മാള: മാറിവരുന്ന സർക്കാറുകളുടെ പ്രഖ്യാപനങ്ങൾ കടലാസ് രേഖയാക്കി കൂഴൂരിലെ 'നിറവ്' കെപ്കോ ഫീഡ്സ് കോഴിത്തീറ്റ ഫാക്ടറി. സർക്കാർ നിയന്ത്രണത്തിലുള്ള പ്രഥമ കോഴിത്തീറ്റ ഫാക്ടറിയെന്ന വിശേഷണത്തോടെ പ്രഖ്യാപിച്ച ഫാക്ടറിയാണ് മൂന്ന് പതിറ്റാണ്ടിനോടടുത്തായിട്ടും മരീചികയായി അവശേഷിക്കുന്നത്.
അര ലക്ഷത്തോളം കോഴിക്കര്‍ഷകര്‍ക്ക് ഇവിടെനിന്നുള്ള കോഴിത്തീറ്റ ലഭ്യമാക്കും എന്നായിരുന്നു വാഗ്ദാനം. രണ്ട് ഷിഫ്റ്റിൽ പ്രതിദിനം 160 ടണ്‍ കോഴിത്തീറ്റ പെല്ലറ്റ് രൂപത്തില്‍ ഉല്പാദിപ്പിക്കുമെന്നാണ് പറഞ്ഞിരുന്നത്. തീറ്റ ഉൽപാദിപ്പിക്കാൻ ചോളം, സോയാബീന്‍, ഉണക്കമീന്‍ എന്നിവ ഉത്തരേന്ത്യയില്‍നിന്ന് ശേഖരിക്കാനും ലക്ഷ്യമുണ്ടായിരുന്നു.
1993ല്‍ അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരനാണ് ഫാക്ടറി സ്ഥാപിക്കാൻ ശ്രമം തുടങ്ങിയത്. കാക്കുളിശ്ശേരിയില്‍ 5.13 ഏക്കര്‍ സ്ഥലം വാങ്ങി തറക്കല്ലിട്ടു. 217.20 ലക്ഷം രൂപയാണ് അടങ്കല്‍ തുക നിശ്ചയിച്ചത്. 49.74 ലക്ഷം രൂപ ആദ്യം ലഭിച്ചു. പിന്നീട് പണം വന്നില്ല. ഇതോടെ പ്ലാൻറ് നിർമാണം നിലച്ചു. വർഷങ്ങേളാളം സ്ഥലവും കെട്ടിടവും വെറുതെ കിടന്നു.
2011ൽ ഉമ്മൻ ചാണ്ടി സർക്കാർ നൂറുദിന കർമ പദ്ധതിയില്‍ കുഴൂർ ഫാക്ടറി ഉൾപ്പെടുത്തി. കണ്‍സൽട്ടന്‍സിയായി കിറ്റ്കോയെ ചുമതലപ്പെടുത്തി. 9.86 കോടി രൂപ രാഷ്ട്രീയ കൃഷി വികാസ് യോജന പ്രകാരവും 5.75 കോടി രൂപ സംസ്ഥാന വിഹിതവും ചേര്‍ത്ത് 15.55 കോടി രൂപയാണ് നിര്‍മാണ ചെലവ് കണക്കാക്കിയത്. ഫാക്ടറി നിര്‍മാണം ഉദ്ഘാടനം ചെയ്ത ഉമ്മൻ ചാണ്ടി 2012ൽ ഉല്പന്നം പുറത്തിറക്കുമെന്നും പ്രഖ്യാപിച്ചു.
2014ൽ കോഴിത്തീറ്റ ഉൽപാദനം തുടങ്ങിയെങ്കിലും നാമമാത്രമായിരുന്നു. പ്രവർത്തനം കാര്യക്ഷമമാക്കാൻ 10 കോടി രൂപ സർക്കാർ അനുവദിച്ചെങ്കിലും തുടർപ്രവർത്തനം ഫലവത്തായില്ല. 2016ൽ തിരുവനന്തപുരത്തെ ഹാച്ചറിയിലേക്കെന്നു പറഞ്ഞ് ഇവിടെനിന്ന് യന്ത്രങ്ങള്‍ കൊണ്ടുപോകാന്‍ ശ്രമമുണ്ടായി. അന്ന് യൂനിയനുകൾ ഇടപെട്ട് നീക്കം തടഞ്ഞെങ്കിലും പിന്നീട് യന്ത്രങ്ങൾ അപ്രത്യക്ഷമായി.
തുടർന്ന് വന്ന എൽ.എഡി.എഫ് സർക്കാർ ഫാക്ടറി പ്രവർത്തനക്ഷമമാക്കുമെന്ന് പ്രഖ്യാപിക്കുകയും 2018-'19ലെ ബജറ്റിൽ ഒരു കോടി രൂപ നീക്കിവെക്കുകയും ചെയ്തെങ്കിലും സർക്കാറിെൻറ കാലാവധി പൂർത്തിയായിട്ടും ഫാക്ടറിക്ക് ജീവൻ വെച്ചില്ല. രണ്ടര പതിറ്റാണ്ടിലധികം നീണ്ട താളപ്പിഴകൾക്ക് സാക്ഷ്യം വഹിക്കുകയാണ് 'നിറവി'െൻറ കോമ്പൗണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.