പടിയൂര്‍: വിദ്യാര്‍ഥികളടക്കമുള്ള വഴിയാത്രക്കാർക്ക് ഭീഷണിയായ തെരുവുനായ്ക്കളെ നിയന്ത്രിക്കാൻ കേന്ദ്രമൊരുക്കി പടിയൂർ പഞ്ചായത്ത്.
നായ്ക്കളെ കൊല്ലാനും വന്ധ്യംകരിക്കാനും തടസ്സങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് സംരക്ഷണകേന്ദ്രമൊരുക്കിയുള്ള പടിയൂർ പഞ്ചായത്ത് നടപടി.
പടിയൂര്‍ പഞ്ചായത്തിലെ പോത്താനി പ്രദേശത്താണ് രണ്ടാഴ്ച മുമ്പ് തെരുവുനായ്ക്കള്‍ കുട്ടികളെയും വീട്ടമ്മമാരെയും കടിച്ചത്. പരിശോധിച്ചപ്പോൾ നായ്ക്ക് പേവിഷബാധയുണ്ടെന്ന് സ്ഥിരീകരിച്ചിരുന്നു.
പരിഭ്രാന്തരായ ജനങ്ങൾക്ക് ആശ്വാസം പകരാൻ ആലോചിച്ചപ്പോൾ ലഭിച്ച ഉത്തരമാണ് തെരുവുനായ്ക്കൾക്ക് ഷെല്‍ട്ടര്‍ ഒരുക്കുക എന്നത്. ആറോളം നായ്ക്കളെ പിടിച്ച് ഇവിടെ എത്തിച്ചു. പിടികൂടിയതിലൊന്നിൽ സംരക്ഷണകേന്ദ്രത്തിൽ അഞ്ച് കുഞ്ഞുങ്ങൾക്കും ജന്മം നൽകി. സംരക്ഷണ കേന്ദ്രത്തിൽ തെരുവുനായ്ക്കളുടെ പരിപാലന ചുമതല രണ്ടാം വാര്‍ഡ് മെംബര്‍ വി.ടി. ബിനോയിക്കാണ്.
സ്വന്തം വീട്ടില്‍ പാകം ചെയ്യുന്ന ഭക്ഷണവും മത്സ്യ മാംസാദികളുടെ അവശിഷ്ടങ്ങളും ശേഖരിച്ച് സമയത്തിന് നായ്ക്കളെ പരിപാലിക്കുകയാണ് പഞ്ചായത്ത് അംഗം. സഹായിയായി ഭാര്യ ചിത്രയും കൂടെയുണ്ട്.
പ്രളയം, കോവിഡ് കാലത്തും മാതൃകപരമായ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തിട്ടുള്ള ബിനോയ് ഓട്ടോ തൊഴിലാളിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.