കുന്നംകുളം: കുന്നംകുളത്തെ സീനിയര്‍ ഗ്രൗണ്ടിലെ സിന്തറ്റിക് ട്രാക്കില്‍ മൂന്ന് ദിനങ്ങളിലായി നടന്ന ജില്ല സ്കൂൾ കായിക മാമാങ്കത്തിൽ തൃശൂർ ഈസ്റ്റ് ഉപജില്ല ഒന്നാംസ്ഥാനം നേടി. 188.5 പോയന്റുമായാണ് ഒന്നാംസ്ഥാനം പിടിച്ചടക്കിയത്. 168 പോയിന്റോടെ ചാലക്കുടി രണ്ടാം സ്ഥാനവും 102 പോയന്റ് നേടി മാള മൂന്നാം സ്ഥാനവും കരസ്ഥമാക്കി. തൃശൂർ കാൽഡിയൻ സിറിയൻ സ്കൂൾ കൂടുതൽ പോയന്റുമായി ഒന്നാമതെത്തി.
പന്നിത്തടം കോൺകോഡ് ഇംഗ്ലീഷ് സ്കൂൾ രണ്ടാം സ്ഥാനം നേടി. മികച്ച ആൺകുട്ടികളുടെ സ്കൂളായി കാർമൽ ചാലക്കുടിയും പെൺകുട്ടികളുടെ മികച്ച സ്കൂളായി തൃശൂർ കാൽഡിയൻ സിറിയനും തെരഞ്ഞെടുത്തു. സമാപന സമ്മേളനം കുന്നംകുളം ഗവ. മോഡല്‍ ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പി.ടി.എ പ്രസിഡന്റ് വി.കെ. സുനിൽ കുമാര്‍ ഉദ്ഘാടനം ചെയ്തു.
ചാവക്കാട് ഡി.ഇ.ഒ സോണി എബ്രഹാം അധ്യക്ഷത വഹിച്ചു. തൃശൂര്‍ ഡി.ഡി.ഇ ഡി. ഷാജിമോന്‍ സമ്മാനദാനം നിർവഹിച്ചു. ജില്ല സ്പോര്‍ട്സ് കോഓഡിനേറ്റര്‍ എ.എസ്. മിഥുന്, കുന്നംകുളം എ.ഇ.ഒ എ. മൊയ്തീന്, ജില്ല സ്പോര്‍ട്സ് ആൻഡ് ഗെയിംസ് സെക്രട്ടറി ഗിറ്റ്സണ്‍ തോമസ്, തൃശൂര്‍ ഈസ്റ്റ് എ.ഇ.ഒ ബാലകൃഷ്ണന്.
ചാവക്കാട് എ.ഇ.ഒ രവീന്ദ്രന്, കുന്നംകുളം ഗവ. ബോയ്സ് സ്കൂള്‍ പ്രിന്‍സിപ്പല്‍ പി.ഐ. റസിയ, പ്രധാനാധ്യാപകന് സോമന് മാസ്റ്റര്‍ എന്നിവര്‍ പങ്കെടുത്തു. എസ്.ഡി.എസ്.ജി.എ സെക്രട്ടറി പി.എം. ശ്രീനേഷ് സ്വാഗതവും റിസപ്ഷന് കമ്മിറ്റി കണ്‍വീനര്‍ കെ. പ്രമോദ് നന്ദിയും പറഞ്ഞു.
കുന്നംകുളം: വിവിധ വിഭാഗങ്ങളിലായി 100 മീറ്റർ ഓട്ടത്തിൽ സ്വർണമണിഞ്ഞവർ മേളയുടെ താരങ്ങളായി. സബ് ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ കൊടകര മറ്റത്തൂർ എസ്.കെ ഹൈസ്കൂൾ എട്ടാം ക്ലാസ് വിദ്യാർഥി ടി.എസ്. അഭിറാം 12.37 സെക്കൻഡുകൾ കൊണ്ടാണ് ലക്ഷ്യത്തിലെത്തിയത്. 200 മീറ്ററിൽ സ്വർണം നേടിയ അഭിറാമിന് 400 മീറ്ററിലും റിലേയിലും വെള്ളി മെഡൽ നേടാനായി. മികച്ച ഫുട്ബാൾ താരം കൂടിയായ അഭിറാം ജില്ല കായിക മേളയിലെ വ്യക്തിഗത താരമായി മാറി.
