തൃശൂർ: 1996ൽ ഈ പ്രദേശങ്ങളിലൂടെ പഴയ ലീഡറുടെ മകൻ ഇതേ നിയോഗത്തിൽ സഞ്ചരിച്ചിരുന്നു. അന്നത്തെ മണ്ഡല ഭൂമിശാസ്ത്രത്തിൽനിന്ന് ഇപ്പോൾ ചെറിയ വ്യത്യാസമുണ്ടെന്ന് മാത്രം. കത്തുന്ന വെയിലാണെങ്കിലും സ്ഥാനാർഥി ‘കൂൾ’ ആണ്. അത് അനുഭവ സമ്പത്തിന്റെ ഫലം.
കേരളമാകെ തെരഞ്ഞെടുപ്പിന് മത്സരിച്ച് ജയവും തോൽവിയുമറിഞ്ഞ ഒരാൾ ഒരുപക്ഷെ ഇദ്ദേഹമല്ലാതെ കോൺഗ്രസിൽ വേറെയില്ല. ‘കേരളത്തിലെ കോൺഗ്രസിന്റെ കരുത്തൻ..’എന്ന് തുടങ്ങി പ്രചാരണ വാഹനത്തിൽനിന്ന് ഒഴുകിവരുന്ന പ്രയോഗങ്ങളും അപദാന ഗാനങ്ങളും ഈ മനുഷ്യന് കൃത്യം. വാക്കുകളിൽ ധാരാളിത്തമില്ല, സമയനിഷ്ഠയിൽ തെല്ല് പിടിവാശിയുണ്ടുതാനും.
ഇത് കെ. മുരളീധരൻ. തൃശൂരിൽ ബാല്യം പിന്നിട്ടയാൾ. തൃശൂരിൽ ജീവിച്ച കെ. കരുണാകരന്റെയും കല്യാണിക്കുട്ടിയമ്മയുടെയും മകൻ. ഇപ്പോഴും തന്റെ പേരിൽതുടങ്ങുന്ന ഒരു ‘മന്ദിര’മുള്ളയാൾ. ഈ സ്ഥാനാർഥി തൃശൂരിന് സ്ഥലംമാറി വന്നയാളേയല്ല.
യു.ഡി.എഫ് തൃശൂർ ലോക്സഭ സ്ഥാനാർഥി കെ. മുരളീധരന് ഞായറാഴ്ച ഷെഡ്യൂൾ പ്രകാരമുള്ള മണ്ഡല പര്യടനം ഉണ്ടായിരുന്നില്ല. ചില വീടുകൾ കയറൽ. പഴയ ചില ബന്ധങ്ങൾ പൊടിതട്ടിയെടുത്ത്, പഴയ ഓർമകൾക്കരികിലൂടെ...ചേർപ്പിൽനിന്ന് രാവിലെ ഒല്ലൂർ മേഖലയിലെ വെള്ളാനിക്കരയിൽ സ്ഥാനാർഥി എത്തുമ്പോൾ പ്രവർത്തകർ കാത്തുനിൽപ്പുണ്ട്. ഈ പ്രദേശം സ്ഥാനാർഥിക്ക് ബാല്യസ്മരണയുള്ളതാണ്.
തട്ടിൽ എസ്റ്റേറ്റ് ജീവനക്കാരനായിരുന്ന അച്ഛനൊപ്പം ജീവിച്ചത് ഇവിടെയാണ്. അവിടെനിന്ന് കെ. കരുണാകരൻ വളർന്നു, പലതവണ കേരളത്തിന്റെ മുഖ്യമന്ത്രിയായി. അന്നത്തെ വീട് ഇപ്പോഴില്ല. പക്ഷെ, അന്ന് ആ കുടുംബത്തെ അടുത്തറിയുമായിരുന്ന പലരും ഇപ്പോഴുമുണ്ട്.
