തൃശൂർ: ജില്ലയിൽ കോൺഗ്രസ് എ ഗ്രൂപ്പിൽ ഭിന്നിപ്പ്. മുതിർന്ന നേതാക്കളും ജില്ലയിലെ വിശ്വസ്തരുമായിരുന്ന നേതാക്കൾ ഉമ്മൻ ചാണ്ടിയോട് അകന്നു. പുനഃസംഘടനയുടെ ഭാഗമായി ഉയർന്ന ഗ്രൂപ്പിലെ തർക്കം ഇപ്പോൾ മറനീക്കി പുറത്തുവന്നു. ഉമ്മൻ ചാണ്ടി വരുമ്പോഴെല്ലാം കൂടെ കൂടുന്ന നേതാക്കൾ കഴിഞ്ഞ ദിവസങ്ങളിൽ ജില്ലയിലുണ്ടായിരുന്ന ഉമ്മൻ ചാണ്ടിയെ കാണാൻ തിരിഞ്ഞുനോക്കിയില്ല.
പുത്തൂരിൽ ഹെലികോപ്ടർ ദുരന്തത്തിൽ മരിച്ച സൈനികൻ പ്രദീപിെൻറ വീട്ടിൽ മരണവിവരമറിഞ്ഞ് സംസ്കാര ചടങ്ങുകൾ പൂർത്തിയാകുവോളവും മുഴുവൻ സമയവും മന്ത്രിമാർക്കൊപ്പവും ചെലവഴിച്ച ജനപ്രതിനിധി കൂടിയായ ഗ്രൂപ് നേതാവും മുൻ ഡി.സി.സി പ്രസിഡൻറ് കൂടിയായ നേതാവുമടക്കം പ്രദേശത്ത് ഉണ്ടായിട്ടും ഉമ്മൻ ചാണ്ടി എത്തിയപ്പോൾ വന്നില്ല. വർഷങ്ങളായി ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തരായിരുന്നവരാണ് മറുകണ്ടം ചാടിയത്.
തെരഞ്ഞെടുപ്പ് സമയത്ത് സ്ഥാനാർഥി നിർണയത്തിലും കെ.പി.സി.സി ഭാരവാഹി, ഡി.സി.സി പ്രസിഡൻറ് നിയമനങ്ങളിലും ഉമ്മൻ ചാണ്ടിയെടുത്ത നിലപാടിലെ വിയോജിപ്പാണ് അകലാൻ കാരണമായി ഇവർ ചൂണ്ടിക്കാണിക്കുന്നത്. കടുത്ത അവഗണനയാണ് തങ്ങളോട് കാണിച്ചതെന്ന് ഇവർ കുറ്റപ്പെടുത്തുന്നു. സോളാർ കേസിൽ കടുത്ത ആരോപണ പ്രതിസന്ധിയിലായ നേരത്തും കൂടെ നിന്ന് സെൽഫിയെടുത്ത യുവനേതാവടക്കം ഉമ്മൻ ചാണ്ടി പക്ഷത്തുനിന്ന് അകന്നവരിലുണ്ട്.
സൈനികൻ പ്രദീപിെൻറ വീട്ടിലും സപ്തതിയാഘോഷിക്കുന്ന തൃശൂർ അതിരൂപത ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്തിന് ആശംസകളറിയിക്കാനുമാണ് രണ്ടുതവണയായി ഉമ്മൻ ചാണ്ടി ജില്ലയിലെത്തിയത്. ഡി.സി.സി പ്രസിഡൻറ് ജോസ് വള്ളൂരിനെയും സനീഷ് കുമാർ ജോസഫ് എം.എൽ.എയെയും കൂടാതെ ഗ്രൂപ് നേതാക്കളായ പി.എ. മാധവൻ, ജോൺ ഡാനിയേൽ, രാജേന്ദ്രൻ അരങ്ങത്ത് എന്നിവരും യൂത്ത് കോൺഗ്രസ് നേതാവ് ശോഭ സുബിനും കെ.എസ്.യു ജില്ല പ്രസിഡൻറ് മിഥുൻ മോഹനുമാണ് ഉണ്ടായിരുന്നത്.
ഉമ്മൻ ചാണ്ടി എത്തുന്നത് വിശ്വസ്തരെ അറിയിച്ചിരുന്നുവെങ്കിലും വരുന്നില്ലെന്ന് അറിയിക്കുകയായിരുന്നു. അതേസമയം, വി.എം. സുധീരനടക്കമുള്ള നേതാക്കൾ പങ്കെടുത്ത ജനജാഗരൺ യാത്രയിലും മറ്റു പരിപാടികളിലുമടക്കം ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തരായിരുന്ന നേതാക്കൾ സജീവമായിരുന്നു.
ഉമ്മൻ ചാണ്ടിയോട് അകന്നവർ കെ.സി. വേണുഗോപാൽ വിഭാഗത്തിനൊപ്പമാണ് സഹകരിക്കുന്നതെന്നാണ് പറയുന്നത്. നേരത്തേ ഐ ഗ്രൂപ്പിനെ പിളർത്തി കഷണങ്ങളാക്കിയിരുന്നപ്പോഴും എ ഗ്രൂപ് ശക്തമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.