തൃശൂർ: ശക്തൻ മാർക്കറ്റിലെ മാലിന്യ പ്ലാന്റ് പ്രവർത്തിപ്പിക്കാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് കൗൺസിലർമാർ കോർപറേഷനിലേക്ക് മാലിന്യവുമായി മാർച്ച് നടത്തി. ഒന്നര വർഷത്തോളമായി കോർപറേഷൻ പരിധിയിൽ മാലിന്യം കെട്ടിക്കിടക്കുകയാണെന്നും ഇത് മാറ്റാൻ അടിയന്തര നടപടി വേണമെന്നും കൗൺസിലർമാർ ആവശ്യപ്പെട്ടു.
മാലിന്യം നിറച്ച കൊട്ടകൾ തലയിൽ ചുമന്നും മാലിന്യം നിറച്ച അർബാനയുമായിട്ടായിരുന്നു പ്രതിഷേധം. കോർപറേഷൻ കവാടത്തിൽ പ്രതിഷേധ മാർച്ച് പൊലീസ് തടഞ്ഞു. മാലിന്യം മേയറുടെ ചേംബറിൽ തള്ളാനായിരുന്നു കൗൺസിലർമാരുടെ ശ്രമം. കോർപറേഷനിലേക്ക് തള്ളിക്കയറാനുള്ള ശ്രമം പൊലീസ് ബലം പ്രയോഗിച്ച് തടഞ്ഞത് നേരിയ ഉന്തും തള്ളിനുമിടയാക്കി. ഇതോടെ കവാടത്തിന് മുന്നിൽ പ്രതിഷേധക്കാർ കുത്തിയിരുന്നു. സമരം പ്രതിപക്ഷ കക്ഷിനേതാവ് രാജൻ പല്ലൻ ഉദ്ഘാടനം ചെയ്തു. കോർപറേഷൻ പരിധിയിലെ മാലിന്യനിർമാർജനം വേണ്ടവിധത്തിൽ നടത്താൻ കോർപറേഷൻ തയാറാകുന്നില്ലെന്ന് അദ്ദേഹം ആരോപിച്ചു. ഇ.വി. സുനിൽരാജ് അധ്യക്ഷത വഹിച്ചു.
സ്ഥിരം സമിതി ചെയർമാൻമാരായ ജോൺ ഡാനിയൽ, ലാലി ജയിംസ്, എൻ.എ. ഗോപകുമാർ, പാർലമെന്ററി പാർട്ടി നേതാക്കളായ കെ. രാമനാഥൻ, ജയപ്രകാശ് പൂവ്വത്തിങ്കൽ, മുകേഷ് കൂളപ്പറമ്പിൽ എന്നിവർ സംസാരിച്ചു.
കൗൺസിലർമാരായ സിന്ധു ആന്റോ, ലീല വർഗീസ്, മേഴ്സി അജി, നിമ്മി റപ്പായി, സുനിത വിനു, വിനേഷ് തയ്യിൽ, സനോജ് പോൾ, ശ്രീലാൽ ശ്രീധർ, രമ്യ ബൈജു, അഡ്വ. വില്ലി, ആൻസി ജേക്കബ്, മേഫി ഡെൽസൺ, റെജി ജോയ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.