മാള: വേനൽ കടുത്തതോടെ മേഖലയിൽ പലയിടത്തും കുടിവെള്ളക്ഷാമം രൂക്ഷമാവുന്നു. ഇതിനിടെ കുടിവെള്ള കുപ്പികൾ ശേഖരിക്കാൻ മാള പഞ്ചായത്ത് കുപ്പി ബൂത്തുകൾ നിർമിച്ചത് വിവാദമായി. പൊതു ഇടങ്ങളിലാണ് കുപ്പി ശേഖര ബൂത്തുകൾ സ്ഥാപിക്കുന്നത്. ശുചിത്വമിഷ്യൻ പദ്ധതി പ്രകാരമാണ് പഞ്ചായത്തിന്റെ വിവിധ കേന്ദ്രങ്ങളിലേക്ക് ഒരു ലക്ഷത്തിൽപരം രൂപ ചെലവിൽ ഏഴ് കുപ്പി ശേഖരണ ബൂത്തുകൾ വാങ്ങിയിരിക്കുന്നത്.
ഏറ്റവും തിരക്കുള്ള ബസ് സ്റ്റാൻഡിലെങ്കിലും യാത്രക്കാർക്ക് ദാഹജലം ഒരുക്കണമെന്ന ആവശ്യം പരിഗണിച്ചിട്ടില്ല. ഇത് കുപ്പിവെള്ള, സോഫ്റ്റ് ഡ്രിങ്ക്സ് കമ്പനികളെ പ്രോത്സാഹിപ്പിക്കാനാണെന്ന് പരക്കെ ആരോപണമുണ്ട്. ഒരു ചതുരശ്ര അടി വിസ്തീർണത്തിൽ കുപ്പി ശേഖരണ ബൂത്തുകൾ സ്ഥാപിക്കാവുന്നതാണ്. എന്നാൽ നിലവിൽ പഞ്ചായത്ത് വാങ്ങിയിരിക്കുന്ന കുപ്പി ശേഖരണ ബൂത്ത് സ്ഥാപിക്കാൻ പതിനഞ്ച് ചതുരശ്ര അടി വിസ്തീർണമുള്ള സ്ഥലം ആവശ്യമാണ്. സ്ഥലപരിമിതിയും തിരക്കുള്ളതുമായ സ്ഥലങ്ങളിൽ ഈ ബൂത്തുകൾ തടസ്സം സൃഷ്ടിക്കുമെന്നും അഭിപ്രായമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.