''പെണ്ണാനക്ക് എന്താ കൊമ്പില്ലാത്തേ...'' അവധിക്കാല ക്യാമ്പിൽ കൗതുകമായി ലക്ഷ്മിക്കുട്ടി

തൃശൂർ: പെണ്ണാനക്ക് എന്താ കൊമ്പില്ലാത്തേ, ആനക്ക് കോട്ടുവായ് ഇടാൻ പറ്റുമോ, ആന എന്തിനാ മൂക്ക് ചീറ്റുന്നത്... ഒന്നിനു പിറകെ ഒന്നായല്ല, ഒന്നിച്ചാണ് കുട്ടികളിൽനിന്ന് ചോദ്യം വന്നുകൊണ്ടിരുന്നത്. തൊട്ടടുത്തിരുന്ന ലക്ഷ്മിക്കുട്ടി എന്ന ആനയെ സാക്ഷിയാക്കി ഓരോ ചോദ്യത്തിനും കേന്ദ്ര മൃഗ സംരക്ഷണ ബോർഡ് അംഗം ഡോ. പി.ബി. ഗിരിദാസ് മറുപടി നൽകിക്കൊണ്ടേയിരുന്നു. പെൺകുട്ടിക്കെന്താ മീശയില്ലാത്തേ എന്ന മറുചോദ്യം ചോദിച്ചാണ് പെണ്ണാനക്ക് കൊമ്പില്ലാത്ത ചോദ്യത്തെ നേരിട്ടത്. ആന കോട്ടുവായ് ഇടും എന്ന മറുപടി പറഞ്ഞത് പാപ്പാനായിരുന്നു. മൂക്ക് ചീറ്റുന്നതല്ല, ദേഹം തണുപ്പിക്കാൻ വെള്ളം ചീറ്റുന്നതാണ് എന്ന് ഡോക്ടറുടെ മറുപടി... അങ്ങനെ കുട്ടികളും ഡോക്ടറുമായുള്ള ചോദ്യോത്തരങ്ങൾ തുടർന്നുകൊണ്ടോയിരുന്നു, ജവഹർ ബാലഭവനിലെ അവധിക്കാല ക്യാമ്പിൽ. കുട്ടികളെ ആനയെ കാണിക്കുന്ന പരിപാടിയായിരുന്നു രാവിലെ നടന്നത്.

കുട്ടികളെ വേദിയിൽ വെച്ച് 55 വയസ്സുകാരി ലക്ഷ്മിക്കുട്ടി എന്ന ആന തുമ്പിക്കൈ ഉയർത്തി അഭിസംബോധന ചെയ്തു. കുട്ടികൾ തിരിച്ചും. ആനയെ പരിചയപ്പെടുത്തുമ്പോൾ ആനക്കെത്ര തൂക്കമുണ്ട് എന്ന് ചോദിച്ചപ്പോൾ ലേലം വിളിയായിരുന്നു. അവസാനം 4000 കിലോയിലെത്തി നിന്നു. 3500 കിലോയേ ഉള്ളൂവെന്ന് ഡോക്ടർ അറിയിച്ചു. കേരളത്തിലെ ഏറ്റവും ഉയരമുള്ള ആനയുടെ പേര് കുട്ടികൾക്ക് മനഃപാഠമായിരുന്നു -തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ. ആനയുടെ വായ് കാണണമെന്ന് പറഞ്ഞപ്പോൾ അഭിജിത്ത് എന്ന കുട്ടി ജിലേബിയുമായെത്തി ആനക്ക് നൽകി. ആനയുടെ പുറത്ത് കയറണമെന്നായി കുട്ടികൾ. പാപ്പാൻ കയറും എന്ന് പറഞ്ഞ് പാപ്പാനെ കയറ്റിച്ചു. ആനയെക്കുറിച്ച് സ്വയം ഉണ്ടാക്കിയ കവിതകൾ ക്യാമ്പ് അംഗങ്ങളായ അഭിജിത്തും അവന്തികയും ചൊല്ലി. കുട്ടികൾ കൈയടിയോടെ ഏറ്റുപിടിക്കുകയും ചെയ്തു. ലക്ഷ്മിക്കുട്ടിയെ അടിക്കരുതെന്ന് കുട്ടികൾ പറഞ്ഞപ്പോൾ പാപ്പാൻ സമ്മതിക്കുകയും ചെയ്തു.

പത്താം വർഷമാണ് ലക്ഷ്മിക്കുട്ടി എന്ന തിരുവമ്പാടി ദേവസ്വത്തിന്‍റെ ആന കുട്ടികളുടെ അവധിക്കാല ക്യാമ്പിലെത്തുന്നത്. ഒപ്പം ഡോ. ഗിരിദാസും. ചടങ്ങിൽ പി. കൃഷ്ണൻകുട്ടി മാസ്റ്റർ അധ്യക്ഷത വഹിച്ചു. സി.ആർ. ദാസ്, കോലഴി നാരായണൻ, എം.എൻ. വിനയകുമാർ, ജോയ് വർഗീസ്, പ്രിൻസിപ്പൽ ഇ. നാരായണി തുടങ്ങിയവർ സംസാരിച്ചു. 

Tags:    
News Summary - Lakshmikutty elephant became a star at the holiday camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.