തുമ്പൂർമുഴി മോഡൽ യൂനിറ്റുകളുടെ ഉദ്ഘാടനം ചെയർപേഴ്സൻ എം.യു. ഷിനിജ നിർവഹിക്കുന്നു

കൊടുങ്ങല്ലൂർ നഗരസഭയിൽ തുമ്പൂർമുഴി മോഡൽ മാലിന്യ സംസ്കരണ യൂനിറ്റുകൾ നൂറിലേക്ക്

കൊടുങ്ങല്ലൂർ: ശാസ്ത്രീയമായ ജൈവമാലിന്യ സംസ്കരണത്തിന് നഗരസഭ ലക്ഷ്യമിട്ട 100 തുമ്പൂർമുഴി മോഡൽ എയറോബിക് കമ്പോസ്റ്റ് യൂനിറ്റുകളിൽ 98 എണ്ണവും പൂർത്തിയായി.

ടെക്നിക്കൽ ഹൈസ്കൂൾ, ടൗൺഹാൾ, ചാപ്പാറ ഗവ. ഐ.ടി.ഐ എന്നിവിടങ്ങളിൽ രണ്ടു യൂനിറ്റുകൾ വീതം സ്ഥാപിച്ചതോടെ പുതിയതായി ആറു തുമ്പൂർമുഴി മോഡൽ എയറോബിക്ക് കമ്പോസ്റ്റ് യൂനിറ്റുകൂടി പ്രവർത്തനമാരംഭിച്ചു. യൂനിറ്റുകളുടെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൻ എം.യു. ഷിനിജ നിർവഹിച്ചു. വൈസ് ചെയർമാൻ കെ.ആർ. ജൈത്രൻ അധ്യക്ഷത വഹിച്ചു.

ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ എൽസി പോൾ, വിദ്യാഭ്യാസകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ഷീല പണിക്കശ്ശേരി, വാർഡ് കൗൺസിലർ ചന്ദ്രൻ കളരിക്കൽ, നഗരസഭ ഹെൽത്ത് സൂപ്പർവൈസർ കെ.വി. ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. ടി.കെ.എസ് പുരത്ത് 20 യൂനിറ്റുകളുടെ നിർമാണം പൂർത്തീകരിച്ചു.

വീടുകളിലും സ്ഥാപനങ്ങളിലും ബയോഡൈജസ്റ്റർ പോട്ടുകൾ, പൈപ്പ് കമ്പോസ്റ്റ് യൂനിറ്റുകൾ, ബയോഗ്യാസ് പ്ലാന്റുകൾ, തുമ്പൂർമുഴി മോഡൽ എയറോബിക് കമ്പോസ്റ്റ് പ്ലാന്റുകൾ എന്നിവയിലേതെങ്കിലും അനുയോജ്യമായ ഉപാധികൾ സ്ഥാപിച്ച് ജൈവമാലിന്യം ഉറവിടത്തിൽത്തന്നെ വേർതിരിച്ച് സംസ്കരിക്കണമെന്ന നിയമം നടപ്പാക്കുന്നതിന്‍റെ ഭാഗമായാണ് നടപടി.

നിലവിൽ 7064 ബയോഡൈജസ്റ്റർ പോട്ടുകൾ, 4100 പൈപ്പ് കമ്പോസ്റ്റ് യൂനിറ്റുകൾ, 1252 ബയോഗ്യാസ് പ്ലാന്റുകൾ എന്നിവ വീടുകളിൽ സ്ഥാപിച്ചിട്ടുണ്ട്. വീടുകളിൽനിന്നും വ്യാപാര സ്ഥാപനങ്ങളിൽനിന്നും ശേഖരിക്കുന്ന അജൈവമാലിന്യ സംസ്കരണത്തിനായി രണ്ടു മെട്രിക് ടൺ ശേഷിയുള്ള റിസോഴ്സ് റിക്കവറി ഫെസിലിറ്റി സെന്ററും 250 കിലോഗ്രാം ശേഷിയുള്ള 22 മിനി എം.സി.എഫ് സെന്ററുകളും പ്രവർത്തിക്കുന്നുണ്ട്. ഒരു റിസോഴ്സ് റിക്കവറി ഫെസിലിറ്റി സെന്ററും (ആർ.ആർ.എഫ്), ഏഴ് മെറ്റീരിയൽ കലക്ഷൻ ഫെസിലിറ്റി സെന്ററും (എം.സി.എഫ്) നിർമാണം പുരോഗമിക്കുന്നു.

വീടുകളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും വേർതിരിച്ച അജൈവമാലിന്യം ശേഖരിക്കുന്ന പദ്ധതിയിൽ 66 അംഗങ്ങളുള്ള ഹരിത കർമസേനയുടെ ഒരു ബാച്ച് പ്രവർത്തിക്കുന്നു. നിലവിൽ 70 ശതമാനം വീടുകളും 60 ശതമാനം വാണിജ്യ, വാണിജ്യേതര സ്ഥാപനങ്ങളും ഈ പദ്ധതിയിൽ അംഗങ്ങളാണ്.

കോട്ടപ്പുറം പച്ചക്കറി മാർക്കറ്റിൽനിന്ന് ശേഖരിക്കുന്ന ഖരമാലിന്യങ്ങളുടെ സംസ്കരണത്തിനായി കേന്ദ്രീകൃത സംവിധാനവും നഗരസഭക്കുണ്ട്.

പ്രതിദിനം രണ്ടു മെട്രിക് ടൺ മാലിന്യം സംസ്കരിക്കാൻ കഴിയുന്ന പ്ലാന്റിന്റെ ശേഷി അഞ്ചു മെട്രിക് ടൺ ആയി വർധിപ്പിച്ചു. ഇവിടെ ഉൽപാദിപ്പിക്കുന്ന വളം കൃഷിക്കാർക്ക് സബ്സിഡി നിരക്കിൽ നൽകിവരുന്നുണ്ട്. നഗരസഭ പ്രദേശത്തെ വീടുകളിലും സ്ഥാപനങ്ങളിലും ഉൽപാദിപ്പിക്കപ്പെടുന്ന വേർതിരിക്കപ്പെട്ട അജൈവ മാലിന്യങ്ങളും ഇ-മാലിന്യങ്ങളും യൂസർ ഫീ ഏർപ്പെടുത്തി ഹരിത കർമസേന മുഖാന്തരം ശേഖരിച്ച് സംസ്കരണത്തിനായി ക്ലീൻ കേരള കമ്പനി ലിമിറ്റഡിന് കൈമാറിവരുന്നതായും അധികൃതർ അറിയിച്ചു.

Tags:    
News Summary - Thumburmuzhi model waste treatment units up to 100 in Kodungallur municipality

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.