തൃശൂർ: ബാങ്കുകളുടെ സർവിസ് ചാർജ് കൊള്ളയിൽനിന്ന് രക്ഷപ്പെടാൻ ആശ്വാസമായി കരുതിയ പോസ്റ്റൽ എസ്.ബി അക്കൗണ്ടുകൾക്ക് നിരക്ക് ഏർപ്പെടുത്തി തപാൽ വകുപ്പ്. ആരുമറിയാതെ ഇക്കഴിഞ്ഞ ഒന്നുമുതൽ നിരക്കുകൾ പ്രാബല്യത്തിലായി. ബാങ്കിങ് ഇടപാടുകൾക്ക് സമാനമായ ഫീസ് നിരക്ക് ഏർപ്പെടുത്തുകയാണ് ചെയ്തത്
ഡെബിറ്റ് കാർഡ് മാറ്റിയെടുക്കാൻ 300 രൂപയും ജി.എസ്.ടിയും പിൻ നമ്പർ വീണ്ടെടുക്കാൻ 20 രൂപയും ജി.എസ്.ടിയും നൽകണം. മറ്റു എ.ടി.എമ്മുകളിൽ മെട്രോ നഗരങ്ങളിൽ മൂന്ന് സൗജന്യ ഇടപാടുകൾക്ക് മുകളിൽ 220 രൂപയും ജി.എസ്.ടിയും ഈടാക്കും. സ്വന്തം എ.ടി.എമ്മുകളിൽ അഞ്ച് സൗജന്യ ഇടപാടുകൾ കഴിഞ്ഞാൽ 10 രൂപയും ജി.എസ്.ടിയും നൽകണം.
ഇൻറർനെറ്റ് ഉപയോഗം സാർവത്രികമായതോടെ നിശ്ചലാവസ്ഥയിലായിരുന്ന പോസ്റ്റ് ഓഫിസുകൾക്ക് പുതിയ ഊർജമായിരുന്നു പോസ്റ്റൽ സേവിങ്സ് അക്കൗണ്ടുകൾ. ബാങ്കുകൾ സർവിസ് ചാർജ് ഈടാക്കുന്നുവെന്ന പരാതികൾ രൂക്ഷമായതോടെയാണ് പോസ്റ്റ് ഓഫിസ് സേവിങ്സ് ബാങ്ക് അക്കൗണ്ടുകൾക്ക് സ്വീകാര്യതയേറിയത്. ഒരു രൂപ പോലും സർവിസ് ചാർജ് നൽകാതെ ബാങ്കിങ് ഇടപാടുകൾ നടത്തൂവെന്നായിരുന്നു പ്രഖ്യാപനം. സർവിസ് ചാർജില്ലാത്ത സേവിങ്സ് ബാങ്ക് അക്കൗണ്ട്, പരിധിയില്ലാതെ സൗജന്യ എ.ടി.എം ഉപയോഗം തുടങ്ങിയ സേവനങ്ങൾക്കൊപ്പം ബാങ്കുകൾ 1000, 5000 രൂപ മിനിമം ബാലൻസ് ആവശ്യപ്പെടുമ്പോൾ വെറും 50 രൂപ സർവിസ് ചാർജ് മാത്രം മതിയാകുമെന്നതടക്കം പോസ്റ്റൽ സേവിങ്സ് ബാങ്ക് അക്കൗണ്ടിൽ സൗജന്യങ്ങളുടെ പെരുമഴയായിരുന്നു.
വീസ റുപേ ഡെബിറ്റ് കാർഡാണ് പോസ്റ്റ് ഓഫിസിൽനിന്ന് ലഭിക്കുന്നത്. ഈ കാർഡ് ഉപയോഗിച്ച് ഓണ്‍ലൈൻ ഇടപാടുകളും നടത്താൻ സാധിക്കും. പോസ്റ്റ് ഓഫിസ് എ.ടി.എമ്മുകൾക്ക് പുറമെ ഏതുബാങ്കിെൻറ എ.ടി.എമ്മിലും ഈ കാർഡ് സൗജന്യമായി ഉപയോഗിക്കാമെന്നതും സർക്കാർ സ്ഥാപനമെന്ന വിശ്വാസവുമായതോടെ പോസ്റ്റൽ എസ്.ബി അക്കൗണ്ടുകൾ വളരെ പെട്ടെന്ന് സ്വീകാര്യത നേടി. ഇതിനെയെല്ലാം ഒറ്റയടിക്ക് ഇല്ലാതാക്കിയാണ് കേന്ദ്രത്തിെൻറ നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.