തൃശൂര്‍: രണ്ടുവര്‍ഷത്തെ അടച്ചിടലിന് ശേഷം നവീകരിച്ച ശക്തന് തമ്പുരാന് കൊട്ടാരം പുരാവസ്തു മ്യൂസിയം പൊതുജനങ്ങള്‍ക്കായി തുറന്നു. കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു. ഇതോടെ നഗരത്തില്‍ പുതിയൊരു വിനോദസഞ്ചാര കേന്ദ്രത്തിനും തുടക്കമായി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സഹായത്തോടെയാണ് മ്യൂസിയം നവീകരിച്ചത്.
ആദ്യകാലത്ത് കൊട്ടാരത്തില്‍ ഉപയോഗിച്ചിരുന്ന പല്ലക്ക്, ആട്ടുകട്ടില്‍, രാമവര്‍മ്മ പരിഷത്ത് രാജാവിന്റെ തലപ്പാവ്, തൂക്കുവിളക്ക്, രാജാക്കന്മാരായ രാമവര്‍മ്മ, കേരള വര്‍മ്മ, രവിവര്‍മ്മ, ദിവാന്ജിമാരായ സുബ്രഹ്മണ്യന് പിള്ള, ആര്.കെ. ഷണ്മുഖ ചെട്ടിയാര്‍, തിരുവെങ്കിടാചാര്യ എന്നിവരുടെ ഛായാചിത്രങ്ങൾ എന്നിവ മ്യൂസിയത്തിൽ സജ്ജമാക്കിയിട്ടുണ്ട്.
കൂടാതെ വെങ്കല ശില്പങ്ങള്, കോട്ടയത്തെ രാമപുരത്തുനിന്ന് ലഭിച്ച ബുദ്ധപ്രതിമ, 1000 വര്‍ഷം പഴക്കമുള്ള ശിലാലിഖിതങ്ങള്‍ തുടങ്ങീ 14 ഗാലറികളിലായി ആയിരത്തിലധികം പ്രദര്‍ശന വസ്തുക്കളാണ് ഒരുക്കിയിട്ടുള്ളത്. 2.70 കോടി രൂപ ചെലവിട്ടാണ് മ്യൂസിയം നവീകരിച്ചത്. ഇതില്‍ 80 ശതമാനം തുക കേന്ദ്ര സര്‍ക്കാരും 20 ശതമാനം സംസ്ഥാന സര്‍ക്കാറുമാണ് വഹിച്ചത്.ഉദ്ഘാടന ചടങ്ങില്‍ മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി അധ്യക്ഷത വഹിച്ചു.
പി. ബാലചന്ദ്രന് എം.എല്‍.എ, മേയര്‍ എം.കെ. വര്‍ഗീസ്, ജില്ല പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ്, ഡെപ്യൂട്ടി മേയര്‍ എം.എല്‍. റോസി, പുരാവസ്തുവകുപ്പ് ഡയറക്ടര്‍ ഇ. ദിനേശന്, കേരള മ്യൂസിയം എക്സിക്യൂട്ടിവ് ഡയറക്ടര്‍ ആര്. ചന്ദ്രന്‍പിള്ള, ക്യൂറേറ്റര്‍ ആതിര ആര്. പിള്ള, സി.ആര്. വത്സന്, ഉണ്ണികൃഷ്ണന് ഈച്ചരത്ത്, ഷൈജു ബഷീര്‍ എന്നിവര്‍ സംസാരിച്ചു. തുടർന്ന് വയലി ഫോക് ഗ്രൂപ്പിന്റെ മുളസംഗീതം അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.