കൊടുങ്ങല്ലൂർ: ഫുട്ബാൾ കളിക്കുന്നതിനിടെ പുഴയിൽ വീണ പന്ത് എടുക്കാൻ ഇറങ്ങിയ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു. എസ്.എൻ പുരം പൂവത്തുംകടവിൽ കനോലി കനാലിൽ ചൊവ്വാഴ്ച വൈകീട്ട് നാലേ മുക്കാലിനാണ് സംഭവം. പൂവത്തുംകടവ് പച്ചാമ്പുള്ളി സുരേഷിന്റെ മകൻ സുജിത്ത് (അപ്പു- 13), പൂവത്തുംകടവിൽ താമസിക്കുന്ന കാട്ടൂർ പനവളപ്പിൽ വേലായുധന്റെ മകൻ അതുൽകൃഷ്ണ (കുട്ടൻ- 18) എന്നിവരാണ് മരിച്ചത്.
കൂട്ടുകാരുമൊത്ത് പൂവത്തുംകടവ് പാലത്തിനടിയിൽ ഫുട്ബാൾ കളിക്കുന്നതിനിടെ പന്ത് തൊട്ടടുത്ത പുഴയിൽ വീഴുകയായിരുന്നു. വേലിയിറക്ക സമയമായതിനാൽ പന്ത് വേഗത്തിൽ ഒഴുകിനീങ്ങി. പന്തെടുക്കാൻ ഇറങ്ങിയ സുജിത്തും അദുലും ഒഴുക്കിൽപെടുകയായിരുന്നു. കൂട്ടുകാരായ അഭയ് കൃഷ്ണയും ശ്രീശാന്തും പുഴയിൽ ഇറങ്ങിയെങ്കിലും ഒഴുക്കിൽ മുന്നോട്ട് പോകാനാകില്ല. കരയിലുണ്ടായിരുന്ന കുട്ടികൾ ഒച്ചവെച്ചതോടെ നാട്ടുകാർ പൊലീസിൽ അറിയിക്കുകയായിരുന്നു.
മതിലകം പൊലീസും കൊടുങ്ങല്ലൂർ ഫയർഫോഴ്സും നാട്ടുകാരും തിരച്ചിൽ നടത്തുന്നതിനിടെ ആറുമണിയോടെ മൃതപ്രായനായ നിലയിൽ സുജിത്തിനെ കിട്ടി. പിറകെ 6.35ന് അതുലിനെയും മുങ്ങിയെടുത്തു. രണ്ട് പേരെയും കൊടുങ്ങല്ലൂർ മോഡേൺ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.
മൃതദേഹങ്ങൾ മോഡേൺ ആശുപത്രിയിൽ.ഇലക്ട്രോണിക്സ് ഡിപ്ലോമ വിദ്യാർഥിയാണ് അതുൽകൃഷ്ണ. മാതാവ്: ബിന്ദു. സഹോദരി: ഐശ്വര്യ. സുജിത്ത് മതിലകം സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ എട്ടാം ക്ലാസ് വിദ്യാർഥിയാണ്. മാതാവ്: ഷെറീന. സഹോദരങ്ങൾ: സുപ്രിയ, അലയ്ഡ. സംസ്കാരം ബുധനാഴ്ച.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.