കൊടുങ്ങല്ലൂർ: ഭിന്നശേഷിക്കാരനായ കുട്ടിയെ മാറ്റിനിർത്തിയെന്ന് ആരോപിച്ച് അംഗൻവാടിയിൽ അതിക്രമവും അധ്യാപികക്ക് നേരെ അവഹേളനവും ഭീഷണിയും പൊലീസ് ജീപ്പ് തടയലും. എടവിലങ്ങ് ഒന്നാം വാർഡിലെ മഹാത്മ അംഗൻവാടിയിലാണ് സംഭവം.
ഓട്ടിസം ബാധിച്ച കുട്ടിയെ മറ്റു കുട്ടികളിൽനിന്ന് അകറ്റി നിർത്തിയെന്ന് ആരോപിച്ച് രക്ഷിതാവും സഹോദരനും മറ്റുമാണ് അധ്യാപികക്ക് നേരെ തിരിഞ്ഞത്.
എന്നാൽ ഇത് തെറ്റായ ആരോപണമാണെന്ന് അധ്യാപിക പറഞ്ഞു. അംഗൻവാടി വർക്കർ ഉച്ചഭക്ഷണം നൽകിയ ശേഷം കുട്ടിയെ രക്ഷിതാക്കളോടൊപ്പം വിടാൻ ഒരുക്കി നിർത്തുകയാണുണ്ടായത്. മാതാപിതാക്കൾ വന്നപ്പോൾ സന്തോഷത്തോടെ കുട്ടിയെ പറഞ്ഞ് വിടുകയും ചെയ്തു. ഈ കുട്ടി ഉൾപ്പെടെ എല്ലാ കുട്ടികളെയും പൊന്നുപോലെയാണ് ഞങ്ങൾ പരിപാലിക്കുന്നത്. നാളിതുവരെയായി ഒരു പരാതിയും ഉണ്ടായിട്ടില്ല. തന്നെ മാത്രം വേർതിരിച്ച് വളരെ മോശമായ രീതിയിൽ അപകീർത്തിപ്പെടുത്തുകയാണ്. തന്നെ അംഗൻവാടിയിൽ വെച്ചുപൊറുപ്പിക്കില്ലെന്നാണ് പറയുന്നതെന്നും അധ്യാപിക പറഞ്ഞു. സംഭവങ്ങളുമായി ബന്ധപ്പെട്ട് കൊടുങ്ങല്ലൂർ പൊലീസ് നാല് കേസുകൾ രജിസ്റ്റർ ചെയ്തു. അധ്യാപികയെ അവഹേളിച്ചതിനും പ്രശ്നം ചർച്ച ചെയ്യാൻ അംഗൻവാടിയിൽ കൂടിയ വെൽഫെയർ കമ്മിറ്റി യോഗത്തിൽ കയറി അക്രമം നടത്തിയതിനും അധ്യാപികക്കെതിരെ പതിച്ച പോസ്റ്ററുകൾ നീക്കാനെത്തിയ പൊലീസ് ജീപ്പ് തടഞ്ഞതിനും രക്ഷിതാവിനും കൂട്ടർക്കുമെതിരെ കേസെടുത്തു. ഇവരെ മർദിച്ചെന്ന പരാതിയിൽ മറ്റൊരു കേസും രജിസ്റ്റർ ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.