തൃശൂർ: നഴ്സുമാരുടെ ശമ്പള വർധനവിൽ സ്വകാര്യ ആശുപത്രി മാനേജ്മെന്റിന് കാരണം കാണിക്കൽ നോട്ടീസുമായി കേരള പ്രൈവറ്റ് ഹോസ്പിറ്റൽസ് അസോസിയേഷൻ. ശമ്പളവർധന ആദ്യമായി അംഗീകരിച്ച തൃശൂർ സൺ ആശുപത്രിക്കാണ് നോട്ടീസ്.വ്യക്തിഗത കരാറിൽ ഏർപ്പെടരുതെന്ന കെ.പി.എച്ച്.എ നിബന്ധന പാലിച്ചില്ലെന്നും അസോസിയേഷന്റെ അനുമതിയില്ലാതെ യു.എൻ.എയുമായി ചർച്ച നടത്തിയെന്നും നോട്ടീസിൽ പറയുന്നു.
സൺ ആശുപത്രിയെടുത്ത നിലപാട് കൊണ്ട് മറ്റ് ആശുപത്രികളിലും വേതന വർധന വേണ്ടി വന്നുവെന്നും അസോസിയേഷൻ താൽപര്യം സംരക്ഷിച്ചില്ലെന്നും നോട്ടീസിൽ കുറ്റപ്പെടുത്തുന്നു. ഈ മാസം 20നകം വിശദീകരണം നൽകണമെന്നാണ് ആവശ്യം.
ഇക്കഴിഞ്ഞ 11മുതലായിരുന്നു യു.എൻ.എ ജില്ലയിൽ 72 മണിക്കൂർ സമരം പ്രഖ്യാപിച്ചത്. ചട്ടപ്രകാരം മാസങ്ങൾക്ക് മുമ്പ് നോട്ടീസ് നൽകിയായിരുന്നു സമരം. സമരത്തിനെതിരെ ആശുപത്രി മാനേജ്മെന്റ് അസോസിയേഷൻ ഹൈകോടതിയെ സമീപിച്ചെങ്കിലും ഹരജി തള്ളിയിരുന്നു. ആദ്യം ചർച്ച നടത്തി ശമ്പളവർധനവിൽ തീരുമാനമെടുത്തിരുന്നത് സൺ ആശുപത്രിയായിരുന്നു.
സമരത്തിന്റെ രണ്ടാംനാളിൽ ജില്ലയിലെ മുഴുവൻ ആശുപത്രികളും ശമ്പളവർധന പ്രഖ്യാപിച്ചിരുന്നു. വേതന വർധന നഴ്സുമാർ അർഹിക്കുന്നുവെന്ന് കാരണം കാണിക്കൽ നോട്ടീസുമായി ബന്ധപ്പെട്ട് സൺ ആശുപത്രി മാനേജ്മെന്റ് പ്രതികരിച്ചു. വേതന വർധന നടപ്പാക്കിയത് സമരം ഒഴിവാക്കാനാണെന്നും രോഗികളെ ബാധിക്കാതിരിക്കാനാണ് യു.എൻ.എയുമായി ചർച്ച നടത്തിയതെന്നും ആശുപത്രി മാനേജ്മെന്റ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.