പുത്തൂർ സുവോളജിക്കൽ പാർക്കിന്റെ നിർമാണ പുരോഗതി വനം മന്ത്രി എ.കെ. ശശീന്ദ്രനും റവന്യൂ മന്ത്രി കെ. രാജനും വിലയിരുത്തുന്നു
തൃശൂർ: പുത്തൂർ സുവോളജിക്കൽ പാർക്ക് ഓണത്തിന് മുമ്പ് നാടിന് സമർപ്പിക്കുമെന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രനും റവന്യൂ മന്ത്രി കെ. രാജനും അറിയിച്ചു. പാർക്കിന്റെ നിർമാണ പുരോഗതി വിലയിരുത്തിനായി ചേർന്ന അവലോകന യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു ഇരുവരും. തുടർന്ന് മന്ത്രിതല സംഘം സുവോളജി പാർക്ക് സന്ദർശിച്ചു. കിഫ്ബി സി.ഇ.ഒ കെ.എം. എബ്രഹാമും യോഗത്തിൽ പങ്കെടുത്തു.
മേയിൽത്തന്നെ സിവിൽ പ്രവൃത്തികളെല്ലാം പൂർത്തിയാക്കും. കൂടുതൽ സന്ദർശകരെ ആകർഷിക്കാൻ വനേതര ആവശ്യങ്ങൾക്കുള്ള ഭൂമിയിൽ എ.ഐ, വെർച്വൽ റിയാലിറ്റി പോലുള്ള സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് വിനോദ കേന്ദ്രങ്ങൾ തുടങ്ങുന്നത് പരിഗണനയിലുണ്ട്. മുഖ്യ ഫണ്ടിങ് ഏജൻസിയായ കിഫ്ബി നിർമാണപുരോഗതിയിൽ സംതൃപ്തി രേഖപ്പെടുത്തിയതായും തുടർ നിർമാണപ്രവർത്തനങ്ങൾക്കും സഹായം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും വനം മന്ത്രി പറഞ്ഞു.
മൃഗങ്ങളെ മാറ്റുന്നതുമായി ബന്ധപ്പെട്ട് ഏപ്രിലിൽ പുത്തൂർ സുവോളജിക്കൽ പാർക്കിൽ ദേശീയ കോൺക്ലേവ് സംഘടിപ്പിക്കുമെന്ന് മന്ത്രി രാജൻ പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളിൽനിന്നുള്ള മൃഗശാല, വനം വകുപ്പ് ഉദ്യോഗസ്ഥർ കോൺക്ലേവിൽ പങ്കെടുക്കും. മൃഗങ്ങളെ എത്തിക്കുന്നതുൾപ്പെടെയുള്ള നടപടിക്രമങ്ങൾ ആഗസ്റ്റിന് മുമ്പ് പൂർത്തിയാക്കും.
269 കോടി രൂപയാണ് ആദ്യം ഘട്ട നിർമാണത്തിനായി അനുവദിച്ചത്. പിന്നീട് പലഘട്ടങ്ങളിലായി ഇത് 333 കോടി രൂപയായി ഉയർന്നു. പാർക്കിന് ചുറ്റും നിരീക്ഷണസംവിധാനം ഏർപ്പെടുത്താനും ജനങ്ങൾക്ക് ഓൺലൈൻ സർവിസുകൾ നൽകാനും അധികതുക വേണ്ടിവരുമെന്ന സുവോളജിക്കൽ പാർക്ക് സ്പെഷൽ ഓഫിസർ കെ.ജെ. വർഗീസ് യോഗത്തിൽ അറിയിച്ചു.
പുത്തൂർ സുവോളജിക്കൽ പാർക്കിലെ പരിശീലനം പൂർത്തിയാക്കിയ 13 ആനിമൽ കീപ്പർമാക്കുള്ള സർട്ടിഫിക്കറ്റുകൾ മന്ത്രിമാർ വിതരണം ചെയ്തു. പരിശീലനത്തിനിടെ മരണമടഞ്ഞ അമൽദേവിന്റെ കുടുംബത്തിന് ധനസഹായവും കൈമാറി.
പുത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണികൃഷ്ണൻ, അഡീഷനൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഡോ. പി. പുകഴേന്തി, സെൻട്രൽ സർക്കിൾ സി.സി.എഫ് ഡോ. ആർ. ആടലരശൻ, ഡി.എഫ്.ഒ രവികുമാർ മീണ, സുവോളജിക്കൽ പാർക്ക് ഡയറക്ടർ കെ.കെ. സുനിൽകുമാർ, ബി.എൻ. നാഗരാജു, സി.പി.ഡബ്ല്യൂ.ഡി സൂപ്രണ്ടിങ് എൻജിനീയർ മധുസൂദൻ റാവു, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.