തൃശൂര്‍: നഗരത്തിൽ ഇടവേളക്കുശേഷം ഒറ്റനമ്പർ ലോട്ടറി ചൂതാട്ടം സജീവം. പിടികൂടിയ എട്ടുപേരെ പൊലീസ് പിടികൂടി. കമീഷണർക്ക് ലഭിച്ച പരാതിയെ തുടർന്നായിരുന്നു അന്വേഷണം. ഷാഡോ പൊലീസും ഈസ്റ്റ് പൊലീസും ചേര്‍ന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇതര സംസ്ഥാനങ്ങളിലെ ലോട്ടറിയാണ് പ്രധാനമായും ചൂതാട്ടത്തിന് ഉപയോഗിക്കുന്നത്. മണിക്കൂറില്‍ നറുക്കെടുപ്പ് നടക്കുന്ന ലോട്ടറികളാണ് ഇവ. ഇതില്‍ സമ്മാനം കിട്ടുന്ന ലോട്ടറിയുടെ നമ്പറിന്റെ അവസാന അക്കം പ്രവചിച്ച് അത് വരുന്നുവെങ്കിലാണ് വിജയി. പൂജ്യം മുതല്‍ ഒമ്പതുവരെ ഏത് അക്കവും പ്രവചിക്കാം. ഒരുലോട്ടറിക്ക് 12 രൂപയാണ് ഈടാക്കിയിരുന്നത്. പ്രവചനം ശരിയായാല്‍ 100രൂപയാണ് ഉപഭോക്താവിന് ലഭിക്കുക. ഇത്തരം ലോട്ടറികളുടെ ഫലം മൊബൈല്‍ ആപ്പുവഴിയാണ് സംഘാടകര്‍ക്ക് ലഭിച്ചിരുന്നത്.
ഒരാള്‍തന്നെ പത്തും ഇരുപതും നമ്പറുകള്‍വരെ പ്രവചിച്ചിരുന്നു. വടക്കേ സ്റ്റാൻഡിന് സമീപം കടത്തിണ്ണയിൽ ക്യാമ്പ് ചെയ്തിരുന്ന സംഘത്തെയാണ് പൊലീസ് പിടികൂടിയത്.
നിരവധിയാളുകൾക്കാണ് വൻ തുകകൾ നഷ്ടമാകുന്നത്. നഗരത്തിൽ തന്നെ പലയിടങ്ങളിലും സമാനമായ ഒറ്റ നമ്പർ ചൂതാട്ടം നടക്കുന്നുവെന്ന വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്. കൂടുതൽ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.