തൃശൂർ: ഇ-മെയിലിൽ, വാട്സാപ്പിൽ, ഫോൺ കോളിൽ ‘വിരൽത്തുമ്പിൽ ലോൺ’ കാണും മുമ്പേ തല വെച്ചാൽ അറിയുക... അത് ജീവനെടുക്കുന്ന കുരുക്കാണ്. ഓർമപ്പെടുത്തുന്നത് പൊലീസാണ്. ദിവസവും സൈബർ സെല്ലിലെത്തുന്നത് അറിഞ്ഞ് തന്നെ കെണിയിൽപ്പെട്ടവരുടെ പരാതികളാണെന്നതാണ് ഏറെ കൗതുകകരം. മൊബൈൽ ആപ്പ് വഴി ഇൻസ്റ്റന്റ് വായ്പകളും ക്രെഡിറ്റ് കാർഡും നൽകാമെന്ന് വിശ്വസിപ്പിച്ച് നടക്കുന്ന തട്ടിപ്പുകളിൽ കുടുങ്ങുന്നതിൽ സ്ത്രീ പുരുഷ ഭേദമൊന്നുമില്ല. അതിൽ അഭ്യസ്ത വിദ്യരാണ് ഏറെയുമെന്നത് മറ്റൊരു പ്രത്യേകത.
ലോൺ ലഭ്യമാകുന്നതിനുള്ള മൊബൈൽ അപ്ലിക്കേഷൻ അതിൽ പറഞ്ഞിരിക്കുന്ന നിർദേശങ്ങൾക്കനുസരിച്ച് ഇൻസ്റ്റാൾ ചെയ്താൽ തന്നെ കെണിയിലായെന്നാണർഥം. കാരണം ആ ആപ്പിലൂടെ ഫോണിലെ ഡാറ്റ തട്ടിപ്പുകാരുടെ കൈയിലെത്തും. മാത്രമല്ല, അനുവദിക്കുന്ന തുകക്ക് ഭീമമായ പലിശയായിരിക്കും തട്ടിപ്പുകാർ ഈടാക്കുന്നത്. പലിശയുൾപ്പെടെ ഉള്ള തുക തിരിച്ചടക്കുന്നതിൽ വീഴ്ച വരുത്തിയാൽ ഫോണിൽനിന്ന് തന്നെ കൈക്കലാക്കിയ ഉപഭോക്താവിന്റെ ഫോട്ടോയും മറ്റും പലതരത്തിൽ എഡിറ്റ് ചെയ്ത് അവരുടെ തന്നെ ഫോണിലുള്ള കോണ്ടാക്ടുകളിലേക്ക് അയച്ചുനൽകി അപകീർത്തിപ്പെടുത്തും.
ഫോണിൽ മറ്റു സ്വകാര്യവിവരങ്ങൾ സേവ് ചെയ്തിട്ടുണ്ടെങ്കിൽ അതും കൈവശപ്പെടുത്തും. ആലോചിച്ചിരിക്കുന്ന നേരം കൊണ്ട് തട്ടിപ്പുകാർ ഇതെല്ലാം ചെയ്തിരിക്കും. പുറത്ത് പറയാനും പരാതിപ്പെടാനുമുള്ള മടി ജീവനൊടുക്കുന്നതിലാണ് പലപ്പോഴും എത്തുന്നത്. ദേശസാത്കൃത ബാങ്കിന്റെ ക്രെഡിറ്റ് കാർഡ് ആക്ടിവേറ്റ് ചെയ്യാനെന്ന വ്യാജേന മൂന്നര ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത കേസിൽ ഝാർഖണ്ഡ് സ്വദേശി കഴിഞ്ഞദിവസം സിറ്റി സൈബർ ക്രൈം പൊലീസിന്റെ പിടിയിലായിരുന്നു. കാർഡ് ആക്ടിവേഷന്റെ പേരിൽ തൃശൂർ നഗരത്തിലെ താമസക്കാരിയായ ഉദ്യോഗസ്ഥയും സമീപകാലത്ത് കബളിപ്പിക്കപ്പെട്ട് പണം നഷ്ടപ്പെട്ടവരിൽപ്പെടും.
