ചാലക്കുടി: കാത്തിരുന്ന റംബൂട്ടാൻ കാലം പരിയാരത്തെ കർഷകർക്ക് കണ്ണീർ മഴയുടേതായി. ഒരുകാലത്ത് റംബൂട്ടാൻ പഴത്തിൽ പണം വാരിയ പരിയാരത്തെ കർഷകർ നിരാശയിലാണ്.
തുടർച്ചയായ നാലു വർഷവും വിപണി ലഭിക്കാതായത് ഇവർക്ക് തിരിച്ചടിയാവുകയായിരുന്നു. 250ഉം 350ഉം രൂപ വില ഉയർന്നിരുന്ന ഈ പഴത്തിന് 150 രൂപയായി വില ഇടിഞ്ഞതോടെ ഇവർ വിഷമത്തിലായി.
വവ്വാലും മറ്റു പക്ഷികളും കൊത്തിക്കൊണ്ടുപോകാതെ വലിയ ഓരോ മരവും പ്ലാസ്റ്റിക് വലയിട്ട് പൊതിഞ്ഞ് കണ്ണിലെ കൃഷ്ണമണി പോലെയാണ് ഇവർ റംബൂട്ടാനെ സംരക്ഷിക്കുന്നത്. പരിയാരം മേഖലയിൽ റംബൂട്ടാൻ വാണിജ്യാടിസ്ഥാനത്തിൽ നട്ടുവളർത്താൻ തുടങ്ങിയിട്ട് രണ്ട് പതിറ്റാണ്ടായി. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ റംബൂട്ടാൻ ഉൽപാദിപ്പിക്കുന്ന മേഖലയാണിത്. പണം കൊയ്യാവുന്ന കാർഷികമേഖലയാണെന്ന് മനസ്സിലാക്കിയതോടെ റബറും ജാതിയും വെട്ടിനിരത്തി പ്രദേശത്തെ കർഷകർ റംബൂട്ടാൻ തൈകൾ െവച്ചുപിടിപ്പിക്കുകയായിരുന്നു.
ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്കും വിദേശങ്ങളിലേക്കും പരിയാരത്തുനിന്ന് റംബൂട്ടാൻ കയറ്റിയയച്ചു. പുറമേനിന്ന് വ്യാപാരികൾ വന്ന് തോട്ടത്തിലെ ഒരു വർഷത്തെ പഴങ്ങൾ കരാറെഴുതി വാങ്ങിയാണ് കച്ചവടം നടത്തിയത്. 2018ലെ പ്രളയത്തോടെയാണ് കർഷകർക്ക് കഷ്ടകാലം ആരംഭിച്ചത്. പഴമുണ്ടാകുന്ന സീസണിൽ അമിതമായ മഴ തിരിച്ചടിയായി. 2019ലും ഇത് ആവർത്തിച്ചു. 2020ൽ കോവിഡ് വന്നതോടെ ആഭ്യന്തര വിപണിയും കയറ്റുമതി സാധ്യതയും അടഞ്ഞു. 2021ലും കോവിഡ് വഴിയടച്ചപ്പോൾ കർഷകർ കണ്ണീരിലാണ്. പഴം വിപണി അടഞ്ഞതോടെ പലരും റംബൂട്ടാൻ പഴങ്ങൾ പറിച്ച് തെരുവിൽ കൂട്ടിയിട്ട് വിൽക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.