തൃശൂർ: ഡി.സി.സി ഭാരവാഹികളുടെ നേതൃയോഗത്തിൽ കെ.പി.സി.സി നേതാക്കൾ അടക്കമുള്ളവരോട് ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ കയർത്തും ധാർഷ്ട്യത്തോടും പെരുമാറിയ സംഭവത്തിൽ കെ.പി.സി.സി നേതൃത്വം ഇടപെടുന്നു.
ജില്ലയിലെ മുതിർന്ന നേതാക്കൾ അടക്കമുള്ളവർ ഇക്കാര്യത്തിൽ പരസ്യമായി അതൃപ്തി അറിയിച്ചതിനു പിന്നാലെ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, മുതിർന്ന നേതാവ് ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ, സംഘടന ജനറൽ സെക്രട്ടറി ചുമതലയുള്ള ടി.യു. രാധാകൃഷ്ണൻ എന്നിവരെ പരാതി അറിയിച്ചു.
ഏറെ പ്രതീക്ഷയോടെ തലമുറ മാറ്റമായി കണ്ട് നിയമിച്ച നേതാവിൽനിന്ന് ഏകോപനമില്ലാതെയും അപക്വമായും പ്രവൃത്തികളുണ്ടാവുന്നതിൽ നേതാക്കളും അസംതൃപ്തിയിലാണ്. യോഗത്തിൽ സാമുദായിക അധിക്ഷേപ പരാമർശം നടത്തിയതിൽ എൻ.എസ്.എസ് നേതൃത്വവും അതൃപ്തി അറിയിച്ചതായി നേതാക്കൾ പറയുന്നു. പാർട്ടി കടുത്ത പ്രതിസന്ധി നേരിടുന്ന കാലത്ത് എല്ലാവരെയും ഒരുമിച്ചു കൊണ്ടുപോകുന്നതിന് പകരം ഏകപക്ഷീയ തീരുമാനമെടുക്കുകയും കൂടെ നിൽക്കുന്ന വിഭാഗങ്ങളെ എതിരാക്കുന്ന സമീപനവും തങ്ങളെ കൂടി ബാധിക്കുന്നതാണെന്ന് നേതാക്കൾ കെ.പി.സി.സി നേതൃത്വത്തെ അറിയിച്ചു.
കരുവന്നൂർ ബാങ്ക് കൺസോർട്യം രൂപവത്കരിക്കുന്നതിൽ കോൺഗ്രസ് ഭരിക്കുന്ന ബാങ്കുകൾ സഹകരിക്കില്ലെന്ന പ്രസ്താവന സഹകാരികളിലും നിക്ഷേപകരിലും എതിർപ്പുണ്ടാക്കിയെന്നും വിമർശനമുണ്ട്. വിഷയത്തിൽ ഇടപെടുമെന്ന് മുതിർന്ന നേതാക്കളെ അറിയിച്ചുവെന്നാണ് പറയുന്നത്. നടപടിയുണ്ടായില്ലെങ്കിൽ പരസ്യ പ്രതിഷേധത്തിലേക്ക് കടക്കുമെന്നാണ് നേതാക്കളുടെ നിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.