തൃശൂർ: ആനയെഴുന്നള്ളിപ്പുകൾക്കുള്ള നിയന്ത്രണം കർശനമാക്കി നാട്ടാന നിരീക്ഷണ ജില്ലതല സമിതി. നേരത്തെ നൽകിയ നിർദേശങ്ങൾ ആവർത്തിച്ചും ഭേദഗതി വരുത്തിയുമാണ് നൽകിയിരിക്കുന്നത്. 20 ഇന നിർദേശങ്ങളാണ് കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗ തീരുമാനമായി നിരീക്ഷണ സമിതി പുറപ്പെടുവിച്ചത്. നിർദേശങ്ങൾ പാലിച്ചില്ലെങ്കിൽ നിയമനടപടി ഉണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.
- പുതിയ ഉത്സവങ്ങൾക്കോ നിലവിലുള്ള ഉത്സവങ്ങളിൽ പങ്കെടുപ്പിക്കുന്ന ആനകളുടെ എണ്ണം കൂട്ടുന്നതിനോ അനുമതിയില്ല.
- പകൽ 11നും ഉച്ചകഴിഞ്ഞ് മൂന്നിനും ഇടയിൽ ആനകളെ എഴുന്നള്ളിക്കാനോ നടത്തിയോ വാഹനത്തിലോ കൊണ്ട് പോകാനും പാടില്ല.
- ആനയെ വെയിലത്ത് അധിക സമയംനിറുത്താനോ, ആനയുടെ സമീപം പടക്കം പൊട്ടിക്കാനോ പാടില്ല.
- ആനകളിൽനിന്ന് കുറഞ്ഞത് മൂന്നുമീറ്റർ അകലത്തിലേ ആളുകളെ നിർത്താവൂ. അകലം പാലിക്കാൻ ബാരിക്കേഡുകൾ ഒരുക്കണം. ഉത്സവക്കമ്മിറ്റിക്കാണ് ഇതിന്റെ പൂർണ ഉത്തരവാദിത്തം.
- എഴുന്നള്ളിപ്പ് സമയത്ത് ആനകൾ തമ്മിൽ 1.5 മീറ്റർ അകലം പാലിക്കണം. ദിവസം ആറു മണിക്കൂറിൽ കൂടുതൽ എഴുന്നള്ളിക്കരുത്. ദിവസം രണ്ടു തവണയിൽ കൂടുതൽ ഒരേ ആനയെ എഴുന്നള്ളിക്കാനും പാടില്ല.
- പാപ്പാന്മാർ മദ്യപിച്ചും ലഹരി വസ്തുക്കൾ ഉപയോഗിച്ചും ജോലി ചെയ്യാൻ അനുവദിക്കരുത്.
- ആനകളെ തല്ലുകയോ മറ്റ് ആയുധങ്ങൾ ഉപയോഗിക്കുകയോ അരുത്.
- ആനയെ ഉപയോഗിക്കുന്ന ഉത്സവക്കമ്മിറ്റി 72 മണിക്കൂർ നേരത്തേക്ക് 25 ലക്ഷം രൂപക്ക് ഇൻഷ്വർ ചെയ്യണം. കഴുത്തിൽ പേര് പ്രദർശിപ്പിക്കണം.
- എഴുന്നള്ളിപ്പ് സമയത്ത് ഒന്നാം പാപ്പാൻ സമീപത്തുണ്ടാകണം.
- ആനകൾ ഇടഞ്ഞ് പ്രശ്നമുണ്ടാക്കിയാൽ നഷ്ടപരിഹാരം നൽകേണ്ടത് ഉത്സവക്കമ്മിറ്റികൾ.
- വെള്ളവും ഭക്ഷണവും കിട്ടുന്നുണ്ടെന്ന് തൊഴിലാളികളും ആഘോഷ കമ്മിറ്റി ഭാരവാഹികളും ഉടമകളും ഉറപ്പുവരുത്തണം.
- തീവെട്ടി ഉൾപ്പെടെയുള്ളവ ആനക്ക് ചൂടേൽക്കാത്തവിധം പിടിക്കണം.
- എലിഫന്റ് സ്ക്വാഡിൽ വെറ്ററിനറി ഡോക്ടറുടെ സേവനവും ഡേറ്റാബുക്ക്, ഇൻഷുറൻസ് സർട്ടിഫിക്കറ്റ്, മൈക്രോചിപ്പ് സർട്ടിഫിക്കറ്റ്, ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ്, ഫിറ്റ്നസ് സർട്ടിഫിക്കറ്റ് എന്നിവയും ഉണ്ടെന്ന് ഉറപ്പുവരുത്തണം.
- ആനപ്പുറത്തിരുന്ന് പൂത്തിരി കത്തിക്കാനോ ലേസർലൈറ്റ് പോലെ പ്രകോപനമുണ്ടാക്കുന്നവ ഉപയോഗിക്കാനോ പാടില്ല. കോലത്തിലെ അലങ്കാരങ്ങൾമൂലം വലുപ്പവും കനവും കൂടുന്ന അവസ്ഥ ഉണ്ടാകരുത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.