹനങ്ങൾക്ക് ഇതുവഴി കടന്നു പോകാനാകില്ലെന്നതാണ് അവസ്ഥ. ഇതിനകം നിരവധി വാഹനങ്ങൾക്ക് കുഴിയിൽ വീണ് കേടുപാടുകൾ സംഭവിച്ചു കഴിഞ്ഞു.
മഴ മാറി ഇടക്ക് വെയിൽ വന്നാൽ പൊടിപടലങ്ങളായിരിക്കും ദുരിതമായി മാറുക. ദേശീയപാത വികസനത്തിന്റെ ഭാഗമായി നടക്കുന്ന നിർമാണ പ്രവർത്തനങ്ങളാണ് റോഡിന്റെ ദുരവസ്ഥക്ക് കാരണമായിട്ടുള്ളത്. നിലവിൽ വാഹനങ്ങൾ കടന്നുപോകുന്ന റോഡ് ടാർ ചെയ്ത് ഗതാഗത യോഗ്യമാക്കണമെന്ന് നാട്ടുകാർ തുടർച്ചയായി ആവശ്യപ്പെടുന്നുണ്ടെങ്കിലും നാളിതുവരെയായി നടപടി ഉണ്ടായിട്ടില്ല. റോഡ് നിർമിക്കുന്ന ദേശീയപാത അധികൃതർ നാട്ടുകാരുടെ സഞ്ചാര സ്വാതന്ത്ര്യത്തിന് പ്രതിബന്ധം സൃഷ്ടിക്കുവോൾ നഗരസഭ അധികൃതരും മറ്റു ജനപ്രതിനിധികളും എല്ലാം കണ്ടില്ലെന്ന് നടിക്കുകയാണെന്നും നാട്ടുകാർ കുറ്റപ്പെടുത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.