ക്രെഡിറ്റ് കാർഡ് ആക്ടിവേഷന്റെ പേരിൽ കുന്നംകുളം സ്വദേശിനിയായ സ്ത്രീയുടെ അക്കൗണ്ടിൽനിന്ന് ഝാർഖണ്ഡ് സ്വദേശി ഏഴ് തവണകളിലായി 3,69,300 രൂപയാണ് തട്ടിയത്. ബാങ്കിൽ നിന്നാണെന്ന് പറഞ്ഞ് ക്രെഡിറ്റ് കാർഡ് ആക്ടിവേറ്റ് ചെയ്യാൻ നിർദേശം നൽകിയായിരുന്നു തട്ടിപ്പ്. പുതിയ ക്രെഡിറ്റ് കാർഡിന് അപേക്ഷിച്ചിരുന്നതിനാൽ സംശയം തോന്നിയില്ല. ഫോണിൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യിപ്പിച്ച് സൂത്രത്തിൽ ബാങ്ക് വിവരം കൈക്കലാക്കി. സ്ത്രീകളെ ഉന്നം വയ്ക്കുന്ന ഇൻസ്റ്റന്റ് വായ്പാ തട്ടിപ്പ് സംഘം, നഗ്നചിത്രം പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തുന്നുണ്ട്.
ഒരു മാസത്തിനിടെ വടക്കേക്കാട് സ്റ്റേഷൻ പരിധിയിൽ ആറ് പേർ പരാതിയുമായെത്തി. മൊബൈൽ ആപ്പ് വഴി വായ്പക്ക് അപേക്ഷിച്ച വീട്ടമ്മ, ആധാർ നമ്പർ ഉൾപ്പെടെ നൽകിയെങ്കിലും പണം ലഭിച്ചില്ല. ഒരാഴ്ച കഴിഞ്ഞപ്പോൾ മൊബൈലിലെ കോൺടാക്ട് ലിസ്റ്റ് ഇവർക്ക് തന്നെ അയച്ചുകൊടുത്ത്, പണം തന്നില്ലെങ്കിൽ നഗ്നചിത്രം പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. പൊലീസിൽ പരാതിപ്പെട്ട ശേഷം മൊബൈൽ നമ്പർ മാറ്റിയെങ്കിലും സഹോദരിയുടെ ഫോണിൽ മോർഫ് ചെയ്ത നഗ്നചിത്രം വന്നു.
വിഡിയോ കോൾ വിളിച്ച് ശല്യം ചെയ്യുന്ന സംഘങ്ങളുമുണ്ട്. പണം നൽകിയാലും വീണ്ടും ആവശ്യപ്പെടും. വ്യത്യസ്ത നമ്പറുകളിൽ നിന്ന് വിളിക്കും. തിരിച്ചു വിളിച്ചാൽ കിട്ടില്ല. ഹിന്ദിയിലോ ഇംഗ്ലീഷിലോ സംസാരിക്കും. അപമാനഭാരം കൊണ്ട് പലരും പരാതിപ്പെടില്ല. ഉത്തരേന്ത്യ കേന്ദ്രീകരിച്ചുള്ള ഇവരെ കുടുക്കുക എളുപ്പമല്ല.
വിവരങ്ങൾ ചോർത്താനായുള്ള ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്അ ക്കൗണ്ട് നമ്പർ, ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് വിവരങ്ങൾ, ഒ.ടി.പി, പിൻ, സി.വി.വി എന്നിവ ആരുമായും പങ്കിടരുത്. മൊബൈലിന്റെ നിയന്ത്രണം നഷ്ടപ്പെടാതിരിക്കാൻ റിമോട്ട് ആക്സസ് ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യാതിരിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.