കൊടുങ്ങല്ലൂർ: മലയാള ചലച്ചിത്ര ചരിത്രത്തോടൊപ്പം നടന്ന അനശ്വര പ്രതിഭ ബഹദൂർ ഓർമയായിട്ട് 24 വർഷം പിന്നിടുമ്പോൾ ആ പ്രതിഭാശാലിയെക്കുറിച്ച് ഈയിടെ പുറത്തിറങ്ങിയ ഗ്രന്ഥം ശ്രദ്ധ ആകർഷിക്കുകയാണ്. ബഹദൂറിലെ വലിയ കലാകാരനെയും അതിലും വലിയ മനുഷ്യസ്നേഹിയെയും ഒപ്പം അദ്ദേഹത്തിന്റെ ജീവിതവും സമഗ്രമായി വരച്ചിടുന്ന ‘ബഹദൂർ നടനു മുന്നേ നടന്ന മനുഷ്യൻ’ ഗ്രന്ഥത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് ബഹദൂറിന്റെ അടുത്ത ബന്ധുകൂടിയായ എഴുത്തുകാരൻ കാതിയാളം അബൂബക്കറാണ്.
ബഹദൂറിന്റെ ചലച്ചിത്ര ജീവിതവും മാനുഷികതയും അടുത്തുനിന്ന് നിരീക്ഷിച്ചും കണ്ടും കേട്ടും അന്വേഷിച്ചറിഞ്ഞും തയാറാക്കിയ ഈ ഗ്രന്ഥത്തിൽ ആ പ്രതിഭാശാലിയെ കുറിച്ച് അറിഞ്ഞതിലും ഇനിയുമേറെ അറിയാനാകും. പ്രത്യേകിച്ച് ആ നടനിലെ മനുഷ്യനെക്കുറിച്ച്. ബഹദൂറിന്റെ സമഗ്ര ജീവചരിത്രരേഖയായി മാറുന്ന ഈ ഗ്രന്ഥം ദേശം, സംസ്കാരം, കാലം, സാമൂഹിക വ്യവസ്ഥകൾ, മദിരാശി, സിനിമ തുടങ്ങി നിരവധി മേഖലകളിലൂടെ ആ മനുഷ്യസ്നേഹിയായ കലാകാരനെ അടയാളപ്പെടുത്തുന്നു. മതിലകം പ്രിൻറ് ഹൗസാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
പൊട്ടിച്ചിരിയോടൊപ്പം കണ്ണീരിന്റെ നനവുമുള്ള ഒട്ടനവധി കഥാപാത്രങ്ങളിലൂടെ മലയാള ചലച്ചിത്ര വേദിയിൽ അനശ്വര പ്രതിഭയായി തിളങ്ങിയ കൊടുങ്ങല്ലൂരിന്റെ സ്വന്തം ബഹദൂർ എന്ന കുഞ്ഞാലുവിന്റെ വേർപാട് 2020 മേയ് 21ന് ചെന്നൈയിൽ വെച്ചായിരുന്നു. പടിയത്ത് ബ്ളാങ്ങാച്ചാലിൽ കൊച്ചു മൊയ്തീന്റെയും കോട്ടപ്പുറത്ത് നമ്പൂരി മഠത്തിൽ കദീജയുടെയും മകനായി ജനിച്ച കുഞ്ഞാലുവിൻ സ്കൂൾ പഠനകാലത്തുതന്നെ അഭിനയത്തോടുള്ള അഭിനിവേഷം ഉടലെടുത്തിരുന്നു. ക്രമേണ കലാരംഗത്തേക്ക് ചുവടുകൾ വെച്ചുവെങ്കിലും ജീവിത പ്രാരാബ്ദം പ്രതിസന്ധിയായതോടെ അദ്ദേഹത്തിന് കണ്ടക്ടർ ജോലിയിൽ ജീവിത മാർഗം തേടേണ്ടിവന്നു. എന്നാൽ, അധികം കഴിയും നാടക രംഗത്തും ഒപ്പം ചലച്ചിത്ര വേദിയിലേക്കും അദ്ദേഹം കടന്നു. ആ കാലത്തെ പ്രധാന നടൻമാരിൽ ഒരാളായ തിക്കുറുശ്ശി സുകുമാരൻ നായരാണ് കുഞ്ഞാലുവിനെ സിനിമാരംഗത്തെ ബഹദൂറാക്കി മാറ്റിയത്.
ലോഹിദ ദാസിന്റെ ‘ജോക്കർ’ സിനിമയിൽ ‘കണ്ണീർ മഴയത്ത് ചിരിയുടെ കുട ചൂടിയ’ സർക്കസ് കലാകാരനായി ഏവരുടെയും ഉള്ളുലക്കുന്ന കഥാപാത്രമായാണ് ആ അനശ്വര നടൻ അവസാനമായി വേഷമിട്ടത്. ബഹദൂർ മെമ്മോറിയൽ ചാരിറ്റീസ് വഴി വർഷംതോറ്റും നിരവധി വിദ്യാർഥികൾക്കാണ് വിദ്യാഭ്യാസ സ്കോളർഷിപ് നൽകിവരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.