തൃശൂർ: ജില്ലയിൽ പോളിടെക്നിക്കുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ എസ്.എഫ്.ഐക്ക് തിരിച്ചടി. നേരത്തെ ഏഴിൽ ഏഴും നേടിയുള്ള അപ്രമാദിത്വമായിരുന്നു എസ്.എഫ്.ഐക്ക്. ഇത്തവണ ഏഴിൽ അഞ്ചിടത്താണ് എസ്.എഫ്.ഐയുടെ വിജയം. രണ്ട് യൂനിയനുകൾ കെ.എസ്.യു പിടിച്ചെടുത്തു. കൊരട്ടി പോളി, ആമ്പല്ലൂർ ത്യാഗരാജ, തൃപ്രയാർ ശ്രീരാമ, കുന്നംകുളം പോളി, നെടുപുഴ വനിത പോളി എന്നിവിടങ്ങളിലാണ് എസ്.എഫ്.ഐ യൂനിയൻ നേടിയത്. തൃശൂർ എം.ടി.ഐ, ചേലക്കര പോളി എന്നിവിടങ്ങളിൽ കെ.എസ്.യു നേടി.
കുന്നംകുളം പോളിയിൽ എല്ലാ സീറ്റിലും എസ്.എഫ്.ഐ എതിരില്ലാതെയാണ് തെരഞ്ഞെടുക്കപ്പെട്ടത്. തൃപ്രയാറിൽ ചെയർമാൻ ഒഴികെ മറ്റു സീറ്റുകളിൽ എസ്.എഫ്.ഐ എതിരില്ലാതെ വിജയിച്ചു. തെരഞ്ഞെടുപ്പിൽ ചെയർമാൻ സ്ഥാനാർഥിയും മികച്ച ജയം നേടി. ആമ്പല്ലൂർ പോളിയിൽ നടന്ന തെരഞ്ഞെടുപ്പിൽ എല്ലാ സീറ്റും നേടി. കൊരട്ടിയിലും നെടുപുഴ വനിതാ പോളിയിലും ചെയർമാൻ സീറ്റൊഴികെയുള്ള എല്ലാ സീറ്റുകളും എസ്.എഫ്.ഐ സ്വന്തമാക്കി.
നേരത്തെ കേരളവർമ കോളേജിലെ യൂനിയൻ തിരഞ്ഞെടുപ്പിൽ ചെയർമാൻ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിൽ കെ.എസ്.യു സ്ഥാനാർഥിയെ എണ്ണിത്തോൽപ്പിച്ചത് ഏറെ വിവാദമായിരുന്നു. ആദ്യ വോട്ടെണ്ണലിൽ ഒരു വോട്ടിന് കെ.എസ്.യുവിന്റെ എസ്. ശ്രീക്കുട്ടൻ വിജയിച്ചതായും റീ കൗണ്ടിങ്ങിൽ തോൽപ്പിച്ചുവെന്നുമായിരുന്നു ആരോപണം.
ഹൈകോടതിയെ സമീപിച്ചതോടെ റീ കൗണ്ടിങ്ങിന് ഉത്തരവിട്ട് വീണ്ടും എണ്ണിയെങ്കിലും മൂന്ന് വോട്ടിന് എസ്.എഫ്.ഐ തന്നെ വിജയിച്ചു.
തൃശൂർ: ചെമ്പൂക്കാവ് മഹാരാജ ടെക്നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ (എം.ടി.ഐ) കോളജ് യൂനിയന്‍ തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് സംഘർഷം. എസ്.എഫ്.ഐ-കെ.എസ്.യു പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. തിരഞ്ഞെടുപ്പില്‍ കെ.എസ്.യുവിന്റെ സ്ഥാനാർഥികള്‍ അട്ടിമറി വിജയം നേടിയിരുന്നു.
ഏഴ് സീറ്റുകളിലും കെ.എസ്.യു സ്ഥാനാർഥികളാണ് വിജയിച്ചത്. വിജയാഹ്ലാദത്തിനൊരുങ്ങുന്നതിനിടെയാണ് എസ്.എഫ്.ഐ പ്രവർത്തകരുമായി കൊടി നശിപ്പിച്ചതുമായി ബന്ധപ്പെട്ട തർക്കത്തിനിടെ സംഘര്‍ഷം തുടങ്ങിയത്. പൊലീസെത്തിയാണ് ഇരുവിഭാഗത്തെയും മാറ്റിയത്. കോളജില്‍ പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.