ശരീരം മുഴുവൻ തീപിടിച്ച പെൺകുട്ടിയെ എടുത്ത് ഫിറോസ് ഓടി, നിലത്തുകിടത്തി ഉരുട്ടി...

തൃശൂർ: ഡ്യൂട്ടി കഴിഞ്ഞ് മടങ്ങവേ അവിചാരിതമായി ഒരു രക്ഷാപ്രവർത്തനം നടത്തിയതിന്റെ നടുക്കവും ആഹ്ലാദവും പങ്കുവെച്ച് പൊലീസുകാരൻ എഴുതിയ കുറിപ്പ് ​വൈറലാകുന്നു. ദേഹമാസകലം തീപിടിച്ച് മരണത്തെ മുഖാമുഖം കണ്ട പിഞ്ചുകുഞ്ഞിനെ, തൃശൂർ വടക്കേക്കാട് പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ വാടാനപ്പള്ളി സ്വദേശി പി.എ ഫിറോസ്, ദേവേഷ് എന്നിവരാണ് സാഹസികമായി രക്ഷിച്ചത്.

വൈകീട്ട് ആറുമണിയോടെയാണ് സംഭവം. ഇരുവരും ഞമനേങ്ങാട് അംഗൻവാടി പരിസരത്ത് ഡ്യൂട്ടി കഴിഞ്ഞ് പൊലീസ് സ്റ്റേഷനിലേക്ക് മടങ്ങുകയായിരുന്നു. അപ്പോഴാണ് അടുത്തുള്ള ഒരു വീട്ടിൽ നിന്ന് അമ്മേ.... അമ്മേ..... എന്ന പിഞ്ചുകുഞ്ഞിന്റെ നിലവിളി ശബ്ദവും സ്ത്രീകളുടെ കൂട്ടക്കരച്ചിലും കേട്ടത്. ഓടിച്ചെന്നപ്പോൾ ഭയാനകമായ കാഴ്ചയാണ് കണ്ടത്. നിലവിളക്കിൽനിന്ന് വസ്ത്രത്തിന് തീപ്പിടിച്ച് ശരീരം മുഴുവൻ തീയുമായി ഒരു ചെറിയ പെൺകുട്ടി വീടിന്റെ ഉമ്മറത്ത് ഓടുന്നു....

വീട്ടിൽ പ്രായമായ അമ്മൂമ്മയും അപ്പൂപ്പനും മാത്രമാണ് ഉള്ളത്. കുട്ടിയുടെ ശരീരമാസകലം ആളിക്കത്തുന്ന തീ കണ്ട് അവർക്ക് ഒന്നും പ്രതികരിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. ദൂരെ മാറി നിന്ന് അവരും കരയുകയാണ്. അൽപ്പസമയം പോലും പാഴാക്കാതെ ഫിറോസ് വീടിന്റെ ഉമ്മറത്തേക്ക് ഓടിക്കയറി. കുട്ടിയെ രക്ഷിക്കാനായി എന്തെങ്കിലും തുണിയോ ചാക്കോ കിട്ടുമോ എന്നറിയാൻ ചുറ്റും നോക്കിയെങ്കിലും ഒന്നും കണ്ടില്ല. മറ്റൊന്നും ആലോചിക്കാതെ, തീപിടിച്ച് കരയുന്ന കുട്ടിയെ എടുത്ത് മുറ്റത്തേക്ക് ഓടി. കുട്ടിയെ നിലത്തുകിടത്തി ഉരുട്ടി.

ഫിറോസിന്റെ കൈവശം ഒരു ബാഗ് മാത്രമാണുണ്ടായിരുന്നത്. അതെടുത്ത് കുട്ടിയുടെ ദേഹത്തെ തീയണക്കാൻ ശ്രമിച്ചു. അൽപ്പനേരത്തെ പരിശ്രമത്തിനൊടുവിൽ തീയണഞ്ഞു. ഉടൻ തന്നെ സമീപവാസിയായ ഒരാളുടെ കാറിൽ കയറ്റി കുട്ടിയെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. മാർച്ച് 10നായിരുന്നു സംഭവം. ഗുരുതരമായി പൊള്ളലേറ്റ കുട്ടിയെ ഏറെ നാൾ വെന്റിലേറ്റിലാണ് പരിചരിച്ചത്. പരിക്ക് ഭേദമായതോടെ കഴിഞ്ഞ ദിവസം ഡിസ്ചാർജ് ചെയ്തു. തീ ഉടൻ കെടുത്തിയതും പെട്ടന്ന് തന്നെ ആശുപത്രിയിൽ എത്തിച്ചതുമാണ് ജീവൻ രക്ഷിക്കാൻ സഹായിച്ചത്. അച്ഛന്റെ വീടായ പാലക്കാടാണ് ഇപ്പോൾ കുട്ടിയും കുടുംബവും കഴിയുന്നത്.

