അതിരപ്പിള്ളി: തുടർച്ചയായ മഴ പെയ്തിട്ടും ഡാമിലെ ജലനിരപ്പ് താഴ്ന്ന നിലയിൽ തുടരുന്നതിനാൽ പെരിങ്ങൽക്കുത്തിൽ വൈദ്യുതി ഉൽപാദനം നടക്കുന്നില്ല. ചാലക്കുടി പുഴയിൽ ജലനിരപ്പ് കാര്യമായി ഉയരാത്തതാണ് തിരിച്ചടിയാകുന്നത്. അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഷോളയാറിലും ഉദ്ദേശിച്ച രീതിയിൽ വൈദ്യുതോൽപാദനം നടക്കുന്നില്ല.
ഷോളയാറിലെ വൈദ്യുതോൽപാദനത്തിന് ശേഷമുള്ള വെള്ളമെത്തിയാലേ പെരിങ്ങൽക്കുത്തിൽ വെള്ളമുണ്ടാകൂ. പെരിങ്ങലിൽ നിന്ന് വൈദ്യുതോൽപാദന ഭാഗമായി വെള്ളം തുറന്നുവിടുന്നതിനനുസരിച്ചാണ് ചാലക്കുടിപ്പുഴയിൽ വെള്ളമുണ്ടാകുക.
മഴ പെയ്തിട്ടും അതിരപ്പിള്ളി, വാഴച്ചാൽ വെള്ളച്ചാട്ടങ്ങളിൽ കാര്യമായ മാറ്റമില്ല. അതിരപ്പിള്ളിയുടെ മനോഹാരിത ആസ്വദിക്കാമെന്ന പ്രതീക്ഷയോടെയെത്തുന്ന വിനോദ സഞ്ചാരികളും നിരാശരാണ്.
ഇതിനിടെ ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതിനാൽ വിനോദ സഞ്ചാരികൾക്ക് രണ്ട് ദിവസത്തേക്ക് വിലക്ക് പ്രഖ്യാപിച്ചിച്ചെങ്കിലും ഉത്തരവ് പിന്നീട് പിൻവലിച്ചു.
ഓറഞ്ച് അലർട്ടിന്റെ പേരിൽ വിനോദ സഞ്ചാരികളെ വിലക്കുന്നതിൽ അതിരപ്പിള്ളി മേഖലയിലെ റിസോർട്ട് ഉടമകളും വ്യാപാരികളും പ്രതിഷേധമറിയിച്ചിരുന്നു. അതിരപ്പിള്ളിയിൽ 58 എം.എം മഴയാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തപ്പെട്ടത്.
തൊട്ടടുത്ത് വെറ്റിലപ്പാറയിൽ കനത്ത മഴയുണ്ട്. 109 എം.എം ആണ് ഇവിടെ പെയ്തത്. പരിയാരത്ത് 71 എം.എം., മേലൂർ 76 എം.എം, ചാലക്കുടി 62 എം.എം, കാടുകുറ്റി 48 എം.എം എന്നിങ്ങനെയും മഴ ലഭിച്ചു.
ചാലക്കുടി പുഴയിൽ കഷ്ടിച്ച് ഒരടിയോളം വെള്ളമേ മഴയിൽ ഉയർന്നിട്ടുള്ളൂ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.