ചെറുതുരുത്തി: 105ാം വയസ്സിൽ കലാമണ്ഡലം അവാർഡ് എത്തിയ സന്തോഷത്തിലാണ് താഴത്ത് ചാക്കാലയിൽ കുഞ്ഞൻപിള്ള. പത്തനംതിട്ട ജില്ലയിൽ മല്ലപ്പള്ളി ഗ്രാമപഞ്ചായത്തിൽ ചക്കാലയിൽ കുമാരൻ പിള്ളയുടെയും കുട്ടിയമ്മയുടെയും മകനായി 1916ലാണ് കുഞ്ഞൻപിള്ള ജനിച്ചത്.
പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ചെറുപ്പകാലത്തുതന്നെ ഗുരുകുല സമ്പ്രദായത്തിൽ കുറിയന്നൂർ വേലപ്പിള്ള ആശാെൻറ ശിക്ഷണത്തിൽ തുള്ളൽ പഠനം ആരംഭിച്ചു. 14ാം വയസ്സിൽ കല്യാണസൗഗന്ധികം കഥ അവതരിപ്പിച്ച് അരങ്ങേറ്റം കുറിച്ചു. സത്യ സ്വയംവരം, രുക്മിണി സ്വയംവരം തുടങ്ങി കുഞ്ചൻ നമ്പ്യാരുടെ 22 കഥകൾ സ്വായത്തമാക്കി.
പഴയ തിരുവിതാംകൂറിലെയും തിരുകൊച്ചിയിലെയും ആയിരകണക്കിന് ക്ഷേത്രങ്ങളിൽ നിരവധി തവണ തുള്ളൽ അവതരിപ്പിച്ചിട്ടുണ്ട്.
ഗുരുനാഥനായ വേലുപ്പിള്ള ആശാെൻറ മരണശേഷം ചെന്നിത്തല കുഞ്ഞൻപിള്ള ആശാെൻറ സംഘത്തിൽ വർഷങ്ങളോളം പ്രവർത്തിച്ചു. തുള്ളൽ കലക്ക് പുറമെ വഞ്ചിപ്പാട്ടിലും അഗ്രഗണ്യനാണ്.
കെ.എസ്. ദിവാകരൻ നായർ സ്മാരക സൗഗന്ധികം പുരസ്കാരത്തിന് കലാമണ്ഡലം തിരഞ്ഞെടുത്തതിൽ വളരെ സന്തോഷമുണ്ടെന്ന് കുഞ്ഞൻപിള്ള 'മാധ്യമ'ത്തോട് പറഞ്ഞു. പ്രായാധിക്യംകൊണ്ടുള്ള അസുഖങ്ങൾ മൂലം വിശ്രമജീവിതത്തിലാണെങ്കിലും തന്നെ കാണാൻ എത്തുന്നവരുടെ മുന്നിൽ അവശത മറന്ന് ചുവടുവെക്കാൻ സന്നദ്ധനാണ് ആശാൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.