സംഭവത്തെ കുറിച്ച് ഫിറോസ് എഴുതിയത് വായിക്കാം:

സംഭവത്തിന് ശേഷം എനിക്ക് വല്ലാതെ പേടി തോന്നി. കുട്ടികൾക്കു സംഭവിക്കുന്ന ഓരോ അപകടങ്ങളും നമ്മുടെ മനസ്സിനെ വല്ലാതെ വേദനപ്പെടുത്തുമല്ലോ...! പിറ്റേ ദിവസം ഞാൻ ആശുപത്രിയിലേക്ക് ഫോൺ ചെയ്തു. കുട്ടിയുടെ ആരോഗ്യ നിലയെക്കുറിച്ച് അന്വേഷിച്ചു. ഗുരുതരമായി പൊള്ളലേറ്റ കുട്ടിയെ എത്രയും പെട്ടന്ന് ആശുപത്രിയിൽ എത്തിച്ചതുകൊണ്ടാണ് ചികിത്സ ലഭ്യമാക്കാൻ സാധിച്ചതെന്നും, കുട്ടി ഇപ്പോൾ വെൻറിലേറ്ററിലാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

ഡ്യൂട്ടികഴിഞ്ഞ് വീട്ടിലെത്തി ഞാൻ ഇതെല്ലാം ഭാര്യയോടും കുട്ടികളോടും പറഞ്ഞു. രാത്രിയിൽ ഉറങ്ങാൻ കിടക്കുമ്പോഴും എന്റെ മനസ്സിൽ ആ കുട്ടിയെക്കുറിച്ചുള്ള രംഗം നിറഞ്ഞു നിന്നു. ഞാൻ ആ കുട്ടിയുടെ വീട്ടുകാരുമായി നിരന്തരം ബന്ധപ്പെട്ടു. ഒരാഴ്ചകൊണ്ട് കുട്ടിയുടെ ആരോഗ്യ നിലയിൽ കാര്യമായ പുരോഗതിയുണ്ടായി.

എനിക്ക് ആ കുട്ടിയെ പോയി കാണണമെന്നുണ്ടായിരുന്നു. എന്നാൽ അണുബാധയുണ്ടാകാനുള്ള സാധ്യതയുള്ളതിനാൽ കുട്ടിയെ റൂമിലേക്ക് മാറ്റുമ്പോൾ മാത്രമേ കാണാൻ കഴിയൂ എന്നാണ് വീട്ടുകാർ പറഞ്ഞത്. ഒരാഴ്ച പിന്നിട്ടു. അവളെ റൂമിലേക്ക് മാറ്റി. ഡ്യൂട്ടിക്കിടയിൽ സമയം കണ്ടെത്തി, ഞാൻ കുട്ടിയെ കാണാൻ ആശുപത്രിയിൽ പോയിരുന്നു.

പൊള്ളലേറ്റ അവളുടെ ശരീരത്തിലെ മുറിവുകളെല്ലാം മാറി വരികയാണ്. എന്നെ കണ്ടപ്പോൾ കുട്ടിക്കും വീട്ടുകാർക്കും വളരെ സന്തോഷമായി. അവളുടെ മുഖം കണ്ടപ്പോൾ എനിക്കും സന്തോഷമായി. എന്തായാലും വലിയൊരു അപകടത്തിൽ നിന്നുമാണ് കുട്ടി രക്ഷപെട്ടത്.

"കത്തിച്ചുവെച്ച നിലവിളക്കിൽ നിന്നും അബദ്ധത്തിലാണ് കുട്ടിയുടെ വസ്ത്രത്തിലേക്ക് തീ പടർന്നത്. ആളിക്കത്തിയ തീയുമായി അവൾ അലറിക്കരഞ്ഞ് പുറത്തേക്കോടി. ഗത്യന്തരമില്ലാതെ ഞങ്ങൾ പകച്ചു നിൽക്കുമ്പോഴാണ് സാർ അതുവഴി വന്നത്. സർ വന്നില്ലായിരുന്നെങ്കിൽ എന്റെ മകളെ എനിക്കു നഷ്ടപ്പെട്ടേനെ…." -ഇതു പറയുമ്പോൾ അവളുടെ അമ്മ കരയുന്നുണ്ടായിരുന്നു.

തീ കെടുത്താനായി ആ സമയം എന്റെ കൈവശം ഒന്നുമുണ്ടായിരുന്നില്ല. എങ്ങനെയോ മനസ്സാന്നിധ്യം വീണ്ടെടുത്താണ് ഞാൻ കുട്ടിയെ രക്ഷപ്പെടുത്തിയത്.

ദൈവത്തിനു നന്ദി. കേരളാ പോലീസിലെ ഓരോ പൊലീസുദ്യോഗസ്ഥനുമുണ്ടായിരിക്കും ഇത്തരം അനുഭവങ്ങൾ....


 


Tags:    
News Summary - Miraculous Rescue Operation of a Civil Police Officer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.