യദുകൃഷ്ണ
ജൂനിയർ ബോയ്സ് 100 മീറ്റർ ഓട്ടത്തിൽ ഒന്നാം സ്ഥാനം നേടിയ യദുകൃഷ്ണൻ മികച്ച ഫുട്ബാൾ താരമാണ്. മത്സരങ്ങൾക്കിടയിലെ വേഗത കണ്ട കായികാധ്യാപകനാണ് ഓട്ട മത്സരത്തിൽ പരിശീലനം നൽകുന്നത്. 200 മീറ്ററിലും സ്വർണം നേടി. അരിയന്നൂർ സ്വദേശിയും കുന്നംകുളം മോഡൽ ബോയ്സ് സ്കൂൾ പ്ലസ് വൺ വിദ്യാർഥിയുമാണ്. പറപ്പൂർ ഫുട്ബാൾ ക്ലബിന് വേണ്ടിയാണ് ബൂട്ട് കെട്ടുന്നത്.
സി.എസ്. അന്ന മരിയ
പിതാവ് നഷ്ടപ്പെട്ട അന്ന മരിയക്ക് ലഭിച്ച സ്വർണങ്ങൾ അമ്മയുടെ സ്വപ്നസാക്ഷാത്കാരമാണ്. നാലു വർഷം മുമ്പ് പിതാവ് സിജോ ഹൃദയാഘാതം മൂലം മരിച്ചതോടെ മാതാവ് സിനിയുടെ പരിചരണത്തിൽ വളർന്ന അന്ന മരിയ ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ വേഗ റാണിയായി മാറി. ആളൂർ ആർ.എം ഹയർസെക്കൻഡറി സ്കൂൾ പത്താം ക്ലാസ് വിദ്യാർഥിനിയാണ്. 200, 400 മീറ്ററുകൾ, 4 X 100 റിലേ എന്നിവയിലും സ്വർണം നേടാനായി. കഴിഞ്ഞ ജില്ല മേളയിൽ സബ് ജൂനിയർ വിഭാഗത്തിൽ ഹൈജംപിൽ ഒന്നാമതെത്തിയിരുന്നു. 100 മീറ്ററിൽ വെള്ളി മെഡലും റിലേയിൽ സ്വർണവും നേടി. ഇക്കുറി വ്യക്തിഗത ചാമ്പ്യൻകൂടിയാണ് അന്ന മരിയ.
കെ.എസ്. ആര്യനന്ദ, വിജയകൃഷ്ണ
സീനിയർ വിഭാഗം പെൺകുട്ടികളിൽ കെ.എസ്. ആര്യനന്ദയും ആൺകുട്ടികളിൽ വിജയ് കൃഷ്ണനുമാണ് ഒന്നാമന്മാരായത്. 100 മീറ്റർ ഓട്ടത്തിന് പുറമെ 200 മീറ്റർ ഓട്ടത്തിലും 4 X 100 റിലേയിലും ആര്യനന്ദക്ക് സ്വർണം നേടാനായി. കഴിഞ്ഞ തവണ സംസ്ഥാന മേളയിൽ വെള്ളി നേടിയിരുന്നു. ചാലക്കുടി സേക്രട്ട് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർഥിനിയാണ്.
തൃശൂർ കാൽഡിയൻ സിറിയൻ ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർഥിയായ വിജയ കൃഷ്ണ സീനിയർ ബോയ്സിൽ വ്യക്തിഗത ചാമ്പ്യൻകൂടിയാണ്. 100 മീറ്ററിന് പുറമെ 200 മീറ്റർ, 110 ഹഡിൽസ് എന്നിവയിലും സ്വർണം നേടി. കഴിഞ്ഞ തവണ സംസ്ഥാന മേളയിൽ 200 മീറ്ററിലും 110 മീറ്റർ ഹഡിൽസിലും സ്വർണം നേടിയിട്ടുണ്ട്.