അവരിൽ ചിലർ ‘മോനേ’ വിളിയോടെ ഓടിയെത്തി. പ്രായം ചെന്ന അവരോട് സ്നേഹത്തോടെ കുശലാന്വേഷണം. ‘ഒത്തുപിടിക്കുമല്ലോ അല്ലേ’ എന്ന് ചെറുചിരിയോടെ ചോദ്യവും. ഇടക്ക് ചില വിഷയങ്ങളിൽ പ്രതികരണം തേടിയെത്തിയ ദൃശ്യ മാധ്യമ പ്രവർത്തകരോട് സംസാരിക്കുമ്പോൾ നേതൃ പാടവം വ്യക്തമാക്കുന്ന വാക്കുകൾ. വീണ്ടും നാട്ടുകാരോട് വോട്ടുചോദ്യം.
ഉച്ചയോടെ തൃശൂരിലേക്ക് തിരിച്ചു; ചേംബർ ഓഫ് കൊമേഴ്സിന്റെ സ്ഥാനാർഥി സംഗമത്തിൽ പങ്കെടുക്കാൻ. മൂന്ന് സ്ഥാനാർഥികളുമെത്തുമെന്ന് പറഞ്ഞെങ്കിലും ആദ്യം എത്തിയത് മുരളീധരൻ. ജയിച്ചാൽ നടപ്പാക്കാൻ ചേംബർ മുന്നോട്ടുവെച്ച നിർദേശങ്ങൾക്ക് യാഥാർഥ്യ ബോധത്തിലൂന്നിയ മറുപടി. ‘എം.പിയുടെ പരിമിതി നന്നായറിയാം.
വെറുതെ വാഗ്ദാനങ്ങൾ നൽകാനില്ല. നിങ്ങൾക്ക് പറയാനുള്ളതിൽ എനിക്ക് സാധ്യമാവുന്നത് ചെയ്യാൻ അവസരം കിട്ടിയാൽ ചെയ്യും’. ചേംബർ കെട്ടിടം ഉദ്ഘാടനം ചെയ്തത് സ്ഥാനാർഥിയുടെ പിതാവ് കെ. കരുണാകരനാണെന്ന് സെക്രട്ടറി ജീജി ജോർജ് പ്രസംഗ മധ്യേ പറഞ്ഞു, കൂട്ടത്തിൽ കരുണാകരന്റെ ഗുണവശങ്ങളും. അതിനും മകന് മറുപടിയുണ്ട്, ‘കരുണാകരൻ ശരിക്കും മുഖ്യമന്ത്രിയായിരുന്നു. പല പ്രധാനമന്ത്രിമാർക്കും ഇഷ്ടപ്പെട്ട ആളായിരുന്നു. ഇപ്പോഴത്തെ കാര്യങ്ങൾ ഞാൻ പറയേണ്ടല്ലോ’. വാക്കുകൾ അവസാനിപ്പിച്ച് ഉടൻ ഇറങ്ങി.
ഞായറാഴ്ച മുഴുവൻ ഇതുപോലുള്ള പരിപാടികളിലാണ്. പൂരം പോലുള്ള വിഷയങ്ങളിൽ നിലപാട് പറഞ്ഞും കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെ ഭരണവീഴ്ച ചൂണ്ടിക്കാട്ടിയും ക്ലാസെടുക്കുന്നതുപോലെയാണ് സ്ഥാനാർഥിയുടെ പ്രയാണം. പ്രചാരണത്തിന് ഇനി അധികം ദിവസമില്ലെന്ന വേവലാതിയൊന്നുമില്ല. ‘എനിക്ക് പറയാനുള്ളത് ഇത്രയുമാണ്, ബാക്കി നിങ്ങൾ തീരുമാനിക്കൂ’ എന്ന് പറഞ്ഞ് അടുത്ത കേന്ദ്രത്തിലേക്ക് നീങ്ങുമ്പോൾ ഒരു തികഞ്ഞ നേതാവിനെ കാണാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.