കൊടുങ്ങല്ലൂർ: വീട്ടിൽ വോട്ടിന്റെ ആദ്യദിനത്തിൽ കയ്പമംഗലം നിയോജക മണ്ഡലത്തിൽ താളപ്പിഴ. വീടുകളിൽ നടക്കുന്ന വോട്ടിങ് പ്രകിയകളുടെ ചിത്രീകരണത്തിന് കാമറമാന്മാർ ഇല്ലാത്തതാണ് കാരണം.
ഇതേ തുടർന്ന് പൂർണമായ തോതിൽ ഹോം വോട്ടിങ് നടന്നില്ല. 15 മുതൽ 21 വരെയാണ് വീടുകളിലെ വോട്ടിങ് നടക്കുന്നത്. ഭിന്നശേഷിക്കാരുടെയും 85 കഴിഞ്ഞ വയോജനങ്ങളുടെയും 1296 ഹോം വോട്ടുകളാണ് കയ്പമംഗലം നിയോജക മണ്ഡലത്തിലുള്ളത്. ഇതിനായി എട്ട് ടീമുകളെയാണ് നിയോഗിച്ചിട്ടുള്ളത്.
പോളിങ് ഓഫിസറുടെ നേതൃത്വത്തിൽ ആറംഗ സംഘമാണ് വീടുകളിലെത്തി സമ്മതിദായകരെ കൊണ്ട് വോട്ട് ചെയ്യിപ്പിക്കേണ്ടത്. മതിലകം േബ്ലാക്ക് ഓഫിസ് കേന്ദ്രീകരിച്ചാണ് ഹോം വോട്ടിന്റെ ക്രമീകരണങ്ങൾ സജ്ജമാക്കിയിരുന്നത്.
നിശ്ചയിച്ചത് പ്രകാരം എല്ലാ ഉദ്യോഗസ്ഥരും വാടക വാഹനങ്ങളും രാവിലെ തന്നെ േബ്ലാക്ക് ഓഫിസ് അങ്കണത്തിൽ എത്തിയിരുന്നു. എന്നാൽ, ആവശ്യമായ കാമറമാന്മാർ ഉണ്ടായിരുന്നില്ല. ഇതോടെ മൂന്ന് സംഘങ്ങൾക്ക് മാത്രമാണ് യഥാസമയം ഹോം വോട്ടർമാരെ തേടി വീടുകളിലേക്ക് പോകാനായത്.
ബാക്കിയുള്ളവർ വാഹന ഡ്രൈവർമാരും പൊലീസും ഉൾപ്പെടെ കാത്തിരിപ്പായി. ഒടുവിൽ ഉച്ചക്കുശേഷം കാമറകൾ എത്തിച്ചു. എന്നാൽ, കാമറമാന്മാർ ഇല്ലാതെ വീണ്ടും കാത്തിരിപ്പായി. പിറകെ രണ്ട് പോളിങ് സംഘത്തെ കൂടി ഫീൽഡിൽ വിടാനായി. ബാക്കിയുള്ളവർ പിന്നെയും കാത്തിരിപ്പായി. 5.15 മണിയോടെ രാവിലെ പോയ സംഘം തിരികെയെത്തിയ വേളയിലും പോകാനാകാത്ത മൂന്ന് പോളിങ് സംഘങ്ങളും േബ്ലാക്ക് ഓഫിസ് അങ്കണത്തിൽ ഉണ്ടായിരുന്നു. പരിഹാര ശ്രമവുമായി തെരഞ്ഞെടുപ്പ് അധികൃതർ സ്ഥലത്തുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.