മാള: സംസ്ഥാന ഫിഷറീസ് വകുപ്പിന് കീഴിൽ കൊടുങ്ങല്ലൂർ മണ്ഡലത്തിലെ പൊയ്യ അഡാക്ക് ഫിഷ് ഫാമിന്റെ ചുറ്റുമുള്ള 3000 മീറ്റർ ബണ്ട് റോഡ് നിർമാണത്തിന് 190 ലക്ഷം രൂപയുടെ ഭരണാനുമതി ലഭ്യമായതായി വി.ആർ. സുനിൽകുമാർ എം.എൽ.എ അറിയിച്ചു.
ഓരുജല മത്സ്യകൃഷി, കരിമീൻ വിത്തുൽപാദനം, ഓരുജല മത്സ്യവിത്ത് റിയറിങ്, നൂതന ജലകൃഷി രീതികളിലുള്ള മത്സ്യഉൽപാദനം തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ മത്സ്യ മേഖലയിൽ പ്രധാന പങ്കുവഹിക്കുന്ന സ്ഥാപനമാണ് പൊയ്യ അഡാക് ഫിഷ് ഫാം.
ഫിഷറീസ് വകുപ്പ് മുഖേന ഫാം ആധുനിക രീതിയിൽ നവീകരിക്കുന്നതിന്റെ ഭാഗമായി, ഫിഷറീസ് വിഷയങ്ങൾ പഠിക്കുന്ന വിദ്യാർഥികൾക്ക് പരിശീലന കേന്ദ്രമെന്ന നിലയിലും ഇക്കോ ടൂറിസ്റ്റ് കേന്ദ്രമാക്കിയും വികസന പദ്ധതി തയാറാക്കാൻ നിർദേശം നൽകിയിരുന്നു.
15 കോടി രൂപ ചെലവ് വരുന്ന പദ്ധതിയാണ് വിഭാവനം ചെയ്തിട്ടുള്ളത്. സാമ്പത്തിക പരിമിതികൾ കാരണം തുക മാറ്റിവെക്കാൻ കഴിഞ്ഞിട്ടില്ലെങ്കിലും ഘട്ടംഘട്ടമായി നടപ്പാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. ഹാർബർ എൻജിനീയറിങ് വകുപ്പിനാണ് നിർമാണ ചുമതല.
ഇന്റർലോക്ക് ടൈൽ വിരിച്ച ബണ്ട് റോഡ് നിർമാണത്തിനാണ് ഇപ്പോൾ ഭരണാനുമതി ലഭിച്ചത്. എത്രയുംവേഗം സാങ്കേതികാനുമതി ലഭ്യമാക്കി നിർമാണം ആരംഭിക്കാനുള്ള നടപടികൾ സ്വീകരിക്കാൻ ഹാർബർ എൻജിനീയറിങ് വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയർക്ക് നിർദേശം നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.