തൃശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിലെ കുതിരാൻ പ്രദേശത്ത് 100 മീറ്ററോളം വരുന്ന ഭാഗം പിന്നിടാൻ യാത്രക്കാർ മൂന്ന് മുതൽ നാല് മണിക്കൂർ വരെ സമയം എടുക്കേണ്ടി വരുന്ന അവസ്ഥയുടെ സാഹചര്യത്തിൽ തുരങ്ക നിർമാണം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഒക്ടോബർ 15നകം വിശദീകരണം ഹാജരാക്കണമെന്ന് ദേശീയപാത അതോറിറ്റിയോട് ഹൈകോടതി ആവശ്യപ്പെട്ടു.
ദേശീയപാത വിഷയത്തിൽ നിയമ പോരാട്ടം നടത്തുന്ന കെ.പി.സി.സി സെക്രട്ടറി ഷാജി ജെ. കോടങ്കണ്ടത്ത് നൽകിയ ഹർജിയിൽ ജസ്റ്റിസ് പി.വി. ആശയാണ് വിശദീകരണം ബോധിപ്പിക്കാൻ ആവശ്യപ്പെട്ടത്. ഇക്കാര്യത്തിൽ ഹൈകോടതിക്കുള്ള ചോദ്യങ്ങൾക്ക് അതോറിറ്റി വിശദീകരണം നൽകണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
ദേശീയപാത അറ്റകുറ്റപ്പണി നടത്തി ഗതാഗതകുരുക്കിന് പരിഹാരം കാണാനും തുരങ്ക നിർമാണം അടിയന്തരമായി പൂർത്തിയാക്കി ഗതാഗതത്തിന് തുറന്ന് കൊടുക്കാനും അതോറിറ്റിക്കും കരാർ കമ്പനിക്കും നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ടാണ് ഷാജി കോടങ്കണ്ടത്ത് കോടതിയെ സമീപിച്ചിരുന്നത്. ഇതിന്മേൽ സെപ്റ്റംബർ 29ന് മറുപടി ഫയൽ ചെയ്യാനാണ് കോടതി ആവശ്യപ്പെട്ടിരുന്നത്. എന്നാൽ, 29ന് കേസ് പരിഗണിച്ചപ്പോൾ അതോറിറ്റി വിശദീകരണം സമർപ്പിച്ചില്ല.
പരിസ്ഥിതി, വനം വകുപ്പുകളുടെ ക്ലിയറൻസ് കിട്ടിയിട്ടും തുരങ്ക നിർമാണം പൂർത്തിയാക്കാൻ നടപടിയെടുക്കാത്തത് എന്തുകൊണ്ടാണെന്ന് അതോറിറ്റിക്കു വേണ്ടി ഹാജരായി സ്റ്റാൻഡിങ് കോൺസലിനോട് കോടതി ചോദിച്ചു. തുടർന്നാണ് 15നകം വിശദീകരണം നൽകാൻ ആവശ്യപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.