കൊടുങ്ങല്ലൂർ: ജില്ലയിലെ എങ്ങണ്ടിയൂർ മുതൽ എസ്.എൻ. പുരം വരെയുള്ള പത്തു പഞ്ചായത്തുകളിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണാനായി ജൽജീവൻ മിഷൻ, നാഷണൽ ഹൈവേ അതോറിറ്റി, പഞ്ചായത്തുകൾ എന്നിവയിലെ ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ച് യോഗം വിളിക്കാനും റിപ്പോർട്ട് സമർപ്പിക്കാനും ഹൈകോടതി വാട്ടർ അതോറിറ്റി സെക്രട്ടറിക്ക് നിർദേശം നൽകി. ഈ പഞ്ചായത്തുകളിൽ ജൽജീവൻ ഫണ്ടുപയോഗിച്ചു നടത്തുന്ന 124 കോടി രൂപയുടെ വർക്കിന്റെ വിശദാംശങ്ങൾ വാട്ടർ അതോറിറ്റിയോട് നൽകാൻ കഴിഞ്ഞ മാസം കോടതി ഉത്തരവിട്ടിരുന്നു.
അതനുസരിച്ച് നൽകിയ റിപ്പോർട്ടിൽ നാഷണൽ ഹൈവേ വീതി കൂട്ടുന്നതിനിടയിൽ എസ്.എൻ. പുരം അടക്കമുള്ള നാല് സമീപ പഞ്ചായത്തുകളിൽ കുടിവെള്ള പൈപ്പുകൾ പൊട്ടിയതായി പറഞ്ഞിട്ടുണ്ട്. അതുകൊണ്ടാണ് ഇപ്പോൾ കുടിവെള്ളക്ഷാമം ഉണ്ടാകുന്നത്. ഈ പ്രശ്നത്തിന് പരിഹാരമായി വെള്ളാനിയിലെ ജലശുദ്ധീകരണ ശാലയുടെ കപ്പാസിറ്റി വർധിപ്പിച്ച് കൂടുതൽ കാര്യക്ഷമമാക്കാനും പഴയ പൈപ്പുകൾ മാറ്റാനും കിഫ്ബി അനുവദിച്ച 57 കോടി രൂപയുടെ പദ്ധതി നടപ്പാക്കണം. അതോടൊപ്പം ജൽജീവൻ ഫണ്ട് മുഖേന നാട്ടിക ഫർക്കയിലെ പഞ്ചായത്തുകളിൽ പൈപ്പുകൾ സ്ഥാപിച്ച് കുടിവെള്ള വിതരണം വേഗത്തിലാക്കണം. എന്നാൽ മാത്രമേ ഈ മേഖലയിലെ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരം ഉണ്ടാകൂ എന്നാണ് സർക്കാർ ഹൈകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറഞ്ഞത്. കുടിവെള്ളവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ആവശ്യമായ കോഓഡിനേഷൻ നടക്കുന്നില്ലെന്ന് കോടതി എടുത്തു പറഞ്ഞിട്ടുണ്ട്. ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം നേരത്തെ തന്നെ വിളിച്ചുകൂട്ടി പരമാവധി നാലാഴ്ചക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം.
നാട്ടിക ഫർക്കയിലെ പത്തു പഞ്ചായത്തുകളിലെ കുടിവെള്ള വിതരണം കാര്യക്ഷമമാക്കണമെന്ന് ആവശ്യപ്പെട്ട് പി.എ. സീതി മാസ്റ്റർ, ധർമരാജൻ എന്നിവരാണ് ഹരജി സമർപ്പിച്ചത്. ഹരജിക്കാർക്ക് വേണ്ടി അഡ്വ. ഷാനവാസ് കാട്ടകത്ത് ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.