കൊടുങ്ങല്ലൂർ: നാട്ടുകാർ നിർമിച്ച ഇരുമ്പ് പാലത്തിന്റെ പുനർനിർമാണവും നാട്ടുകാർ തന്നെ നടത്തേണ്ടി വന്നു. ഇതോടെ നാട്ടുകാർ തന്നെ പാലം തുറന്നു. കൊടുങ്ങല്ലൂർ നഗരസഭയിലെ 18ാം വാർഡിൽ ശൃംഗപുരം കനാലിന് കുറുകെയാണ് നാട്ടുകാരുടെ സ്വന്തം ജനകീയ പാലം നിലനിൽക്കുന്നത്.
അഞ്ച് വർഷം മുമ്പ് നാട്ടുകാർ നിർമിച്ച ഇരുമ്പ് പാലം തുരുമ്പെടുത്ത് ജീർണാവസ്ഥയിലായിരുന്നു. തൊഴിലാളികളും വിദ്യാർഥികളുമുൾപ്പെടെ നൂറുകണക്കിനാളുകൾ സഞ്ചരിക്കുന്ന പാലം വാർഡ് കൗൺസിലർ സി.എസ്. സുവിന്ദിന്റെ നേതൃത്വത്തിൽ പുതുക്കിപ്പണിയുകയായിരുന്നു. നിരവധി പേർ സഹകരിച്ച് 50,000 രൂപ ചെലവഴിച്ചാണ് ഇരുപത്തഞ്ചടിയോളം നീളമുള്ള പാലം പുനർനിർമിച്ചത്.
കാവിൽക്കടവ്, പുല്ലൂറ്റ് പ്രദേശങ്ങളിൽനിന്ന് വരുന്ന ഇരുചക്രവാഹനങ്ങൾക്കും കാൽനടക്കാർക്കും ദേശീയപാതയിൽ കയറാതെ എൽതുരുത്ത്, ആനാപ്പുഴ, മാള തുടങ്ങിയ സ്ഥലങ്ങളിലേക്കും തിരിച്ചും എളുപ്പം എത്തിച്ചേരാൻ സഹായിക്കുന്ന യാത്രാമാർഗമാണ് കനാൽപാലം.
നാട്ടുകാർ പുനർനിർമിച്ച പാലം അവർതന്നെ തുറന്നുജനകീയ പാലമായതുകൊണ്ടുതന്നെ പുനർനിർമിച്ച പാലത്തിന് ഉദ്ഘാടനവുമുണ്ടായില്ല. നാട്ടുകാർ തന്നെ പാലം തുറന്നു. ഒരുകാലത്ത് കൊടുങ്ങല്ലൂരിലെ ഏറ്റവും വലിയ ജലഗതാഗത മാർഗമായിരുന്ന ശൃംഗപുരം തോടിന് കുറുകെയുള്ള കനാൽ പാലം മേഖലയിലെ ജനങ്ങൾക്ക് ഏറെ ഉപകാരപ്രദമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.