കുന്നംകുളം: നഗരത്തിന്റെ മുഖച്ഛായ മാറ്റുന്ന പദ്ധതിക്ക് തുടക്കമാകുന്നു. നാട് സ്വപ്നം കണ്ട ജങ്ഷൻ വികസനം ഇനി കുന്നംകുളത്ത് യാഥാർഥ്യമാകുകയാണ്. കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 89.63 കോടി രൂപയുടെ സാമ്പത്തികാനുമതിയാണ് പദ്ധതിക്ക് നേരത്തെ ലഭിച്ചിരിക്കുന്നത്. എന്നാൽ, ആദ്യഘട്ടം 31.98 കോടിയുടെ പ്രവര്‍ത്തനങ്ങളാണ് നടത്തുക. മലപ്പുറം ആസ്ഥാനമായ മലബാര്‍ ടെക് എന്ന കമ്പനിക്കാണ് കരാർ നൽകിയത്. ജങ്ഷൻ വികസനത്തിനൊപ്പം പ്രധാന നാല് റോഡുകളും ജങ്ഷനിൽനിന്ന് ബസ് ടെർമിനലിലേക്കുള്ള റോഡുകളുടേയും മുഖച്ഛായ പൂർണമായും മാറും.
തൃശൂര്‍, പട്ടാമ്പി, വടക്കാഞ്ചേരി, ഗുരുവായൂര്‍ റോഡുകളാണ് വീതികൂട്ടി വികസിപ്പിക്കുന്നത്. രണ്ട് സംസ്ഥാനപാതകള്‍ കൂടി ചേരുന്ന ജങ്ഷന്റെ വീതിയും കൂട്ടും. 3.64 കിലോമീറ്റര്‍ നീളത്തില്‍ 18.5 മീറ്റര്‍ വീതിയിലുമാണ് റോഡ് വികസിപ്പിക്കുന്നത്. ഏറ്റെടുക്കുന്ന സ്ഥലങ്ങളുടെ രൂപരേഖ നേരത്തെ കെ.ആര്.എഫ്.ബിയുടെ നേതൃത്വത്തില്‍ തയാറാക്കിയിരുന്നു. സര്‍വേ നടപടികളുടെ റിപ്പോര്‍ട്ട് സഹിതം സാമൂഹിക പ്രത്യാഘാത പഠനത്തിന് കലക്ടര്‍ക്ക് കത്ത് നല്‍കണം. പഠനത്തിനുള്ള ഏജന്‍സിയെ കലക്ടര്‍ ചുമതലപ്പെടുത്തും. തുടര്‍ന്ന് സ്ഥലം ഏറ്റെടുക്കുന്നതിന്റെ ആദ്യഘട്ടത്തിലുള്ള വിജ്ഞാപനമിറക്കി പദ്ധതി ബാധിതരുടെ പരാതികള്‍ കേള്‍ക്കും. നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളാണ് പൊളിച്ച് നീക്കേണ്ടി വരുന്നത്. ഇവരെ പുനരധിവസിപ്പിക്കാൻ നഗരസഭയുടെ പാറപ്പുറം ചേരിയുണ്ടായിരുന്ന സ്ഥലത്ത് പുതിയ കെട്ടിടം നിര്‍മിക്കാനുള്ള രൂപരേഖ തയാറാക്കിയിട്ടുണ്ട്. മണ്ണുപരിശോധന പൂര്‍ത്തിയാക്കി നിര്‍മാണ പ്രവൃത്തികള്‍ വേഗത്തില്‍ തുടങ്ങാനാണ് ലക്ഷ്യമിടുന്നത്.
പട്ടാമ്പി റോഡ് 1907 മീറ്റർ, തൃശൂര്‍ റോഡ് 515 മീറ്റർ, ഗുരുവായൂര്‍ റോഡ് 606 മീറ്റർ, വടക്കാഞ്ചേരി റോഡ് 465 മീറ്റർ പുതിയ ബസ് സ്റ്റാന്‍ഡ് റോഡ് 150 മീറ്റർ നീളത്തിലായിരിക്കും വികസനം നടത്തുക. പുതിയ ബസ് സ്റ്റാൻഡ് റോഡിന്റെ വീതി 10 മീറ്ററാക്കും. നഗരമധ്യത്തില്‍ 30 മീറ്റര്‍ വീതിയില്‍ റൗണ്ട് എബൗട്ട് നിർമിക്കും.
എന്നാൽ, ഭൂമി ഏറ്റെടുക്കൽ നടപടികളാണ് പ്രാരംഭ ഘട്ടത്തിൽ നടത്തേണ്ടത്. ഇത് നടപ്പാക്കുന്നതിനുള്ള ഭൂമി ഏറ്റെടുക്കൽ തലവേദനയാകും. സ്ഥലം ഏറ്റെടുക്കുന്നതിന്റെ ഭാഗമായി കിഫ്ബി സ്പെഷല്‍ തഹസില്‍ദാരും സംഘവും സ്ഥലം സന്ദര്‍ശിച്ചു. പ്രാഥമിക സര്‍വേയും തുടങ്ങിയിട്ടുണ്ട്.
കൂടാതെ നഗരത്തിൽ സ്ഥിതി ചെയ്യുന്ന പഴയ ബസ് സ്റ്റാൻഡ് കെട്ടിടവും പൊളിക്കും. അതേ സ്ഥലത്ത് ആധുനിക തരത്തിൽ പുതിയ കെട്ടിടം പണിയാനും ലക്ഷ്യമിടുന്നുണ്ട്.
എന്നാൽ, നിലവിലെ കെട്ടിടം സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ രേഖകൾ നഗരസഭയിൽ ഇല്ലെന്നതാണ് മനസ്സിലാക്കുന്നത്. ആ സാഹചര്യത്തിൽ നിലവിലെ കെട്ടിടം പൊളിച്ചാൽ പുതിയ കെട്ടിടം നിർമിക്കാൻ കഴിയാതെയാകും. തൃശൂർ റോഡിലേക്ക് നിൽക്കുന്ന ഈ കെട്ടിടത്തിന്റെ ഗോവണി ഭാഗം പൊളിക്കാനുള്ള അനുമതിയും നഗരസഭയോട് പ്രാഥമികമായി ആവശ്യപ്പെട്ടിട്ടുണ്ട്.
നാലു വർഷം മുൻപ് എ.സി. മൊയ്തീന് എം.എല്‍.എ മന്ത്രിയായിരിക്കെയാണ് ഈ പദ്ധതിക്ക് കിഫ്ബിയില്‍നിന്ന് സാമ്പത്തികാനുമതി നേടിയെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.