കുന്നംകുളം: ജില്ല സ്കൂൾ കായിക മേളയിൽ കായിക താരങ്ങൾക്കൊപ്പം സ്വർണം നേടി പരിശീലകനും. കറുകുറ്റി മാമ്പ്ര യൂനിയൻ ഹയർ സെക്കൻഡറി സ്കൂളിലെ കായിക താരങ്ങൾ സ്വർണം നേടിയതിന്റെ തൊട്ടുപിറകെയാണ് പരിശീലകനായ അധ്യാപകൻ ജോസഫ് സ്വർണം ചൂടിയത്. അധ്യാപക മത്സരത്തിൽ ഷോട്ട് പുട്ടിൽ 12.26 മീറ്റർ എറിഞ്ഞാണ് സ്വർണനേട്ടം.
മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാർഥികളായ ജോഷ്വ എബ്രഹാം, ബേസിൽ പോൾ എന്നിവരിലൂടെ സ്കൂളിന്റെ സ്വർണ പെരുമക്ക് മികവേകി. ജൂനിയർ വിഭാഗം ആൺകുട്ടികളുടെ ഷോട്ട് പുട്ടിൽ സ്വർണവും ഹാമർ ത്രോയിൽ വെങ്കലവും ജോഷ്വ എബ്രഹാമിന് നേടാനായി.
ബേസിൽ പോൾ സീനിയർ ആൺകുട്ടികളുടെ വിഭാഗം ഷോട്ട് പുട്ടിലും ഹാമർ ത്രോയിലും സ്വർണം നേടിയപ്പോൾ ഡിസ്കസ് ത്രോയിൽ വെള്ളി മെഡൽ പിടിച്ചടക്കി. കഴിഞ്ഞ തവണ ജില്ല സ്കൂൾ മേളയിൽ ഹാമർ ത്രോയിൽ ഒന്നാം സ്ഥാനവും ഷോട്ട് പുട്ടിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കിയിരുന്നു.
കുന്നംകുളം: രണ്ടാഴ്ചക്കിടെ രണ്ട് കായികമേളകൾ വിജയകമായി പൂർത്തിയാക്കിയ ആശ്വാസത്തിൽ ജില്ലയിലെ സ്കൂൾ കായികാധ്യാപകരും സംഘാടകരും. ദേശീയ സ്കൂൾ ഗെയിംസ് ഇക്കുറി നവംബർ മൂന്നാം വാരത്തിൽ നടത്തണമെന്ന് അറിയിപ്പ് വന്നതോടെയാണ് കായികമേളകൾ നേരത്തേയായത്. പുല്ലുവളർന്ന് നിൽക്കുന്ന മൈതാനങ്ങൾ ട്രാക്ക് മത്സരങ്ങൾക്ക് ഒരുക്കാൻ അധ്യാപകർ തന്നെ മുന്നിട്ടിറങ്ങി. സെപ്റ്റംബർ 27 മുതലാണ് ഉപജില്ല മത്സരങ്ങൾ ആരംഭിച്ചത്.
ഞായറാഴ്ചയും ചില മത്സരങ്ങൾ നടത്തേണ്ടിവന്നു. ഇതുകഴിഞ്ഞ് ദിവസങ്ങൾക്കകമാണ് ജില്ല സ്കൂൾ കായികമേളയും സംഘടിപ്പിച്ചത്. തിരക്കുപിടിച്ച ഓട്ടത്തിനിടയിലും പോരായ്മകളൊന്നുമില്ലാതെ ജില്ല മത്സരങ്ങൾ പൂർത്തിയാക്കിയ ആശ്വാസത്തിലാണ് സംഘാടകർ.
പര്യാപ്തമായ മൈതാനങ്ങളില്ലാത്തതിനാൽ ഒട്ടുമിക്ക സ്കൂളുകൾക്കും ജൂൺ, ജൂലൈ മാസങ്ങളിൽ കായിക മത്സരങ്ങൾ നടത്താൻ കഴിയാറില്ല. തുടർന്നുള്ള മാസങ്ങളിലാണ് പരിശീലനവും മറ്റും നടക്കുക. ഒക്ടോബർ രണ്ടാം വാരത്തിലാണ് മുൻവർഷങ്ങളിൽ ഉപജില്ല മത്സരങ്ങൾ തുടങ്ങിയിരുന്നത്. കുട്ടികൾക്ക് ഒരുങ്ങാനും സംഘാടനത്തിനും വേണ്ടത്ര സമയവും ലഭിച്ചിരുന്നു.
