കൊടുങ്ങല്ലൂർ: ഒടുവിൽ കൊടുങ്ങല്ലൂർ ജുഡീഷ്യൽ കോംപ്ലക്സ് എറിയാട്ടേക്ക്. എറിയാട് വില്ലേജിൽ മതിലകം ബ്ലോക്ക് പഞ്ചായത്തിന്റെ അധീനതയിലുള്ള സ്ഥലത്താണ് കോടതി സമുശ്ചയം സ്ഥാപിക്കാൻ സാധ്യത തെളിയുന്നത്. ഇവിടെ മതിലകം ബ്ലോക്ക് പഞ്ചായത്തിന്റെ കൈവശമുള്ള ഭൂമിയിൽനിന്ന് 54.5 സെന്റ് സ്ഥലം ജുഡീഷ്യൽ വകുപ്പിന് വിട്ടുനൽകാൻ സമ്മതം അറിയിച്ച് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ഓർഡർ ഇറങ്ങിക്കഴിഞ്ഞു.
നിലവിൽ മതിലകം ബ്ലോക്ക് പഞ്ചായത്ത്തല ഗ്രാമ ന്യായാലയം ഇവിടെ സ്ഥിതി ചെയുന്നുണ്ട്. ഈ കെട്ടിടത്തിലാണ് നേരത്തേ കൊടുങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രവർത്തിച്ചിരുന്നത്. പുനസംഘടനയിൽ കൊടുങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് കെട്ടിടങ്ങളും സ്ഥലവുമെല്ലാം മതിലകം ബ്ലോക്ക് പഞ്ചായത്തിന്റെ ഭാഗമാകുകയായിരുന്നു. ഒന്നര പതിറ്റാണ്ട് മുമ്പ് കെ.പി. രാജേന്ദ്രൻ കൊടുങ്ങല്ലൂന്റെ എം.എൽ.എയും റവന്യൂ മന്ത്രിയുമായിരുന്ന വേളയിലാണ് ജുഡീഷ്യൽ കോംപ്ലക്സിന് ശ്രമം തുടങ്ങിയത്. നിലവിൽ കൊടുങ്ങല്ലൂർ എ.ഇ.ഒ ഓഫിസും സ്കൂളുമെല്ലാം നിലനിൽക്കുന്ന ചന്തപ്പുര മുനിസിപ്പൽ ബസ് സ്റ്റാൻഡിന് പടിഞ്ഞാറ് ഭാഗത്തുള്ള സ്ഥഥലമാണ് പരിഗണിച്ചിരുന്നത്.
എന്നാൽ ശക്തമായ എതിർപ്പ് ഉയർന്നതോടെ ആ ശ്രമം ഉപേക്ഷിച്ചു. പിന്നീട് കൊടുങ്ങല്ലൂർ നഗരസഭയുടെ കീഴിലെ പഴയ ശിൽപ്പി തിയേറ്റർ നിലനിന്നിരുന്ന സ്ഥലവും കാവിൽ കടവിലെ മുനിസിപ്പൽ ഷോപ്പിങ് കോംപ്ലക്സ് അങ്കണവും മുസിരിസ് പ്രൊജക്ട് ലിമിറ്റഡുമായി ബന്ധപ്പെട്ട കാവിൽ കടവിലെ അറൈവൽ സെൻറിനോട് ചേർന്നുള്ള സ്ഥലവും പരിഗണിക്കപ്പെട്ടെങ്കിലും കാര്യം നടന്നില്ല. കൊടുങ്ങല്ലൂർ ബാർ അസോസിയേഷന്റെ മാറി മാറി വന്ന ഭരണസമിതിയും കാര്യമായ ശ്രമം നടത്തിയിരുന്നു. ഇടതുമുന്നണിക്കിടയിലെ പരസ്പര സഹകരണമില്ലായ്മയും ജുഡീഷ്യൽ കോംപ്ലക്സ് വഴിമാറിയതിന്റെ കാരണമായതായി ആരോപണമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.