ഗുരുവായൂർ: ക്ഷേത്രത്തിലെ ലോക്കറ്റ് വിൽപനയിലെ 27.5 ലക്ഷം നഷ്ടപ്പെട്ട സംഭവത്തിൽ പൊലീസ് ദേവസ്വത്തിലെ രേഖകൾ പരിശോധിച്ച് തുടങ്ങി. 2019-20 കാലഘട്ടത്തിൽ പഞ്ചാബ് നാഷനൽ ബാങ്കുമായി ബന്ധപ്പെട്ട് നടന്ന ഇടപാടുകളുടെ രേഖകളാണ് പരിശോധിക്കുന്നത്. ക്ഷേത്രത്തിലെ ലോക്കറ്റ് വില്പന തുക ബാങ്കില്‍ നിക്ഷേപിച്ചതിെൻറ മുഴുവന്‍ രശീതികളും പരിശോധിക്കുന്നുണ്ട്.
എ.സി.പി കെ.ജി. സുരേഷിെൻറ നിർദേശപ്രകാരം ടെംപിള്‍ എസ്.എച്ച്.ഒ സി. പ്രേമാന്ദകൃഷ്ണന്, എസ്.ഐമാരായ സി.ആര്. സുബ്രഹ്മണ്യന്, കെ.വി. സുനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ദേവസ്വം ഓഫിസില്‍ പരിശോധനക്കെത്തിയത്. ബാങ്കിലെ രേഖകളുടെ പരിശോധന നേരത്തേ ആരംഭിച്ചിരുന്നു. ദേവസ്വത്തിെൻറ പ്രാഥമിക പരിശോധനയിൽ 16 ലക്ഷം രൂപയുടെ കുറവാണ് കണ്ടെത്തിയിരുന്നത്. പിന്നീട് നടത്തിയ പരിശോധനയിലാണ് നഷ്ടപ്പെട്ട തുക 27.5 ലക്ഷമായി ഉയർന്നത്.
സംഭവവുമായി ബന്ധപ്പെട്ട് ബാങ്കിലെ ക്ലർക്ക് പി.ഐ. നന്ദകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ദേവസ്വത്തിലെ ഏതെങ്കിലും ഉദ്യോഗസ്ഥന് തട്ടിപ്പിൽ പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇതിനിടെ പണം നഷ്ടമായ സംഭവത്തിൽ ഉദ്യോഗസ്ഥരിൽനിന്ന് ദേവസ്വം വിശദീകരണം ആവശ്യപ്പെട്ടു. അസി. അക്കൗണ്ട്സ് ഓഫിസര്‍ സി. രാജേന്ദ്രന്, മാനേജര്‍മാരായ വി. മനോജ്കുമാര്‍, കെ. ഗീത, എ.കെ. രാധാകൃഷ്ണന്, അസി. മാനേജര്‍മാരായ കെ.എം. വിനോദ്, കെ.ജി. സുരേഷ്കുമാര്‍, ക്ലര്‍ക്ക് അര്ജുന് പ്രദീപ്, ദേവസ്വത്തില്‍നിന്ന് വിരമിച്ച അസി. മാനേജര്‍ കെ. ശ്രീലത എന്നിവര്‍ക്കാണ് അഡ്മിനിസ്ട്രേറ്റര്‍ കത്ത് നല്‍കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.