പാവറട്ടി: എളവള്ളിയിൽ നിർമിക്കുന്ന കൃത്രിമ തടാകം പഠന വിഷയമാക്കി എൻജിനീയറിങ് വിദ്യാർഥികൾ. തലക്കോട്ടുകര വിദ്യ അക്കാദമി ഓഫ് സയൻസ് ആൻഡ് ടെക്നോളജി എന്ന സ്ഥാപനത്തിലെ ബി.ടെക് സിവിൽ വിഭാഗം അവസാന വർഷ വിദ്യാർഥികളാണ് എളവള്ളി ശുദ്ധജല തടാകത്തെ കുറിച്ച് പഠന റിപ്പോർട്ട് തയാറാക്കിയത്.
ഗ്രാമപഞ്ചായത്തിലെ ഭൂഗർഭജല സാധ്യതകളെക്കുറിച്ച് നടത്തിയ സർവേ റിപ്പോർട്ടിന് പരിഹാരമായാണ് കൃത്രിമ തടാകത്തെ കാണുന്നതെന്ന് വിദ്യാർഥികളായ പവ്വൽ ബി. കുറ്റിക്കാട്, എം.പി. രശ്മി, ശിൽപ ടെൻസൻ, എൻ.കെ. ശിശിര അഭിപ്രായപ്പെട്ടു. കൃഷി, കുടിവെള്ള വിതരണം, മത്സ്യം വളർത്തൽ, ടൂറിസം, ആവാസ വ്യവസ്ഥകളുടെ സംരക്ഷണം, സോളാർ വൈദ്യുതി ഉൽപാദനം, പാർക്ക്, ബോട്ടിങ്, ഔഷധത്തോട്ടം എന്നീ വിവിധ ഉദ്ദേശ പദ്ധതിയായാണ് ഗ്രാമപഞ്ചായത്ത് വിഭാവനം ചെയ്തിട്ടുള്ളത്. പമ്പിങ് സംവിധാനങ്ങൾ, തോടുകളുടെ പാർശ്വഭിത്തി സംരക്ഷണം, തടാകത്തിന്റെ ചുറ്റും ബണ്ട് നിർമാണം, സംരക്ഷിത വലയം, റോഡുകൾ, ചെക്ക് ഡാം, റെഗുലേറ്ററുകൾ എന്നിവ ഉൾപ്പെടെ 46 കോടി രൂപയാണ് പദ്ധതി ചെലവിനായി വേണ്ടി വരികയെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.
ഗ്രാമപഞ്ചായത്ത് കളിമൺ ഖനനം നടത്തിയ 64 ഏക്കർ ഭൂമി ഏറ്റെടുത്താണ് കൃത്രിമ തടാകം സൃഷ്ടിക്കുന്നത്. വാഴാനി ഡാമിൽനിന്നും ചിമ്മിനി ഡാമിൽ നിന്നും തുറന്നുവിടുന്ന വെള്ളം വേനൽക്കാലത്ത് സംഭരിക്കുന്ന മഹാസംഭരണിയാണ് കൃത്രിമ തടാകത്തിലൂടെ സാധ്യമാകുക. പഞ്ചായത്തിന്റെ വികസന സ്വപ്നമായ കൃത്രിമ തടാകത്തെക്കുറിച്ച് വിദ്യാർഥികൾ പഠന വിഷയമാക്കുന്നതിൽ ഏറെ സന്തോഷമുണ്ടെന്നും പദ്ധതിയുടെ പ്രാധാന്യത്തെയാണ് പഠനം സൂചിപ്പിക്കുന്നതെന്നും എളവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിയോ ഫോക്സ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.