എന്നാൽ, ഇക്കുറി സ്ഥിതി മറിച്ചായിരുന്നു. പ്രതികൂല കാലാവസ്ഥയും രണ്ട് മേളകൾ തുടർ ദിവസങ്ങളിൽ സംഘടിപ്പിക്കേണ്ടി വന്നതും സംഘാടകർക്ക് വെല്ലുവിളിയായി. ജില്ല സ്കൂൾ കായികമേളക്ക് കുന്ദംകുളത്തെ സിന്തറ്റിക് ട്രാക്ക് തന്നെ ലഭിച്ചത് വലിയ ആശ്വാസമായി. സംസ്ഥാന സ്കൂൾ കായികമേളയുടെ വേദിയിൽ മത്സരിച്ചത് ജില്ലയിലെ കായിക താരങ്ങൾക്കും നേട്ടമായി.
മൂന്നുദിവസവും മുഴുവൻ കായിക താരങ്ങൾക്കും ഒഫീഷ്യൽസിനും ഭക്ഷണ ക്രമീകരണം നടത്തി. കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സ് ആയുർവേദ റിസർചിൽനിന്നുള്ള മൂന്ന് ഡോക്ടർമാർ അടങ്ങുന്ന സംഘവും കായികമേളയുടെ വേദിയിൽ സേവനം ചെയ്തു.
ഡി.ഡി.ഇയും ജനറൽ കൺവീനറുമായ ഡി. ഷാജിമോൻ, ജില്ല സ്പോർട്സ് കോഓഡിനേറ്റർ എ.എസ്. മിഥുൻ, റവന്യൂ സെക്രട്ടറി ഗിറ്റ്സൺ തോമസ് എന്നിവരാണ് കായികമേളയുടെ നടത്തിപ്പിന് നേതൃത്വം കൊടുത്തത്. ഒക്ടബോർ 16 മുതൽ സംസ്ഥാന സ്കൂൾ കായികമേള ഇതേ മൈതാനത്ത് ആരംഭിക്കും.
സീനിയർ വിഭാഗം ആൺകുട്ടികളുടെ ഹൈജംപിൽ സ്വർണം നേടിയ മനു പിറകിലാക്കിയത് പരിക്കിനെ കൂടിയാണ്. കോട്ടപ്പുറം സെന്റ് ആൻസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയായ മനു കൊടുങ്ങല്ലൂർ ഉപജില്ല സ്കൂൾ മേളയിൽ മൂന്ന് സ്വർണങ്ങൾ നേടി വ്യക്തിഗത ചാമ്പ്യനായിരുന്നു.
ഹൈജംപ് കൂടാതെ ലോങ് ജംപ്, ട്രിപ്പ്ൾ ജംപ് എന്നിവയിലാണ് സ്വർണം നേടിയത്. എന്നാൽ, മത്സരത്തിനിടെ കാൽമുട്ടിന് ക്ഷതമേറ്റതോടെ ജില്ല മേളയിൽ രണ്ടിനങ്ങളിൽ മത്സരിക്കേണ്ടെന്ന് തീരുമാനിച്ചു. അങ്ങനെയാണ് ഹൈജംപിൽ മാത്രം മത്സരിക്കുന്നത്.
കൊടുങ്ങലൂർ സ്പോർട്സ് അക്കാദമി അധ്യാപകൻ ബിന്റോ തോമസിന്റെ സൗജന്യ പരിശീലനമാണ് മികവിന് വഴിയൊരുക്കിയത്. ഹൈജംപിന് ആവശ്യമായ ബെഡ് സൗകര്യം സ്വന്തം തട്ടകത്തിൽ ഇല്ലാതിരുന്നത് മനുവിന്റെ പരിശീലനത്തിന് തടസ്സമായിരുന്നു.
തുടർന്ന് അഞ്ച് ദിവസം കുന്നംകുളം സിന്തറ്റിക് ട്രാക്കിലെത്തി പരിശീലനം നേടി. സ്കൂൾ തലത്തിൽ ടേബ്ൾ ടെന്നിസ് ഗെയിംസിൽ സംസ്ഥാന ജേതാവായിട്ടുണ്ട്. കൊടുങ്ങല്ലൂർ അണ്ടുരുത്തിൽ ഷാജി -ഡെലീഷ ദമ്പതികളുടെ മകനാണ്. അമച്വർ മേള അണ്ടർ 19ൽ ഹൈജംപിൽ സ്വർണം നേടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.