തൃശൂർ: കോവിഡ് മഹാമാരിയിൽ പ്രതിസന്ധിയിലായ കലാകാരന്മാരുടെ ജീവിതത്തിൽ താങ്ങാകാൻ നാടുചുറ്റുകയാണ് തൃശൂരിലെ നാടക കൂട്ടായ്മയായ രംഗചേതന പ്രവർത്തകർ. വെറുതെ നാടുചുറ്റുകയല്ല; കലാകാരന്മാർക്ക് അവരുടെ വീട്ടിൽതന്നെ വേദിയൊരുക്കി കലാപ്രകടനം നടത്തിക്കുകയും പ്രതിഫലമായി 10,000 രൂപ നൽകുകയും ചെയ്യുന്നു. കലാകാരന്മാർ വീടുകളിൽ നടത്തുന്ന പ്രകടനം ഫേസ്ബുക്ക് ലൈവാക്കുേമ്പാൾ അത് കാണുന്നവരിൽ നിന്ന് സംഭാവന പിരിച്ചാണ് ഈ തുക സ്വരുക്കൂട്ടുന്നത്. 10 രൂപ മുതൽ 500 രൂപ വരെ തരുന്ന കലാസ്നേഹികളുണ്ട് സമൂഹ മാധ്യമങ്ങളിൽ. പലപ്പോഴും തികയാതെ വരാറുണ്ട്. ചില സുമനസ്സുകൾ കൂടുതൽ സഹായിക്കാൻ തയാറാവുന്നതായും സംഘാടകർ പറയുന്നു.
'അതിജീവനത്തിനായി രംഗചേതന ലൈവ്' എന്ന പേരിൽ ഫേസ്ബുക്ക് പേജിലൂടെ തത്സമയമാണ് പരിപാടികൾ സംപ്രേഷണം ചെയ്യുന്നത്. 10,000 വീതം 10 പേർക്ക് നൽകിയതുൾപ്പെടെ 1,43,000 രൂപ ചെലവ് വന്നു. ആഗസ്റ്റ് അഞ്ചിന് നടി സുജാത ജനനേത്രിയുടെ വീട്ടിലേക്ക് ആദ്യ യാത്ര തുടങ്ങുേമ്പാൾ കടം വാങ്ങിയ 20,000 രൂപ മാത്രമായിരുന്നു കൈയിലെന്ന് പരിപാടിയുടെ കോഓഡിനേറ്റർ കെ.വി. ഗണേഷ് 'മാധ്യമ'ത്തോട് പറഞ്ഞു. രംഗചേതനയുടെ അമരക്കാരായ ഇ.ടി. വർഗീസ്, നടൻ സുനിൽ സുഖദ, സാങ്കേതിക സഹായത്തിന് കൂട്ടായുള്ള വിവേക് റോഷൻ, അൻസാർ, അലക്സാൻഡർ വടക്കൻ എന്നിവർ ചേർന്നതാണ് യാത്രസംഘം. നാടക കലാകാരന്മാർ മാത്രമല്ല മേളകലാകാരന്മാരും, ഗാനമേള കലാകാരനും, മേക്കപ്മാനും സഹായം ലഭ്യമായവരിൽ ഉണ്ട്. രംഗചേതനയുടെ ഓണം സ്പെഷൽ അതിജീവന യാത്ര നടൻ ഹരീഷ് പേരടിയുടെ എറണാകുളത്തേക്കുള്ള വീട്ടിലേക്കായിരുന്നു. അവിടെ ഹരീഷ് പേരടിയും മകൻ വൈദിയുമൊത്തുള്ള 'സോറി' എന്ന നാടകവും അരങ്ങേറി.
കലാകാരന്മാർക്കുള്ള 10,000 രൂപ സംഭാവനയും സ്വീകരിച്ചാണ് അവിടെ നിന്ന് മടങ്ങിയത്. പരമാവധി ആളുകൾക്ക് സഹായം നൽകുക എന്നതാണ് ഇവരുടെ ലക്ഷ്യം. ഫേസ്ബുക്ക് ലൈവ് കാണുന്ന ഒരാൾ 10 രൂപ നൽകുന്ന അവസ്ഥയുണ്ടായാൽ തന്നെ കലാകാരന്മാർക്ക് വലിയ സഹായമാണെന്ന് കെ.വി. ഗണേഷ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.