കൊടുങ്ങല്ലൂർ: മുപ്പതോളം അന്തേവാസികൾ കഴിയുന്ന അഗതിമന്ദിരത്തിലെ ശുദ്ധജല കണക്ഷൻ വാട്ടർ അതോറിറ്റി അധികൃതർ വിച്ഛേദിച്ചതായി പരാതി. കൊടുങ്ങല്ലുർ നഗരസഭയിൽ ടെമ്പിൾ വാർഡിൽ ബൈപാസിന് പടിഞ്ഞാറ് ഭാഗത്ത് പ്രവർത്തിക്കുന്ന ആശ്രയ അഗതി മന്ദിരത്തിലെ കുടിവെള്ളമാണ് വിച്ഛേദിച്ചിരിക്കുന്നത്. ഇതോടെ ശാരീരിക വൈകല്യം അനുഭവിക്കുന്നവരും നടക്കാൻ പോലും കഴിയാത്തവരും മറ്റു പ്രയാസങ്ങൾ അനഭവിക്കുന്നവരുമായ അന്തേവാസികൾ ബുദ്ധിമുട്ടിലായിരിക്കുകയാണ്. തിങ്കളാഴ്ച രാവിലെ 11 ഓടെ വാട്ടർ അതോറിറ്റി കൊടുങ്ങല്ലൂർ സെക്ഷൻ ഓഫിസിൽ നിന്നെത്തിയവർ കണക്ഷൻ വിച്ഛേദിച്ചത്. ഒരുവിധ മുന്നറിയിപ്പോ നോട്ടീസ് നൽകാതെയാണ് കണക്ഷൻ വിച്ഛേദിച്ചതെന്നാണ് ആക്ഷേപം.
എടവിലങ്ങിൽ പ്രവർത്തിച്ചിരുന്ന ആശ്രയ അഗതി മന്ദിരം മൂന്നുവർഷം മുമ്പാണ് നിലവിൽ പ്രവർത്തിക്കുന്ന വാടക കെട്ടിടത്തിലേക്ക് മാറ്റിയത്. അന്നുമുതൽ വാടക കെട്ടിടത്തിൽ ഉണ്ടായിരുന്ന വാട്ടർ കണക്ഷൻ അഗതിമന്ദിരത്തിൽ ഉപയോഗിച്ചുവരുകയാണ്. ഇതിന്റെ ബില്ല് അടക്കാൻ പലവട്ടം വാട്ടർ അതോറിറ്റി ഓഫിസിൽ ചെന്നുവെങ്കിലും കൃത്യമായി വിവരങ്ങൾ ലഭിച്ചില്ലെന്നും ബില്ല് അടക്കാൻ നോട്ടീസ് പോലും നൽകാതെയാണ് അഗതി മന്ദിരത്തിൽ കഴിയുന്നവർക്ക് ഏറെ പ്രയാസങ്ങൾ ഉണ്ടാക്കുന്ന ഇപ്പോഴത്തെ നടപടി ഉണ്ടായിരിക്കുന്നതെന്നും മാനേജിങ് ട്രസ്റ്റി ജീവാനന്ദമഹർഷി പറഞ്ഞു. അതേസമയം, 2017ൽ ഉടമയുടെ ആവശ്യം പ്രകാരം കണക്ഷൻ വിച്ഛേദിച്ച പൈപ്പിൽ നിന്നും അനധികൃതമായാണ് ഇപ്പോൾ വെള്ളം എടുത്തു കൊണ്ടിരിക്കുന്നതെന്നും ഇതുസംബന്ധിച്ച് പണം അടക്കുവാൻ പല പ്രാവശ്യം ആവശ്യപ്പെട്ടിട്ടുണ്ടെന്നും തവണകളായി അടക്കാൻ സൗകര്യം നൽകാമെന്ന് പറഞ്ഞിട്ടും ചെയ്യാതായതോടെയാണ് കണക്ഷഷൻ വിച്ഛേദിച്ചതെന്നുമാണ് അധികൃതരുടെ വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.