കുന്നത്തൂര്‍: കാടുകയറിയ കുന്നത്തൂര്‍ പാലം യാത്രക്കാര്‍ക്കും നാട്ടുകാര്‍ക്കും ഭീഷണിയാകുന്നു. തിരക്കേറിയ കരുനാഗപ്പള്ളി കൊട്ടാരക്കര റൂട്ടില്‍ കല്ലടയാറിനുകുറുകെയാണ് പാലം. രാപ്പകല്‍ വ്യത്യാസമില്ലാതെ തിരക്കേറിയ പാലത്തില്‍ കാഴ്ച മറച്ച് കാട് വളർന്നു. പാലത്തിന്റെ പടിഞ്ഞാറും കിഴക്കും ഭാഗത്തുമാണ് കാട് വളര്‍ന്ന് പന്തലിച്ചത്. ഇതിനൊപ്പം റോഡിന്റെ ഇരുഭാഗത്തുമുള്ള താഴ്ചയും യാത്രക്കാര്‍ക്ക് ഭീഷണിയാണ്.
കാടുമൂടി കിടക്കുന്നതിനാല്‍ അഗാധമായ താഴ്ച പലപ്പോഴും ഡ്രൈവര്‍മാരുടെ ശ്രദ്ധയില്‍പ്പെടാറില്ല. ഇത് അപകടങ്ങള്‍ക്ക് ഇടയാക്കാറുണ്ട്. പാലത്തോട് ചേര്‍ന്നുള്ള വൈദ്യുതി തൂണുകള്‍ പോലും കാട്ടുവള്ളികള്‍ കയറിക്കിടക്കുകയാണ്. കൊട്ടാരക്കര ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ക്ക് ആറ്റുകടവ് ജങ്ഷന്‍ പിന്നിടുമ്പോള്‍ പാലമേത്, കാടേത് എന്ന് തിരിച്ചറിയാന്‍ പോലും കഴിയാത്ത അവസ്ഥയാണ്.
മുന്‍കാലങ്ങളില്‍ തൊഴിലുറപ്പ് പദ്ധതിയില്‍പ്പെടുത്തി കാട് വെട്ടിത്തെളിക്കുമായിരുന്നു. എന്നാല്‍, ദിവസങ്ങള്‍ പിന്നിടുമ്പോള്‍ തന്നെ കാട് പഴയ രീതിയില്‍ തന്നെ തഴച്ചുവളരുകയും ചെയ്യും. ഇതിനാല്‍ തൊഴിലുറപ്പ് പദ്ധതി ഗുണപ്രദമാകാറില്ല. എഴുകോണ്‍, ശാസ്താംകോട്ട പൊതുമരാമത്ത് സെക്ഷനുകളുടെ അതിര്‍ത്തിയിലാണ് പാലം സ്ഥിതി ചെയ്യുന്നത്.
എഴുകോണ്‍ സെക്ഷന്റെ അധികാരപരിധിയിലാണെങ്കിലും പാലം മോടിപിടിപ്പിക്കുന്ന കാര്യത്തില്‍ ഇരുസ്ഥലങ്ങളിലെയും അധികൃതര്‍ തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നു. വശംകെട്ടി സംരക്ഷിച്ചില്ലെങ്കിലും കാട് വെട്ടിത്തെളിച്ച ശേഷം പാതയോരത്ത് ക്രാഷ് ബാരിയര്‍ എങ്കിലും സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.