പരിഷ്കരണത്തുക വകയിരുത്തുന്നില്ല; താളംതെറ്റി ജവഹർ ബാലഭവനുകളിലെ ശമ്പള വിതരണം

തൃശൂർ: ഒരു ഉറപ്പുമില്ലാതെയാണ് സാംസ്കാരിക വകുപ്പിന് കീഴിലെ ജവഹർ ബാലഭവനുകളിലെ ശമ്പളവിതരണം. പ്രതിവർഷം മൂന്ന് ഗഡുക്കളായി അനുവദിക്കുന്ന തുക വർഷങ്ങളായി ശമ്പളവിതരണത്തിന് മതിയാകാറില്ല. കൊല്ലം ജില്ലയിൽ അഞ്ചുമാസവും തൃശൂരിൽ രണ്ടുമാസവും ശമ്പളം മുടങ്ങി.

അനുവദിച്ച ഗ്രാന്റിൽനിന്ന് അടുത്ത മാർച്ച് വരെയുള്ള തുക വിനിയോഗിച്ചതിനാൽ വരുംമാസങ്ങളിൽ എങ്ങനെ ശമ്പളം നൽകുമെന്നതിൽ ഒരുനിശ്ചയവും ബാലഭവനുകൾക്കില്ല. സംസ്ഥാനത്ത് അഞ്ച് ജില്ലയിലാണ് കുറഞ്ഞ ചെലവിൽ സംഗീതവും നൃത്തവും ഉൾപ്പെടെ വിവിധ വിഷയങ്ങൾ അഭ്യസിപ്പിക്കുന്ന സ്ഥാപനങ്ങളായ ജവഹർ ബാലഭവനുകൾ പ്രവർത്തിക്കുന്നത്. എഴുപതോളം സ്ഥിരം ജീവനക്കാർ മാത്രമാണ് ആകെയുള്ളത്.

2017ൽ ജീവനക്കാരുടെ ശമ്പളപരിഷ്കരണം വന്നതോടെയാണ് പ്രതിസന്ധി ഉടലെടുത്തത്. ശമ്പളം കൂടിയെങ്കിലും വർധിപ്പിച്ച തുക ബജറ്റിൽ വകയിരുത്താത്തതാണ് കാരണം. അതിനാൽ ഗഡുക്കളായി അനുവദിക്കുന്ന തുക കൂടിയില്ല. ഈ അവസ്ഥയുടെ ആശങ്ക തുടരുകയാണ്. ഓരോ വർഷവും അധിക തുകക്ക് സർക്കാറിൽ സമ്മർദം ചെലുത്തേണ്ട ഗതികേടിലാണ് ജീവനക്കാർ.

കഴിഞ്ഞ ഓണക്കാലത്ത് ശമ്പളം മുടങ്ങിയതിനാൽ തൃശൂരിലെ ബാലഭവനിലെ ജീവനക്കാർ സമരത്തിലായിരുന്നു. തുടർന്നാണ് മുടങ്ങിയ നാലുമാസത്തെ ശമ്പളത്തിന് തുക സർക്കാർ അനുവദിച്ചത്.

ഇതോടെ ഈ വർഷത്തെ സർക്കാറിന്റെ ഔദ്യോഗിക നീക്കിയിരിപ്പ് പൂർത്തിയാക്കി. ഇനി 2023 മാർച്ചിലാണ് അടുത്ത ഗഡു ലഭിക്കുക. ധനപരമായ ഈ അനിശ്ചിതാവസ്ഥ മറികടക്കാൻ ജീവനക്കാരുടെ സംഘടന ജനപ്രതിനിധികളിൽ സമ്മർദം ചെലുത്തുന്നുണ്ട്. ജീവനക്കാരുടെ ശമ്പളത്തിന് ആനുപാതികമായ തുക വകയിരുത്തണമെന്നാണ് ഇവരുടെ ആവശ്യം.

ജീവനക്കാരുടെ ശമ്പളവിതരണത്തിന് തുക അനുവദിക്കുന്നത് സംബന്ധിച്ച് സർക്കാറിന് എഴുതിയിട്ടുണ്ടെന്നും ഇനി സർക്കാറാണ് തീരുമാനിക്കേണ്ടതെന്ന് തൃശൂരിലെ ബാലഭവന്റെ ചുമതലയുള്ള എക്സിക്യൂട്ടിവ് ഡയറക്ടർ മുഹമ്മദ് റിയാസ് 'മാധ്യമ'ത്തോട് പറഞ്ഞു. പ്രതിവർഷം ഒന്നര കോടി രൂപ ബജറ്റിൽ വകയിരുത്തിയാൽ ശമ്പളപരിഷ്കരണം മൂലമുണ്ടായ മുഴുവൻ പ്രതിസന്ധിയും പരിഹരിക്കാനാകും.

Tags:    
News Summary - Salary disbursement in Jawahar Balabhavans is out of order

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.