മന്ത്രി ജലീല്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് കലക്ടറേറ്റിലേക്ക് നടന്ന യൂത്ത് കോൺഗ്രസ് മാർച്ച്

മന്ത്രി ജലീലിന്‍റെ രാജി; മഴയിലും അണയാത്ത പ്രതിഷേധം

തൃശൂർ: കനത്ത മഴയിലും മന്ത്രി ജലീലി​െൻറ രാജിക്കായി സമരകാഹളം മുഴക്കി ജില്ലയിലെ യുവജന സംഘടനകൾ. എൻഫോഴ്​സ്​മെൻറ്​ ഡയറക്​ടറേറ്റ്​ ചോദ്യം ചെയ്​ത മന്ത്രി കെ.ടി. ജലീലി​െൻറ രാജി ആവശ്യപ്പെട്ട്​ തൃശൂരിൽ യൂത്ത്​ കോൺഗ്രസ്​ പ്രവർത്തകർ കലക്​ടറേറ്റിലേക്കും ബി.ജെ.പി സിറ്റി പൊലീസ്​ കമീഷണറുടെ ഓഫിസിലേക്കും മാർച്ച്​ നടത്തി. രണ്ടിടത്തും പൊലീസ്​ ജലപീരങ്കി പ്രയോഗിച്ചു. ബി.ജെ.പി മാർച്ചിന്​ നേരെയുണ്ടായ ജലപീരങ്കി പ്രയോഗത്തിൽ സംസ്ഥാന വക്താവ്​ ബി. ഗോപാലകൃഷ്​ണന്​ കണ്ണിന്​ ആഘാതമേറ്റു.

ഡി.സി.സി ഓഫിസിൽനിന്ന്​ പുറപ്പെട്ട യൂത്ത്​ കോൺഗ്രസ്​ മാർച്ചിന്​ ജില്ല പ്രസിഡൻറ്​ ഒ.ജെ. ജനീഷ്​, സംസ്ഥാന സെക്രട്ടറിമാരായ ശോഭ സുബിനും അഭിഷാല്​ പ്രഭാകറും നേതൃത്വം നൽകി.​ നേരത്തേ ​തീരുമാനിച്ച ലോങ്​ മാർച്ച്​ കലക്​ടറേറ്റ്​ മാർച്ചാക്കുകയായിരുന്നു. കലക്​ടറേറ്റിന്​ മുന്നിലെ പൊലീസ്​ ബാരിക്കേഡ്​ മറിച്ചിടാൻ ശ്രമിച്ചതിനെ തുടർന്നാണ്​ ജലപീരങ്കി പ്രയോഗിച്ചത്​. പ്രവർത്തകർ ഏറെനേരം കലക്​ടറേറ്റിന്​ മുന്നിൽ കൂടിനിന്നു.

ബി.ജെ.പി ജില്ല കമ്മിറ്റി ഓഫിസിൽനിന്ന്​ ആരംഭിച്ച കമീഷണർ ഓഫിസ്​ മാർച്ചിന്​ ജില്ല പ്രസിഡൻറ്​ കെ.കെ. അനീഷ്​കുമാർ, മേഖല ജനറൽ സെ​ക്രട്ടറി രവികുമാർ ഉപ്പത്ത്​, ജില്ല ജനറൽ സെക്രട്ടറി കെ.ആർ. ഹരി എന്നിവർ നേതൃത്വം നൽകി. പ്രതിഷേധ യോഗം ഉദ്​ഘാടനം ചെയ്യാനെത്തിയ സംസ്ഥാന വക്താവ്​ ബി. ഗോപാലകൃഷ്​ണന്​ ജലപീരങ്കി പ്രയോഗത്തിൽ പ്രശ്​നം നേരിട്ടതിനെ തുടർന്ന്​ ഒരു കണ്ണ്​ മറച്ചാണ്​ തുടർന്ന്​ പ​ങ്കെടുത്തത്​.മാർച്ച്​ പൊലീസ്​ തടഞ്ഞ​പ്പോൾ പ്രവർത്തകർ ബലപ്രയോഗത്തിന്​ മുതിർന്നതാണ്​ ജലപീരങ്കി പ്രയോഗിക്കാൻ ഇടയാക്കിയത്​.

