തൃശൂർ: ജില്ലയിൽ 3413 പേർ അനധികൃതമായി പ്രധാനമന്ത്രി കൃഷി സമ്മാൻ നിധി ആനുകൂല്യം കൈപ്പറ്റിയതായി കണ്ടെത്തൽ. ഇവരിൽനിന്ന് തുക തിരിച്ചുപിടിക്കാൻ കൃഷിവകുപ്പ് നടപടി തുടങ്ങി. അനധികൃതമായി കൈപ്പറ്റിയവരിൽ ഉയർന്ന ശമ്പളവും പെൻഷനും വാങ്ങുന്നവരും നികുതി അടക്കുന്നവരും ഉൾപ്പെടെയുണ്ടെന്നാണ് കണ്ടെത്തൽ.
രണ്ട് ഹെക്ടറിൽ താഴെ ഭൂമിയുള്ളവർക്ക് ധനസഹായം നൽകുന്ന പദ്ധതി പലരും വ്യാജ സത്യവാങ്മൂലം നൽകിയാണ് സ്വന്തമാക്കിയത്.
ഇങ്ങനെ തെറ്റായ രേഖകൾ നൽകി കൈപ്പറ്റിയ ഇനത്തിൽ മൂന്ന് കോടിയോളം രൂപ തിരിച്ചടക്കാനുണ്ടെന്നാണ് കണ്ടെത്തിയത്. ഇവരോട് തിരിച്ചടവ് ആവശ്യപ്പെട്ട് നോട്ടീസ് അയച്ചവരിൽ 316 പേർ അനർഹമായി കൈപ്പറ്റിയ ആനുകൂല്യം തിരിച്ചടച്ചു. അപേക്ഷകൻ നൽകുന്ന സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിലാണ് തുക അക്കൗണ്ടുകളിലേക്ക് വിതരണം ചെയ്യുന്നത്. പിന്നീട് ഇത് സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കിയപ്പോഴായിരുന്നു സത്യവാങ്മൂലങ്ങൾ പലതും തെറ്റാണെന്ന് കണ്ടെത്തിയത്.
3.76 ലക്ഷം പേർക്കാണ് പ്രധാനമന്ത്രി കൃഷി സമ്മാൻ നിധിയുടെ ആനുകൂല്യം ലഭിക്കുന്നത്. 4.12 ലക്ഷം അപേക്ഷകരിൽ നിന്നാണ് ഇവരെ തെരഞ്ഞെടുത്തത്. 2000 രൂപ വീതം മൂന്നു വീതം ഗഡുക്കളായി ലഭിക്കുന്നതാണ് പദ്ധതി. തൃശൂർ താലൂക്കിലാണ് കൂടുതൽ അപേക്ഷകരുള്ളത്. 94,714 അപേക്ഷകളാണ് തൃശൂരിൽ നിന്നുള്ളത്. തലപ്പിള്ളി താലൂക്കിൽനിന്ന് 81,340 പേരും ചാലക്കുടിയിൽനിന്ന് 67,528ഉം ചാവക്കാട് 58,091ഉം കൊടുങ്ങല്ലൂരിൽ 44, 972ഉം മുകുന്ദപുരത്ത് 62,196ഉം അപേക്ഷകരാണുള്ളത്. 3413 അനർഹരിൽ നോട്ടീസ് അയച്ചതിലൂടെ 316 പേരിൽനിന്നായി 2.86 ലക്ഷം തിരിച്ചടച്ചു. ഇനി 2.94 കോടിയാണ് തിരിച്ചുപിടിക്കാനുള്ളത്. അനർഹമായി കൈപ്പറ്റിയ തുക തിരിച്ചുപിടിക്കാനുള്ള നടപടികളിലാണെന്ന് കൃഷി ഡെപ്യൂട്ടി ഡയറക്ടർ സരസ്വതി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.