കൊടുങ്ങല്ലൂർ: പ്രതിഭയുടെ തിളക്കത്തിനുമേൽ പുരസ്കാരങ്ങളുടെ നിറവുമായി വീണ്ടും രാജേഷ് ഇരുളം. പ്രഫഷനൽ നാടക രംഗത്തെ തെൻറ അനുഭവസമ്പത്തുമായി പ്രഥമ സിനിമ സംവിധാനം ചെയ്യാൻ ഒരുങ്ങുന്നതിനിടെയാണ് ഈ പ്രതിഭശാലിയെ തേടി ഒമ്പതാമത് സംസ്ഥാന നാടക പുരസ്കാരം എത്തുന്നത്.
കഴിഞ്ഞ ദിവസം തൃശൂരിൽ സമാപിച്ച കേരള സംഗീത നാടക അക്കാദമി പ്രഫഷനൽ നാടക മത്സരത്തിൽ മികച്ച സംവിധായകൻ, മികച്ച ദീപ സംവിധാനത്തിനുള്ള അവാർഡ് എന്നിവ രാജേഷാണ് കരസ്ഥമാക്കിയത്. മത്സരത്തിൽ രണ്ടാം സ്ഥാനം പങ്കിട്ട നാടകങ്ങളായ വേനലവധിയും, പാട്ടു പാടുന്ന വെള്ളായിയും സംവിധാനം ചെയ്തതും ഈ വയനാട്ടുക്കാരനാണ്.
ഇതേ നാടകങ്ങളിൽ വേഷമിട്ടവരാണ് മികച്ച നടൻ പുരസ്കാരം പങ്കിട്ട സജി മൂരാടും സഹനടൻ ബിജു ജയാനന്ദനും. രാജേഷിന് സംവിധാന പുരസ്കാരം നേടിക്കൊടുത്ത വേനലവധി എഴുതിയ ഹേമന്ത കുമാറാണ് മികച്ച നാടക രചയിതാവ്. ഇതേ കൂട്ടുകെട്ടിലാണ് ഇരുവരുടെയും ആദ്യ ചലച്ചിത്രം രൂപപ്പെടുന്നതും.
2012 , 2016 വർഷങ്ങളിലും സംസ്ഥാനത്തെ മികച്ച സംവിധാന പുരസ്കാരം സ്വന്തമാക്കിയ ഈ കലാപ്രതിഭ ആറുതവണ ദീപ സംവിധാനത്തിനും ഒരിക്കൽ രംഗപടത്തിനുമുള്ള സംസ്ഥാന അവാർഡിന് പാത്രമായിട്ടുണ്ട്. ഇതോടൊപ്പം ചിത്രകലയിലും ഫോട്ടോഗ്രഫിയിലും എഡിറ്റിങ്ങിലും സംഗീത ഉപകരണങ്ങളിലും മിക്സിങ്ങിലുമെല്ലാം കഴിവ് പ്രകടമാക്കുന്ന രാജേഷ് ഇരുളം ഹ്രസ്വചിത്രങ്ങളും ഒരുക്കിയിട്ടുണ്ട്. ഇതുവരെ 70 നാടകങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്.
വയനാട് പുൽപ്പള്ളിയിൽ സി.പി.ഐ നേതാവ് എസ്.ജി. സുകുമാരെൻറ മകനായ രാജേഷ് ഇപ്പോൾ മതിലകം എമ്മാട് ഗ്രാമത്തിലാണ് താമസം. കോവിഡ് കാലത്ത് നാടകം കളി ഇല്ലാതാക്കുകയും ജീവിതം വഴിമുട്ടുകയും ചെയ്തതോടെ മതിലകത്ത് മഞ്ചാടി എന്ന പേരിൽ റെക്കോഡിങ് ആൻഡ് എഡിറ്റിങ് സ്റ്റുഡിയോ ആരംഭിച്ചാണ് പിടിച്ചുനിന്നത്. പ്രവീണയാണ് ഭാര്യ. മക്കൾ: മഞ്ചാടി, കഞ്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.