പാവറട്ടി: പ്രതിഷേധത്തിന്റെ മറവിൽ കണ്ടൽവനങ്ങൾ വെട്ടിയും തീയ്യിട്ടും നശിപ്പിക്കുന്നു. പാവറട്ടി, മുല്ലശേരി, വെങ്കിടങ്ങ് പഞ്ചായത്തുകളിലെ പുഴയിലും തീരങ്ങളിലുമാണ് വ്യാപകമായി കണ്ടൽക്കാടുകൾ നശിപ്പിക്കുന്നത്. പെരിങ്ങാട് പുഴ സംരക്ഷിത വനമായി പ്രഖ്യാപിച്ച് കരട് വിജ്ഞാപനം ഇറങ്ങിയിട്ടുണ്ട്. ജനജീവനും സ്വത്തിനും ഭീഷണി ആയേക്കാവുന്ന വിജ്ഞാപനം പ്രദേശവാസികളെ ആശങ്കയിലാക്കിയിട്ടുണ്ട്.
വിജ്ഞാപനത്തിനെതിരെ പ്രദേശവാസികളുടെ നേതൃത്വത്തിൽ വൻ പ്രതിഷേധമാണ് നടക്കുന്നത്. ഇതിനിടയിലാണ് വൻതോതിൽ പുഴയിലേയും പുഴയോരങ്ങളിലേയും അപൂർവയിനം കണ്ടൽകാടുകൾ ഉൾപ്പെടെ നശിപ്പിക്കുന്നത്. ഇതിൽ പരിസ്ഥിതി സംഘടനകളും സർക്കാർ പദ്ധതികളിൽ ഉൾപ്പെടുത്തിയും ലക്ഷങ്ങൾ ചിലവഴിച്ച് വെച്ച് പിടിപ്പിച്ചവയുമുണ്ട്. ഇവിടെ പുഴ കൈയേറ്റവും വ്യാപകമാണ്.
തിരുനെല്ലൂർ പെരിങ്ങാട്, കോന്ന ബസാർ, കൂരിക്കാട്, പൈങ്കണ്ണിയൂർ കാളാനി മേഖലകളിലാണ് കണ്ടൽ ചെടികൾ വ്യാപകമായി നശിപ്പിച്ചത്. അപൂർവമായി കാണുന്ന കാൽനീട്ടി കണ്ടൽ വിഭാഗത്തിൽപ്പെട്ടവയും നശിപ്പിച്ചിട്ടുണ്ട്. 20 അടിയിലേറെ ഉയരത്തിലുള്ള കണ്ടൽചെടികൾ യന്ത്ര സഹായത്തോടെയാണ് പിഴുതുകളഞ്ഞത്. സോഷ്യൽ ഫോറസ്റ്റ് ഓഫിസിന് സമീപത്തെ കണ്ടൽക്കടുകളും നശിപ്പിച്ചിട്ടുണ്ട്. വനംവകുപ്പ് സ്ഥാപിച്ച സോഷ്യൽ ഫോറസ്റ്റ് ഓഫിസ് ബോർഡും എടുത്തുമാറ്റിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.