മാള: ''ഒന്നുകിൽ മരിക്കണം. അല്ലെങ്കിൽ നല്ല പുരയിൽ കിടക്കണം. കാറ്റടിക്കുമ്പോൾ പേടിച്ച് വിറച്ചാണ് കിടക്കുന്നത്. ചോരാത്ത ഒരു വീടെന്ന സ്വപ്നം ഈ ജന്മത്തിൽ സാധ്യമാകുമാ?'' -പൊയ്യ ഗ്രാമപഞ്ചായത്ത് മാള പള്ളിപ്പുറം വാർഡ് രണ്ടിലെ പടിഞ്ഞാറൻ മുറി ലക്ഷംവീട് കോളനിക്കാർ ചോദിക്കുന്നു. 10 വീട്ടുകാരാണ് ഇവിടെയുള്ളത്. അഥവാ അഞ്ച് വീടുകൾ. ഒരോ വീടുകളിൽ രണ്ട് കുടുംബം. പിന്നീട് പിൽക്കാലത്ത് ഇതിനടുത്ത് സ്ഥലം വാങ്ങി പലരും വീടുകൾ വെച്ചതോടെ 16 വീടുകളായി മാറി. 16 എണ്ണവും ലക്ഷംവീട് കോളനി വീടുകളായാണ് അറിയപ്പെടുന്നത്. രേഖയിൽ 10 വീട്ടുകാർ മാത്രമാണുള്ളത്. രണ്ടു വീട്ടുകാർക്കും സ്വകാര്യത ഇല്ലാതായി എന്നതാണ് ലക്ഷംവീട് നേരിടുന്ന ഏറ്റവും വലിയ പ്രശ്നം. പിൽക്കാലത്ത് വരുത്തിയ മാറ്റങ്ങളോടെയാണ് ഇന്ന് പല വീടുകളും നിലനിൽക്കുന്നത്. എങ്കിലും മേൽക്കൂര പുനർനിർമിക്കാൻ കഴിയാത്തതിനാൽ വലുപ്പം പഴയതുപോലെതന്നെ നിലനിൽക്കുന്നുമുണ്ട്.
സാധാരണ കൂലിപ്പണിക്കാരാണ് ഇവരിൽ പലരും. ചിലരാകട്ടെ രോഗികളും. ഇതിൽ രണ്ട് വീട്ടുകാർ ഈയിടെ വീട് വിറ്റു. ഇടിഞ്ഞുവീഴുമെന്ന ഘട്ടത്തിലാണ് കിട്ടിയ വിലയ്ക്ക് കൊടുത്ത് വാടക വീടുകളിലേക്ക് മാറിയതെന്ന് ഇവർ പറയുന്നു. ഇത് സത്യമാണെന്ന് വീടുകൾ സന്ദർശിച്ചാൽ ബോധ്യമാവും. ഇവ ഒഴിഞ്ഞുകിടക്കുകയാണ്. 1975ൽ അനുവദിച്ച ലക്ഷം വീട് വീടുകൾ പിന്നീട് സർക്കാർ തിരിഞ്ഞുനോക്കിയിട്ടില്ല എന്നതാണ് വസ്തുത. ഇവരുടെ ശോച്യാവസ്ഥ മാധ്യമങ്ങളിലൂടെ അറിഞ്ഞ ശേഷം 2020ൽ വി.ആർ. സുനിൽകുമാർ എം.എൽ.എ സന്ദർശിച്ച് വാഗ്ദാനങ്ങളും നൽകി. പക്ഷേ ഒന്നും നടപ്പായിട്ടില്ല.
വീടുകളുടെ വേർപാട്
സയാമീസ് ഇരട്ടകളെപോലെ കഴിഞ്ഞ ഒരുവീട് വേർപെടുത്തിയത് 2021 മാർച്ചിലാണ്. നിലവിലുള്ള അഞ്ച് വീടുകളിൽ രണ്ടെണ്ണമാണ് പഞ്ചായത്ത് ഫണ്ട് അനുവദിച്ച് പുനർ നിർമിക്കാൻ അനുമതിയായത്. രണ്ടിന്റെയും പ്രവൃത്തി നടന്നുകൊണ്ടിരിക്കുന്നു. ഭാഗികമായി ഇവ പൂർത്തിയായിട്ടുണ്ട്. ഇതിന് നാല് ലക്ഷം രൂപ വീതമാണ് അനുവദിച്ചത്. ഓളിപറമ്പിൽ സുബ്രഹ്മണ്യൻ, പള്ളിത്താഴത്ത് പുത്തൻപുര നാസർ എന്നിവരുടെ വീടുകളാണിത്. ഒരു വർഷമായി ഈ വീടുകളുടെ നിർമാണം നടക്കുന്നു. ഇതുവരെ മൂന്നു ലക്ഷം രൂപയാണ് അനുവദിച്ചത്. ഇനി ഒരു ലക്ഷംകൂടി അനുവദിക്കാനുണ്ട്. നിർമാണം അനന്തമായി നീളുന്നു എന്നതാണ് ഇപ്പോൾ നേരിടുന്ന ദുരവസ്ഥ.
1975ലേതുപോലെ ഒറ്റ വീടായി നിലനിൽക്കുന്നത് കൈതത്തറ ജയിംസ്, കുറ്റിപ്പുഴകാരൻ നജീബ്, ചക്കാലക്കൽ സത്യൻ, അക്കം വീട്ടിൽ അനില വിഷ്ണു, തളിയ പറമ്പിൽ ആന്റു അന്നംകുട്ടി, പനവളപ്പിൽ അശ്റഫ്, കൊടുങ്ങല്ലൂർകാരൻ മുസ്തഫ, മറിയുമ്മ ഇബ്രാഹിം എന്നിവരുടെ പേരിലുള്ള നാല് വീടുകളാണ്. വീടുകൾക്ക് സമീപം കൂനിന്മേൽ കുരു ആയി അപകട ഭീഷണിയായി പഞ്ഞി മരങ്ങൾ വളർന്നുപന്തലിച്ചു. വർഷംതോറും രണ്ട് വീടുകൾ പുനർനിർമിക്കുക എന്ന ലക്ഷ്യത്തോടെയാണ് മുന്നോട്ടുപോകുന്നതെന്നും ഈ വർഷം രണ്ടുവീടുകൾ പുനർനിർമിക്കുമെന്നും വാർഡ് അംഗം വർഗീസ് കാഞ്ഞൂതറ പറഞ്ഞു. സർക്കാറിൽനിന്ന് വേണ്ടത്ര ഫണ്ട് കിട്ടിയാൽ ഇവരെ പെട്ടെന്ന് മാറ്റിപ്പാർപ്പിക്കാൻ സാധിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
അതേസമയം, ആദ്യകാലത്ത് ലക്ഷംവീട് അനുവദിച്ചു നൽകിയ ആളുകൾ ആരും തന്നെ ഇവിടെ താമസിക്കുന്നില്ല. പലരും ഇവിടം വിട്ടു പോവുകയായിരുന്നു. കൈമാറ്റം ചെയ്യപ്പെട്ടവ നിരന്തരം കൈമാറിയാണ് ഇവരുടെ കൈകളിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.