തൃശൂർ: ജലീലിനെ മന്ത്രിസഭയിൽനിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് തൃശൂരിൽ യൂത്ത് ലീഗ് ജില്ല കമ്മിറ്റി സമരം നടത്തി. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.എച്ച്. റഷീദ് ഉദ്ഘാടനം ചെയ്തു. രാജ്യദ്രോഹക്കുറ്റം ചുമത്താവുന്ന കേസിൽ എൻഫോഴ്സ്മെൻറ്​ ഡയറക്ടറേറ്റ് ചോദ്യം ചെയ്തിട്ടും മന്ത്രിയെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രിക്കെന്ന് റഷീദ് പറഞ്ഞു. വിദ്യാർഥി കോർണറിൽനിന്ന് ആരംഭിച്ച പ്രകടനം സ്വരാജ് റൗണ്ട് ചുറ്റി കോർപറേഷൻ പരിസരത്ത് സമാപിച്ചു. ജില്ല പ്രസിഡൻറ്​ കെ.കെ. അഫ്സൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എ.എം. നൗഫൽ, ഭാരവാഹികളായ നൗഷാദ് തെരുവത്ത്, വി.പി. മൻസൂറലി, ആർ.എം. മനാഫ് എന്നിവർ സംസാരിച്ചു.

പ്രകടനത്തിന് സുഹൈൽ തങ്ങൾ, നസീഫ് യൂസഫ്, കെ.എ. തൻസീം, ടി.ആർ. ഇബ്രാഹിം, വി.എം. മുഹമ്മദ് സമാൻ, കെ.ഐ. മുഹമ്മദ് നഈം, പി.യു. അനസ് എന്നിവർ നേതൃത്വം നൽകി.

ജലീൽ രാജിവെക്കണം –കേരള കോൺഗ്രസ്​ (ജേക്കബ്​)

തൃശൂർ: ഔദ്യോഗികവാഹനം ഉപേക്ഷിച്ച് സ്വകാര്യ കാറിൽ എൻഫോഴ്സ്മെൻറ്​ ഡയറക്ടറേറ്റി​െൻറ ചോദ്യംചെയ്യലിന്​ എത്തിയ മന്ത്രി കെ.ടി. ജലീലി​െൻറ നടപടി സംശയാസ്​പദമാണെന്നും മടിയിൽ കനമുള്ളതിനാലാണ്​ മന്ത്രിക്ക്​ ഔദ്യോഗികവാഹനം ഉപേക്ഷിക്കേണ്ടിവന്നതെന്നും കേരള കോൺഗ്രസ് (ജേക്കബ്) സംസ്ഥാന ജനറൽ സെക്രട്ടറി കെ.ആർ. ഗിരിജൻ പ്രസ്​താവനയിൽ പറഞ്ഞു.

മതഗ്രന്ഥങ്ങളെ കൂട്ടുപിടിച്ച് സ്വർണക്കടത്തിൽനിന്ന്​ രക്ഷപ്പെടാൻ ശ്രമിക്കാതെ ആത്മാഭിമാനം ഉണ്ടെങ്കിൽ മന്ത്രി രാജിവെക്കണമെന്ന്​ പാർട്ടി ജില്ല സെക്രട്ടറിയേറ്റ് യോഗം ഉദ്​ഘാടനം ചെയ്​ത്​ അദ്ദേഹം ആവശ്യപ്പെട്ടു. ജില്ല പ്രസിഡൻറ്​ പി.എം. ഏലിയാസ് അധ്യക്ഷത വഹിച്ച​ു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.