തൃശൂര്‍: ജില്ലയില്‍ നവകേരള സദസ്സ് നടന്ന് രണ്ട് മാസമെത്തുമ്പോഴും പരാതികളില്‍ പകുതിയിലധികവും പരിഹാരമില്ലാതെ കിടക്കുന്നു. ജില്ലയിൽ 55,612 പരാതികൾ ലഭിച്ചതിൽ 28,667 പരാതികൾ പരിഹരിക്കാനായിട്ടില്ലെന്ന് ജില്ല ഭരണകൂടം നൽകിയ വിവരാവകാശ രേഖകളിൽ വ്യക്തമാക്കുന്നു. ഡിസംബർ നാല് മുതൽ ഏഴ് വരെയായിരുന്നു ജില്ലയിലെ നവകേരള സദസ്സ്. പരാതികൾ പരിഹരിച്ചവയിൽ വേഗത തദ്ദേശവകുപ്പിനാണ്. അതേസമയം റവന്യൂ മന്ത്രിയുടെ സ്വന്തം ജില്ലയായ തൃശൂരിൽ വകുപ്പിലാണ് തീർപ്പാക്കാനുള്ള പരാതികൾ ഏറെയും.
തദ്ദേശ സ്ഥാപനങ്ങളിൽ ഗുരുവായൂരിലാണ് ജില്ലയിലേറ്റവും കൂടുതല്‍ പരാതി പരിഹരിക്കാനുള്ളത്. ഗുരുവായൂരിൽ 4555 പരാതികൾ ലഭിച്ചതിൽ 2665 എണ്ണവും പരിഹാരമാവാതെ കിടക്കുന്നു. ചാലക്കുടി, പുതുക്കാട്, ഇരിങ്ങാലക്കുട, കയ്പമംഗലം, നാട്ടിക, ഒല്ലൂര്‍, വടക്കാഞ്ചേരി, മണലൂര്‍, കുന്നംകുളം, ചേലക്കര മണ്ഡലങ്ങളില്‍ ഇനിയും രണ്ടായിരത്തിലേറെ വീതം പരാതികള്‍ പരിഹരിക്കാനുണ്ട്. ഏറ്റവും കൂടുതല്‍ പരാതിയെത്തിയത് തദ്ദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടതായിരുന്നെന്ന് രേഖകളിൽ പറയുന്നു.
19,059 പരാതികൾ ലഭിച്ചതിൽ 502ഉം തീർപ്പാക്കി. 11,374ഉം നടപടികളിലേക്ക് കടന്നു. 4622 പരാതികളാണ് ഇനി തീര്‍ക്കാനുള്ളത്. 2561 എണ്ണം കോടതി നടപടികളിലുള്ളതാണ്. റവന്യൂ മന്ത്രിയുടെ സ്വന്തം ജില്ലയെന്ന പെരുമക്ക് നാണക്കേടാവുന്നതാണ് പരാതികളിലെ പ്രവാഹവും നടപടികളിലെ ഇഴഞ്ഞുനീങ്ങലും. പരാതി പരിഹാരത്തിന് ഒട്ടും വേഗതയില്ലെന്ന് ഔദ്യോഗിക രേഖ തന്നെ സ്ഥിരീകരിക്കുന്നു. 12191 പരാതികൾ ലഭിച്ചതിൽ തീർപ്പാക്കാനായത് വെറും 183 മാത്രം. 2,044 പരാതികൾ മാത്രമാണ് പരിഹാര നടപടികളിലേക്ക് കടന്നത്. ഒമ്പതെണ്ണം കോടതി വ്യവഹാര നടപടികളിലുള്ളതാണ്. 9955 എണ്ണവും പരാതി നടപടികളുടെ ഒരു ഘട്ടത്തിലേക്കും നീങ്ങാതെയിരിപ്പാണ്.
സി.പി.എമ്മിനെയും സർക്കാരിനെയും ഇപ്പോഴും ഭീതിയിലാക്കുന്ന, സംസ്ഥാനത്തിനെതിരായ ആയുധമായി കേന്ദ്രം കാണുന്ന സഹകരണ തട്ടിപ്പിൽ കരിനിഴൽ വീണ തൃശൂരില്‍ വകുപ്പുമായി ബന്ധപ്പെട്ട് 3732 പരാതിയെത്തിയതില്‍ ഇനിയും പരിഹരിക്കാനുണ്ട് 1200 എണ്ണം. ആരോഗ്യവകുപ്പിൽ ലഭിച്ച 989 പരാതികളിൽ തീർപ്പാക്കിയത് 79 എണ്ണം. 790 എണ്ണം കോടതി നടപടികളിലുള്ളതാണ്. മുഖ്യമന്ത്രിയുടെ ദുരുതാശ്വാസ നിധിയില്‍നിന്നും ധനസഹായത്തിനായി ലഭിച്ച അപേക്ഷകളുടെ എണ്ണം 2292. തീര്‍പ്പാക്കിയവയുടെ വിവരങ്ങള്‍ നവകേരള സദസ്സ് പോര്‍ട്ടലില്‍ ലഭ്യമാക്കിയിട്ടില്ലെന്നാണ് വിവരാവകാശ രേഖ വ്യക്തമാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.